മാള ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ കേസ്

കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്തെടുത്ത തീരുമാനം നടപ്പിലാക്കാത്തതിനെ തുടര്‍ന്നുണ്ടായ ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ചയാണ് കോടതിയലക്ഷ്യ കേസിന് വഴിയൊരുക്കിയത്.

Update: 2022-08-29 18:26 GMT

മാള: മാള ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ കേസ്. കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്തെടുത്ത തീരുമാനം നടപ്പിലാക്കാത്തതിനെ തുടര്‍ന്നുണ്ടായ ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ചയാണ് കോടതിയലക്ഷ്യ കേസിന് വഴിയൊരുക്കിയത്. മാളച്ചാലില്‍ ഉപ്പ് കയറുന്നത് തടഞ്ഞ് പൂര്‍ണമായും ശുദ്ധജല തടാകമാക്കി മാറ്റാനും മഴ വെള്ളം ഒഴുകി പോകാത്തതിനാല്‍ മാള കാര്‍മ്മല്‍ കേളേജിന്റെ താഴെയുള്ള പ്രദേശം മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ്, ഗംഗ തീയ്യറ്റര്‍ പരിസരം തുടങ്ങി കെ കെ റോഡിലും കെഎസ്ആര്‍ടിസി പരിസരം വരെയുള്ള പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുമായി മാള കെഎസ്ആര്‍ടിസിക്ക് സമീപമുള്ള പാലത്തിനടിയിലൂടെ കനോലി കനാലിലേക്ക് ഒഴുകി പോകുന്ന വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സം സൃഷ്ടിക്കുകയും തകര്‍ന്നു കിടക്കുന്നതിനാല്‍ ഉപ്പ് വെള്ളം മാളച്ചാലിലേക്ക് കയറുകയും ചെയ്യുന്ന മാള കെ എസ് ആര്‍ ടി സി ക്ക് സമീപമുള്ള പഴയ കോണ്‍ഗ്രീറ്റ് ചീര്‍പ്പ് പൊളിച്ചുമാറ്റാന്‍ തീരുമാനം എടുത്തിരുന്നു.

കൂടാതെ മാളച്ചാലില്‍ ഉപ്പുകയറുന്നത് പൂര്‍ണ്ണമായി തടയാനുമായി പാലത്തിന് പടിഞ്ഞാറെ വശം പുതിയ കോണ്‍ഗ്രീറ്റ് ചീര്‍പ്പ് നിര്‍മ്മിക്കാനും അതുവരെ വേനല്‍ക്കാലങ്ങളില്‍ മാളച്ചാലില്‍ ഉപ്പുകയറാതിരിക്കാന്‍ താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കാനും കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനം എടുക്കുകയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് മാള പള്ളിപ്പുറം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഷാന്റി ജോസഫ് തട്ടകത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. എന്നാല്‍ പരാതിയെ പരിഗണിക്കാതെ ഭരണ സമിതി

പൊളിച്ചുമാറ്റാന്‍ തീരുമാനിച്ച കോണ്‍ഗ്രീറ്റ് ചീര്‍പ്പില്‍ വീണ്ടും പണം ചെലവഴിച്ച് താല്‍ക്കാലിക ബണ്ട് നിര്‍മ്മിക്കാതെ മണ്ണിട്ട് അടക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഷാന്റി ജോസഫ് തട്ടകത്ത് ഹൈക്കോടതിയില്‍ കേസ് നല്‍കിയത്. അതിനെ തുടര്‍ന്ന് അടിയന്തിരമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം നടപ്പിലാക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തത്.

എന്നാല്‍ ഉത്തരവില്‍ സമയപരിധി പറഞ്ഞിട്ടില്ല എന്ന സങ്കേതിക കാരണം പറഞ്ഞ് ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് ഷാന്റി ജോസഫ് തട്ടകത്ത് വീണ്ടും ഹൈക്കോടതി സമീപിച്ചു. വീണ്ടും കേസ് പരിഗണിച്ച കോടതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ കക്ഷിയാക്കി കോടതി അലക്ഷ്യ കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച് രണ്ടാമത് എടുത്ത കേസ് അവസാനിപ്പിക്കുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഷാന്റി ജോസഫ് തട്ടകത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ കോടതി അലക്ഷ്യ കേസ് ഫയല്‍ ചെയ്തത്. സെപ്റ്റംബര്‍ ഒന്നിനകം ഭരണ സമിതി തീരുമാനം നടപ്പിലാക്കാന്‍ ചെയ്ത കാര്യങ്ങള്‍ കോടതിയെ അറിയിക്കണം. അല്ലാത്തപക്ഷം സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം നടപ്പിലായാല്‍ മാളച്ചാല്‍ ശുദ്ധജല തടാകമായി മാറും.

മാള ഗ്രാമപഞ്ചായത്തിനെന്ന പോലെ പൊയ്യ ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാര്‍ഡിനും ശുദ്ധജലസമൃദ്ധി ലഭിക്കും. മാള ടൗണിന്റെയും സമീപ പ്രദേശത്തെയും മഴവെള്ളക്കെട്ട് ഇല്ലാതാകും. വെള്ളമില്ലാത്തതിനാല്‍ പൂര്‍ണ്ണമായി തുറക്കാന്‍ സാധിക്കാത്ത ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെ ശൗചാലയം തുറക്കാനും സാധിക്കും.

Tags:    

Similar News