ഗണേശോത്സവത്തിന്റെ മറവില്‍ വയോധികയേയും കുടുംബത്തെയും അക്രമിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കും: എസ്ഡിപിഐ

Update: 2024-10-04 18:03 GMT

പത്തനംതിട്ട: പന്തളത്ത് ഗണേശോത്സവത്തിന്റെ മറവില്‍ വയോധികയേയും കുടുംബത്തെയും ആര്‍എസ്എസ് ക്രിമിനലുകള്‍ അക്രമിച്ച സംഭവത്തില്‍ പോലിസ് തുടരുന്ന നീതിനിഷേധം ഗൗരവതരമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പോലിസ് പിടികൂടിയിട്ടില്ല. പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും വധശ്രമം, ജുവനൈല്‍ ആക്ട് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗുരുതരമായി പരിക്കേറ്റ സുബൈദ ബീവിയും ചെറുമകന്റെ രണ്ട് വയസുള്ള കുട്ടിയും ഐസിയുവില്‍ ചികിത്സയിലാണ്.

ഗണേശോത്സവത്തിന്റെ മറവില്‍ സംഘപരിവാര്‍ നടത്തിയത് ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമമാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30ഓടെ മുട്ടാര്‍ പാലത്തിന് സമീപം സുബൈദ ബീവിയും കുടുംബവും സഞ്ചരിച്ച കാര്‍ ആര്‍എസ്എസ്- എബിവിപി ക്രിമിനലുകള്‍ തടഞ്ഞുനിര്‍ത്തി മാരകമായി ആക്രമിക്കുകയും സുബൈദ ബീവിയെ കൈ പിടിച്ചുവലിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു. ഇവരുടെ ഇരു കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കാര്‍ ഓടിക്കുകയായിരുന്ന സുബൈദ ബീവിയുടെ ചെറുമകന്‍ റിയാസ് (32), ഭാര്യ അല്‍ഷിഫ(24), മകള്‍ അസ്‌വ(2) എന്നിവരെ അക്രമികള്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. അപ്രതീക്ഷിതമായ ആക്രമണത്തിന്റെ ഭീതിയില്‍ നിന്നും കുടുംബം ഇതുവരെയും മോചിതരായിട്ടില്ല.

നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയും ചെയ്യുന്ന ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ നീതീകരിക്കാനാവില്ല. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടും പോലിസ് തുടരുന്ന അലംഭാവം സംശയാസ്പദമാണ്. ഇത് പോലിസ് - സംഘപരിവാര്‍ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണ് . നാടിന്റെ സമാധാനന്തരീക്ഷം തകര്‍ത്തുകൊണ്ട് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ അനുകൂലികള്‍ നാട്ടില്‍ അഴിഞ്ഞാട്ടം നടത്തുന്നത്. ഇതിനെതിരെ നിയമപാലകര്‍ കര്‍ശന നടപടി സ്വീകരിക്കുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. കുടുംബത്തെ മര്‍ദ്ദിച്ച ആര്‍എസ്എസ് എബിവിപി ക്രിമിനലുകളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമപരമായ നടപടികള്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സംഘപരിവാര്‍ അക്രമിക്കൂട്ടങ്ങളെ നിലക്ക് നിര്‍ത്താന്‍ പോലിസ് തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News