ചാലക്കുടിപ്പുഴയിലെ ജലനിരപ്പ്: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചാലക്കുടിപ്പുഴത്തടത്തില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് രണ്ട് ദിവസമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതായും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലുമുള്ളവരെ ദുരിതത്തിലാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനമയച്ചു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറിഎസ് പി രവിയാണ് നിവേദനമയച്ചത്.

Update: 2019-09-07 14:59 GMT

മാള: ചാലക്കുടിപ്പുഴത്തടത്തില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ പുഴയിലെ ജലനിരപ്പ് രണ്ട് ദിവസമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നതായും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലുമുള്ളവരെ ദുരിതത്തിലാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനമയച്ചു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറിഎസ് പി രവിയാണ് നിവേദനമയച്ചത്.

താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറാവുന്ന സ്ഥിതിയാണുള്ളത്. പുഴയിലെ അണക്കെട്ടുകളില്‍ ഏറ്റവും താഴെയുള്ള പെരിങ്ങല്‍ക്കുത്തിലെ സ്പില്‍വേ ഷട്ടറുകളിലൂടെ നിലവില്‍ സെക്കന്റില്‍ രണ്ടുലക്ഷം ലിറ്ററിലധികം വെള്ളം പുഴയിലേക്കെത്തുന്നതായി അറിയുന്നു. തൊട്ടുമുകളിലുള്ള കേരളാ ഷോളയാറില്‍ പൂര്‍ണ്ണസംഭരണശേഷിയുടെ 10 അടിയില്‍ താഴെയാണിപ്പോള്‍ ജലമുള്ളത്. അതിനു മുകളിലുള്ള തമിഴ്‌നാട് ഷോളയാര്‍ നിറഞ്ഞ് അധികജലം കുറേ നാളുകളായി പറമ്പിക്കുളം ഡാമിലേക്ക് തിരിച്ചുവിടുന്നുണ്ട്. നീരാറില്‍ നിന്നുള്ള ജലം കൂടി ടണല്‍ വഴി എത്തുന്ന ഈ ഡാമില്‍ ജലനിരപ്പ് ഇനിയും അരയടി ഉയര്‍ന്നാല്‍ അവിടെ നിന്നും കേരളാഷോളയാറിലേക്കും വെള്ളം തുറക്കേണ്ടിവരും. അങ്ങനെ വന്നാല്‍ കേരളാ ഷോളയാര്‍ വളരെ പെട്ടെന്ന് നിറയുന്ന സാഹചര്യം ഉണ്ടാകും.

ചാലക്കുടിപ്പുഴത്തടത്തില്‍ വലിയ വെള്ളപ്പൊക്കസാദ്ധ്യത ഒഴിവാക്കാന്‍ താഴെ പറയുന്ന നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

1. അടിയന്തിരമായി പെരിങ്ങല്‍ക്കുത്തിലെ രണ്ട് റിവര്‍ സ്ലൂയിസുകള്‍ (ഒന്ന് ഇന്ന് തന്നെയും രണ്ടാമത്തേത് നാളെയും) തുറന്ന് അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുവാന്‍ നിര്‍ദ്ദേശം നല്‍കണം.

2. തുലാവര്‍ഷം കഴിയുന്നതു വരെയും പെരിങ്ങല്‍ക്കുത്തിലെ ജലസംഭരണം 50 ശതമാനത്തിനടുത്ത് നിര്‍ത്താന്‍ ഉത്തരവിടണം.

3. തമിഴ്‌നാട് ഷോളയാറില്‍ ജലനിരപ്പ് 3293 അടിക്ക് മുകളില്‍ നില്‍ക്കുന്നതിനാല്‍ ശക്തമായ മഴ തുടരുന്നിടത്തോളം ദിവസങ്ങളില്‍ അപ്പര്‍ നീരാര്‍ വിയറില്‍ നിന്നും ലോവര്‍ നീരാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട് ഷോളയാറിലേക്ക് വെള്ളം തിരിച്ചുവിടുന്നത് നിര്‍ത്തുവാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടണം.

4. കേരളാഷോളയാറില്‍ മഴക്കാലം കഴിയുന്നതുവരെ ശേഷിയുടെ 80 ശതമാനത്തില്‍ ജലസംഭരണം നിയന്ത്രിക്കണം (നിലവില്‍ 82 ശതമാനം). പിഎപി കരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ ഡാം സേഫ്റ്റി അതോറിറ്റി, താഴെയുള്ള പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സുരക്ഷയെക്കരുതി ഇത്തരത്തില്‍ ഉത്തരവിറക്കുന്നത് നന്നായിരിക്കും.

5. ശക്തമായ മഴ പെയ്യുന്ന ദിനങ്ങളില്‍ ഓരോ അണക്കെട്ടിലേക്കുമുള്ള നീരൊഴുക്കും മഴയുടെ അളവും രണ്ട് മണിക്കൂറില്‍ ഒരിക്കല്‍ കണക്കാക്കാന്‍ ആവശ്യപ്പെടണം. ഇക്കാര്യങ്ങളും അണക്കെട്ടിലെ ജലനിരപ്പ് തുറന്നുവിടുന്ന ജലത്തിന്റെ അളവ് എന്നിവയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും തുടര്‍ച്ചയായി ലഭ്യമാക്കണം.

താങ്കളുടെ അടിയന്തിരമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ചാലക്കുടിപ്പുഴത്തടത്തിലെ ജനങ്ങളെ വലിയ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. റവന്യൂവകുപ്പുമന്ത്രിക്കും

വൈദ്യുതി വകുപ്പുമന്ത്രിക്കും ജലവിഭവവകുപ്പുമന്ത്രിക്കും തൃശ്ശൂര്‍

ജില്ലാ കളക്ടര്‍ക്കും എറണാകുളം ജില്ലാ കളക്ടര്‍ക്കും ചാലക്കുടിപ്പുഴത്തടത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും പകര്‍പ്പയച്ചിട്ടുള്ളതായി എസ് പി രവി അറിയിച്ചു. 

Tags:    

Similar News