ഭൂഗര്‍ഭ അറയില്‍ അങ്കണവാടി: ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

ഏഴു കുട്ടികള്‍ വൈദ്യുതി വെട്ടത്തില്‍ വൈകുന്നേരം വരെ ചിലവഴിക്കുന്നു. വൃത്തിഹീനമായി സാഹചര്യത്തില്‍ അങ്കണവാടി വൈദ്യുതി പോയാല്‍ ഇരുട്ടിലാവും.

Update: 2019-02-11 11:04 GMT

തിരുവനന്തപുരം: ഭൂഗര്‍ഭ അറയില്‍ അങ്കണവാടി പ്രവര്‍ത്തിപ്പിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സുരേഷ് സാമൂഹികനീതി വകുപ്പിനോട് റിപോര്‍ട്ട് തേടി. പാറശ്ശാല നടുത്തോട്ടം വാര്‍ഡിലെ 180ാം നമ്പര്‍ അങ്കണവാടി കാറ്റും വെളിച്ചവും കടക്കാത്ത ഭൂഗര്‍ഭ അറയില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ത്തിക്കുന്നതായാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.

ഏഴു കുട്ടികള്‍ വൈദ്യുതി വെട്ടത്തില്‍ വൈകുന്നേരം വരെ ചിലവഴിക്കുന്നതായി പരാമര്‍ശിച്ചിരുന്നു. വൃത്തിഹീനമായി സാഹചര്യത്തില്‍ അങ്കണവാടി വൈദ്യുതി പോയാല്‍ ഇരുട്ടിലാവും. സാമൂഹിക നീതി വകുപ്പില്‍ നിന്നും മാസം 700 രൂപയാണ് വാടക ലഭിക്കുന്നത്. ഈ തുകയ്ക്ക് നല്ല കെട്ടിടം ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. പൊടിയും മാലിന്യവും നിറഞ്ഞ് അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ഇരജന്തുക്കളുടെ ശല്യവുമേറെയാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് താഴെ ഈ മുറിക്കു സമീപത്തുള്ള ഗോഡൗണില്‍ പൊതുവിതരണ വകുപ്പ് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് അങ്കണവാടിയുടെ വിവരം പൊതുശ്രദ്ധയില്‍പ്പെട്ടത്.

നേമം ഗവ. യുപി സ്‌കൂളിലെ കുട്ടികള്‍ ദേശീയപാത കുറുകെ കടക്കാന്‍ നിര്‍മിച്ച സബ്‌വേയുടെ ഗ്രില്ലുകള്‍ അക്രമികള്‍ തകര്‍ത്ത സംഭവത്തിലും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അഞ്ചു ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് സ്‌കൂളിനു നേരെ ആക്രമണമുണ്ടായത്. നേരത്തെ സ്‌കൂളിലെ മള്‍ട്ടിമീഡിയ മുറിയുടെ ചില്ലുകള്‍ തകര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ കാലില്‍ കുപ്പിച്ചില്ല് കൊണ്ട് പരിക്കേറ്റിരുന്നു.

Tags:    

Similar News