ആദിവാസി വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Update: 2022-05-28 19:28 GMT

പത്തനംതിട്ട: വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. പത്തനംതിട്ട ഗവി ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വനിതാ വാച്ചറായ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പെരിയാര്‍ കടുവ സങ്കേത്തിലെ ഗവി സ്‌റ്റേഷന്‍ ഓഫിസിലായിരുന്നു സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ മനോജ് ടി മാത്യുവിനെയാണ് സസ്‌പെന്റ് ചെയ്തത്. വനിതാ വാച്ചറുടെ പരാതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പ് മേധാവിയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വനിതാ വാച്ചര്‍ സഹപ്രവര്‍ത്തകനായ വാച്ചര്‍ക്കൊപ്പം ഭക്ഷണമുണ്ടാക്കുകയായിരുന്നു. ഈ സമയം അടുക്കളയിലെത്തിയ മനോജ് ടി മാത്യു സാധനങ്ങളെടുത്തു നല്‍കാമെന്ന് പറഞ്ഞ് വനിതാ വാച്ചറെ സ്‌റ്റോര്‍ റൂമിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വാച്ചര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് സെക്ഷന്‍ ഫോറന്റ് ഓഫിസര്‍ അടക്കമുള്ളവരെത്തിയാണ് യുവതിയെ രക്ഷിച്ചത്. വനിതാ വാച്ചറുടെ പരാതിയില്‍ പെരിയാര്‍ റെയ്ഞ്ച് ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് റിപോര്‍ട്ട് നല്‍കി. മൂഴിയാര്‍ പോലിസും കേസെടുത്ത് അന്വേഷണം തുടങ്ങി. പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News