പത്തനംതിട്ട ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ നിര്‍ദേശം
വയനാട്ടില്‍ ക്ലാസ് മുറിയില്‍ നിന്നും വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്തനംതിട്ട: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും സുരക്ഷ പരിശോധന നടത്തി ഈ മാസം 25ന് വൈകിട്ട് അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വയനാട്ടില്‍ ക്ലാസ് മുറിയില്‍ നിന്നും വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകരുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തണം. സ്‌കൂളുകളില്‍ പാമ്പിന്റെയോ മറ്റ് ജന്തുകളുടെയോ ശല്യമെല്ലെന്ന് ഉറപ്പ് വരുത്തുക, ക്ലാസ് മുറികളും മേല്‍ക്കൂരയും അപകടകരമല്ലാത്ത അവസ്ഥയിലാണ് നില നിലകൊള്ളുന്നത് എന്ന് ഉറപ്പാക്കുക, സ്‌കൂള്‍ പരിസരം വൃത്തിയാണോ എന്ന് പരിശോധിക്കുക, കുട്ടികള്‍ക്ക് ശുദ്ധജലം ലഭ്യമാകുന്നുണ്ട് എന്ന് സ്ഥിരീകരിക്കുക, സ്‌കൂളുകളില്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന മറ്റ് അപകടകരമായ അവസ്ഥകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങുന്നതാകണം റിപ്പോര്‍ട്ട് എന്നും ജില്ലാ കലക്ടര്‍ നിര്‍ദേശത്തില്‍ പറയുന്നു.
ജില്ലയിലെ എല്ലാ അംഗന്‍വാടികളിലും മതിയായ സുരക്ഷയും അനുബന്ധ ക്രമീകരണങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് വനിതാ-ശിശു വികസന വകുപ്പിനും കലക്ടര്‍ നിര്‍ദേശം നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ അതത് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്തണമെന്നും അറ്റകുറ്റപണികള്‍ ആവശ്യമായ സ്‌കൂളുകള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണി ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും ഡിഎംഒ അടങ്ങുന്ന സംഘം പരിശോധിച്ച് ആവശ്യമായ സജ്ജീകരണങ്ങള്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് കലക്ടര്‍ നിര്‍ദ്ദേശിച്ചുണ്ട്.