എസ്എടിയിൽ യുവതി മരിച്ച സംഭവം: മെഡിക്കൽ കോളജ് വൈസ് പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ മൂന്നംഗസംഘം അന്വേഷിക്കും

കന്യാകുമാരി ഫാത്തിമാനഗര്‍ ലിറ്റില്‍ ഫ്ളവര്‍ഹൗസ് പുഷ്പഗിരി (2/216)യില്‍ വിജുവിന്‍റെ ഭാര്യ സ്നേഹാറാണി ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചികിൽസയിലെ അപാകതയാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു.

Update: 2019-04-05 15:34 GMT

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ ചികിൽസയിലായിരുന്ന യുവതിയുടെ മരണത്തെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കും. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറാബീഗം, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നിര്‍മ്മല, ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല എന്നിവരാണ് സംഘത്തിലുള്ളത്. കന്യാകുമാരി ഫാത്തിമാനഗര്‍ ലിറ്റില്‍ ഫ്ളവര്‍ഹൗസ് പുഷ്പഗിരി (2/216)യില്‍ വിജുവിന്‍റെ ഭാര്യ സ്നേഹാറാണി (30) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

ഗർഭത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കഴിഞ്ഞമാസം 9ന് യുവതി ആശുപത്രിയിലെത്തുന്നത്. ഹോർമോൺ പരിശോധനയിൽ ഗർഭമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ സ്കാനിങ് പരിശോധനയില്‍ വെസിക്കുലാര്‍ മോള്‍ എന്ന ഗര്‍ഭം പോലുള്ള അവസ്ഥയാണെന്ന് മനസിലാക്കി ഡി ആന്റ് സി ചെയ്തു. എന്നാൽ വീണ്ടും ഹോർമോൺ പരിശോധന നടത്തിയപ്പോഴും ഹോർമോണിന്റെ അളവിൽ വ്യത്യാസമൊന്നും കണ്ടെത്താനായില്ല. തുടർന്ന് ട്യൂബൽ പ്രഗ്നൻസി ഉണ്ടോയെന്ന പരിശോധിച്ച് ട്യൂബിലാണ് ഗർഭമെന്ന് കണ്ടെത്തി. എന്നാൽ അതിൽ നിന്നും രക്തസ്രാവമുണ്ടായി.

വ്യാഴാഴ്ച രാവിലെ സ്കാൻ ചെയ്ത് രക്തസ്രാവമുണ്ടെന്ന കണ്ടെത്തലിൽ ബന്ധുക്കളോട് ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും ബന്ധുക്കളോടു പറഞ്ഞു. രാത്രിയിൽ വീണ്ടും സ്കാൻ ചെയ്തപ്പോഴും രക്തസ്രാവത്തിന്റെ അളവ് കൂടുന്നതായി മനസിലായി. തുടർന്ന് രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയാ വേളയിൽ രക്തം നല്‍കവെ യുവതിക്ക് പള്‍സ് കുറയുകയും ഹൃദയസ്തംഭനമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിൽസ ലഭ്യമാക്കി അപകടനില തരണം ചെയ്തെങ്കിലും ഇന്നുരാവിലെ വീണ്ടും ശക്തമായ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിക്കുകയായിരുന്നുവെന്ന് യൂനിറ്റ് മേധാവി ഡോ. ശ്രീലത അറിയിച്ചു. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടതുകൊണ്ടാണ് രാത്രിയിൽ തന്നെ നടത്തിയത്. ആശുപത്രിയില്‍ നല്‍കാവുന്ന ചികിൽസയെല്ലാം നല്‍കിയിട്ടുണ്ട്. എന്നാലും പോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ത്ഥ വസ്തുത കണ്ടെത്തേണ്ടതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണകമ്മീഷന്‍റെ റിപ്പോര്‍ട്ടും കൂടി വരുമ്പോള്‍ മരണകാരണത്തിന് കൂടുതല്‍ വ്യക്തത കൈവരുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു.

ചികിൽസയിലെ അപാകതയാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. 33 ദിവസം മുമ്പാണ് സ്‌നേഹ റാണിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിക്ക് വളര്‍ച്ചയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഗര്‍ഭഛിദ്രം നടത്തേണ്ടിവരുമെന്ന് നേരത്തെ പറഞ്ഞെങ്കിലും ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് ഗര്‍ഭഛിദ്രം നടത്തിയത്. ഇന്ന് രാവിലെ മരണം നടന്നെങ്കിലും വൈകിയാണ് വിവരം അറിയിച്ചത്. മകള്‍ വെള്ളം കുടിച്ചിട്ട് അഞ്ചുദിവസമായി. ഇത്തിരി വെള്ളം താ അമ്മേ എന്ന് മകള്‍ പറഞ്ഞു. എന്നാല്‍, ആശുപത്രി അധികൃതര്‍ നല്‍കാന്‍ അനുവദിച്ചില്ലെന്നും സ്‌നേഹാറാണിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    

Similar News