മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫ് അനുകൂല വോട്ടുകള്‍ വ്യപകമായി വെട്ടാനും അനധികൃത വോട്ടുകള്‍ തിരുകിക്കയറ്റി കയറ്റാനും നീക്കം നടക്കുന്നതായി പരാതി. എല്‍ഡിഎഫ് ഭരണ സമിതി ഉദ്യോഗസ്ഥരെ ഭരണ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ക്രമക്കേട് നടത്താന്‍ നീക്കം നടത്തുന്നത്. വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ അധികൃതര്‍ നടത്തുന്ന ജനാധിപത്യ കശാപ്പിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കാന്‍ വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതി വന്നശേഷം ഏഴാമത്തെ സെക്രട്ടറിയാണ് ഇപ്പോഴുള്ളത്. ക്രമക്കേടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും യുഡിഎഫ് നിയമ നടപടി സ്വീകരിക്കും.
കോണ്‍ഗ്രസ് നേതാക്കളുടെയും മുന്‍ ജനപ്രതിനിധികളുടെയും വോട്ടുകള്‍ വരെ വെട്ടിമാറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. വോട്ടര്‍പ്പട്ടികയില്‍ പേര് നീക്കുന്നതുമായി ബന്ധപ്പെട്ട് ആക്ഷേപത്തിന് വിധേയരായ വോട്ടര്‍മാരില്‍ പലര്‍ക്കും ഗ്രാമപ്പഞ്ചായത്തില്‍ സപ്തംബര്‍ 14ന് ഹാജരാവാന്‍ അറിയിച്ച് കൊണ്ടുള്ള കത്തുകള്‍ ലഭിച്ചത് സപ്തംബര്‍ 25ന് ശേഷമാണ്. ഇങ്ങനെ അറിയിപ്പ് മനപ്പൂര്‍വം വൈകി അയച്ചാണ് ക്രമക്കേട് നടത്തുന്നത്. ഇതുവരെ വോട്ട് ചെയ്യാത്ത ഏതാനും മാസം മുമ്പ് വോട്ടര്‍പട്ടികയില്‍ പേരുള്ള 19 വയസ്സുള്ള കോളജ് വിദ്യാര്‍ഥിനിയുടെ പേര് വരെ വെട്ടാന്‍ ശ്രമിച്ചതായി ആക്ഷേപമുണ്ടെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് കരൂപ്പടന്ന പറഞ്ഞു.
Alleged move to tamper with voter list