മലമ്പണ്ടാര വിഭാഗത്തിലെ 40 കുടുംബങ്ങള്‍ക്ക് നാല് ഹെക്ടര്‍ വീതം ഭൂമി നല്‍കും
പത്തനംതിട്ട: ളാഹ മുതല്‍ മൂഴിയാര്‍ വരെയുള്ള വനമേഖലയില്‍ കഴിയുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട 40 കുടുംബങ്ങള്‍ക്ക് ളാഹ മഞ്ഞത്തോട്ടില്‍ നാല് ഹെക്ടര്‍ വീതം ഭൂമിയില്‍ അവകാശം രേഖപ്പെടുത്തി നല്‍കുന്നതിന് തീരുമാനമായി. ജില്ലാ കലക്ടര്‍ പിബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന റവന്യു, വനം, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് ഭൂമി നല്‍കാന്‍ തീരുമാനമായത്.
വനാവകാശ നിയമപ്രകാരം വ്യക്തിഗത അവകാശം സ്ഥാപിച്ചു നല്‍കുന്നതിനായി ളാഹ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപമുള്ള മഞ്ഞത്തോട് പ്രദേശത്തെ രാജാമ്പാറ റിസര്‍വ് അക്കേഷ്യ പ്ലാന്റേഷന്‍സില്‍ ഉള്‍പ്പെട്ട വനഭൂമി കണ്ടെത്തിയിരുന്നു.
ആദിവാസി വിഭാഗത്തിന് കാലങ്ങളായി നിഷേധിക്കപ്പെട്ട വനഭൂമിയിലും വനവിഭവങ്ങള്‍ക്കു മേലുള്ള അവരുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി അവകാശികളായ 40 കുടുംബങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് അവകാശ നിര്‍ണയ സമിതി ഗ്രാമസഭയില്‍ അവതരിപ്പിച്ച് തീരുമാനങ്ങള്‍ എഴുതി രേഖപ്പെടുത്തി സബ്ഡിവിഷനല്‍ സമിതിക്ക് ജൂലൈ 15ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. നിര്‍ദിഷ്ട സ്ഥലത്ത് ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, പൊതു ആവശ്യങ്ങളായ കമ്യൂണിറ്റി ഹാള്‍, ശ്മശാനം തുടങ്ങിയവയ്ക്കും കൃഷി ആവശ്യത്തിനും പ്രത്യേകമായി തിരിച്ച് സ്‌കെച്ച് തയാറാക്കാനും ഉചിതമായ അന്വേഷണങ്ങള്‍ക്ക് ശേഷം തീരുമാനമെടുത്ത് ജില്ലാ സമിതിക്ക് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ വി ജയമോഹന്‍, റാന്നി ഡിഎഫ്ഒ എം ഉണ്ണികൃഷ്ണന്‍, എഡിസിഎഫ് കോന്നി സാംബുദ്ധ മജുംദാര്‍, റാന്നി ടിഇഒ പി അജി, കോന്നി ഡെപ്യൂട്ടി ആര്‍എഫ്ഒ എസ് ശശീന്ദ്രകുമാര്‍, റാന്നി ടിഡിഒ വിആര്‍ മധു, എസ്റ്റി പ്രമോട്ടര്‍ കെ ഡി രതീഷ് പങ്കെടുത്തു.