വിഷുദിനത്തില്‍ മൂന്നുപേർക്ക് പുതുജീവിതമേകി കവിത യാത്രയായി...
കവിതയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും നല്‍കുകയായിരുന്നു.
തിരുവനന്തപുരം: വിഷുദിനത്തില്‍ നടന്ന അവയവദാനത്തില്‍ ഹോംനഴ്സായ അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ ശ്രുതിയും സ്വാതിയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് മൂന്നുപേരുടെ ജീവിതത്തിന് നിറം പകര്‍ന്നു.
കൊല്ലം കിളികൊല്ലൂര്‍ മുസ്ലിയാര്‍ നഗര്‍ 75 പുതുവയലില്‍വീട്ടില്‍ ബി കവിത(48)യുടെ അവയവങ്ങളാണ് ഇന്ന് മൂന്നുപേര്‍ക്ക് ദാനം ചെയ്തത്. കോയമ്പത്തൂരില്‍ ഹോംനഴ്സായി ജോലി ചെയ്തുവരികയായിരുന്ന കവിത വീട്ടിലെ കുളിമുറിയില്‍ കാലവഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കവിതയെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിൽസയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യനില വഷളാവുകയായിരുന്നു.
മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ മരണാനന്തര അവയവദാന നോഡല്‍ ഏജന്‍സിയായ കെഎന്‍ഒഎസിന്‍റെ (മൃതസഞ്ജീവനി) നേതൃത്വത്തില്‍ അവയവദാനത്തെക്കുറിച്ച് കവിതയുടെ മക്കളായ ശ്രുതിയോടും സ്വാതിയോടും മറ്റ് ബന്ധുക്കളോടും സംസാരിച്ചു. അവര്‍ യാതൊരു വിസമ്മതവും പ്രകടിപ്പിക്കാതെ സമ്മതംമൂളുകയുമായിരുന്നു. തുടര്‍ന്ന് കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്കും ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിക്കും നല്‍കുകയായിരുന്നു. രോഗികളുടെ പരിചരണത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച അമ്മയ്ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു ശ്രുതിയും സ്വാതിയും മറ്റ് കുടുംബാംഗങ്ങളും സ്വീകരിച്ചത്.