എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിലെ കിടത്തിച്ചികില്‍സാ നിഷേധം; എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തി
കുന്നംകുളം: എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കിടത്തിയുളള ചികില്‍സ നിഷേധിക്കുന്നതിനെ തുടര്‍ന്ന് എസ്ഡിപിഐ നേതാക്കള്‍ സാമൂഹികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ചു എസ്ഡിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി റാഫി താഴത്തേതില്‍, കുന്നംകുളം മണ്ഡലം പ്രസിഡന്റ് എ എം തൗഫീഖ്, സെക്രട്ടറി ആഷിക് മാനംകണ്ടം എന്നിവര്‍ അവസ്ഥകള്‍ നേരില്‍ കണ്ട് മനസ്സിലാക്കുകയും ഉദ്യോഗസ്ഥരുമായി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
അതിന്റെ അടിസ്ഥാനത്തില്‍ കിടത്തിച്ചികില്‍സിക്കാനുള്ള അത്യാവശ്യസൗകര്യങ്ങള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലുണ്ടെന്ന് വ്യക്തമായി. എന്നാല്‍, ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍മാര്‍ ഇവരുടെ കുറവുമൂലമാണ് കിടത്തിച്ചികില്‍സ നടത്താന്‍ പറ്റാത്തതെന്ന് മനസ്സിലായി. അടിയന്തരമായി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റു ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന് അധികാരികളെ നേതാക്കള്‍ ഓര്‍മപ്പെടുത്തി. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്ന് എസ്ഡിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി റാഫി താഴത്തേതില്‍ അറിയിച്ചു.