സ്കൂൾ- കോളജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: സംഘത്തിലെ പ്രധാനി പിടിയിൽ
മുമ്പ് എക്സൈസ്, പോലിസ് കേസുകളിൽ പിടിയിലായിട്ടുള്ള ഇയാൾ കോടതിയിൽ നിന്നും വാറന്റുള്ളതിനാൽ ഒളിവിൽ കഴിഞ്ഞാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്.
അടൂർ: സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി അടൂരിൽ ഷാഡോ പോലിസിന്റെ പിടിയിൽ. പഴകുളം പൊൻമനയിൽ കിഴക്കേതിൽ ലൈജു(24) വാണ് പിടിയിലായത്.
മുമ്പ് എക്സൈസ്, പോലിസ് കേസുകളിൽ പിടിയിലായിട്ടുള്ള ഇയാൾ കോടതിയിൽ നിന്നും വാറന്റുള്ളതിനാൽ ഒളിവിൽ കഴിഞ്ഞാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. പോലിസ് പിടിക്കാതിരിക്കാൻ കൈപ്പട്ടൂർ, ചന്ദനപ്പള്ളി, കൂടൽ എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച ശേഷം അടൂർ മണക്കാലയ്ക്ക് സമീപം ഉൾപ്രദേശത്ത് വാടകവീടെടുത്ത് തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിച്ചാണ് ഏജന്റുമാർ വഴി ആവശ്യക്കാരായ വിദ്യാർഥികൾക്കും മറ്റും എത്തിച്ചിരുന്നത്. കോളജുകൾക്ക് സമീപമുള്ള വീടുകളാണ് ഇയാൾ കഞ്ചാവ് കച്ചവടത്തിനായി ഉപയോഗിച്ചിരുന്നത്. ഇയാളുടെ ഏജന്റുമാർക്കായി പോലിസ് അന്വേഷണം ഊർജിതമാക്കി.
പത്തനംതിട്ട ജില്ലയിൽ ലഹരിപദാർത്ഥങ്ങൾ വ്യാപകമായി വിപണനം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ പോലിസ് മേധാവി ഷാഡോ പോലിസിന്റേയും ലോക്കൽ പോലിസിന്റെയും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം റാന്നിയിൽ ഒന്നര കിലോ കഞ്ചാവുമായി ഹോട്ടലുടമയെ പിടികൂടിയിരുന്നു.