കോടതികളുടെ ഫാഷിസ്റ്റ് വിധികള്‍ സമൂഹത്തെ ശിഥിലീകരിക്കും: അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ഖാസിമി
പത്തനംതിട്ട: കോടതികളുടെ ഫാഷിസ്റ്റ് വിധികള്‍ സമൂഹത്തെ ശിഥിലീകരിക്കുമെന്നും അത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ഖാസിമി. ഭരണഘടന അനുവദിച്ചുതന്നിട്ടുള്ള മുഴുവന്‍ അവകാശങ്ങളും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും സംരക്ഷിച്ചുനല്‍കുക എന്ന വളരെ വലിയ ഉത്തരവാദിത്തമാണ് കോടതികള്‍ നിര്‍വഹിക്കേണ്ടത്. ഞങ്ങളുടെ പൂര്‍വികര്‍ പോരാടിത്തന്ന സ്വാതന്ത്ര്യം ഒരു ഫാഷിസ്റ്റ് ശക്തികളുടെ മുന്നിലും അടിയറവുവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഹിജാബ് മൗലിക അവകാശം അടിയറവ് വയ്ക്കില്ല' എന്ന പ്രമേയത്തില്‍ മുസ്‌ലിം ഏകോപന സമിതി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്ര സംഘടന മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ഏകരാജ്യമെന്ന നാണംകെട്ട ബഹുമതി നേടിയിരിക്കുകയാണ് നമ്മുടെ രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണാധികാരികളെന്ന് ആമുഖപ്രഭാഷണം നടത്തിയ കുലശേഖരപതി ജമാഅത്ത് ചീഫ് ഇമാം സ്വാലിഹ് മൗലവി അല്‍ഖാസിമി പറഞ്ഞു. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ ഉയര്‍ത്തിപ്പിടിച്ച മതേതരത്വവും നാനാത്വത്തില്‍ ഏകത്വവും തകര്‍ക്കാനുള്ള അജണ്ടകള്‍ നടപ്പാക്കുന്ന തിരക്കിലാണ് ആര്‍എസ്എസ്സും ഭരണകൂടവും.
രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനതയും ഇതിനെതിരേ രംഗത്തുവരണം. അല്ലാത്തപക്ഷം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അശാന്തിയുടെയും നാളുകളായിരിക്കും വരാന്‍ പോവുന്നത്. ഇത് മുഴുവന്‍ ജനങ്ങളുടെയും സമാധാനക്കേടിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട അബാന്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി നഗരം ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു.
എസ് സജീവ് പഴകുളം, യൂസഫ് മോളൂട്ടി, ഷാജി ആലപ്ര, അനീബ് മൗലവി, കാട്ടൂര്‍ പുത്തന്‍പള്ളി ഇമാം അബ്ദുല്‍ ഖാദര്‍ മൗലവി, പാറല്‍ ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ സമീഹ് മൗലവി, സാജിദ് മൗലവി, അബ്ദുല്‍ റഷീദ് മൗലവി, വലഞ്ചുഴി ജമാഅത്ത് ഇമാം അബ്ദുല്‍ ഹാദി മൗലവി, വെട്ടിപ്രം ജുമാ മസ്ജിദ് ഇമാം ഹാറൂണ്‍ മൗലവി സാലി നാരങ്ങാനം, ഇസ്മായില്‍, അഫ്‌സല്‍ പത്തനംതിട്ട, വിവിധ മഹല്ല് ഇമാമീങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, മഹല്ല് ഭാരവാഹികള്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.