തൃശൂര്‍: കരിന്തലക്കൂട്ടം നാട്ടറിവ് പഠന കേന്ദ്രത്തിന്റെ 2019ലെ സംസ്ഥാന ഫോക്ക്‌ലോര്‍ അവാര്‍ഡ് സമര്‍പ്പണവും 25ാം വാര്‍ഷികാഘോഷ വിളംബരവും തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മണ്‍മറഞ്ഞുപോയ നാടന്‍ കലാകാരന്‍മാരുടെ പേരിലാണ് വര്‍ഷങ്ങളായി പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. കാട്ടിക്കരക്കുന്നിലെ കണ്ണമുത്തന്റെ പേരിലുള്ള അവാര്‍ഡ് തൃശൂര്‍ ജില്ലയിലെ മണികണ്ഠന്‍ പെരുമ്പടപ്പിനും കുന്നത്തുകാട്ടിലെ കെ സി കണ്ണന്റെ പേരിലുള്ള അവാര്‍ഡ് കൊല്ലം ജില്ലയില്‍ ശാസ്താംകോട്ടയിലെ പ്രകാശ് കുട്ടനും കോട്ടാറ്റുള്ള പുത്തിരിയുടെ പേരിലുള്ള അവാര്‍ഡ് കാസര്‍ഗോഡ് ജില്ലയിലെ നളിനി പാണപ്പുഴക്കുമാണ് ലഭിച്ചിരിക്കുന്നത്. 5005 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡാണ് കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. പൊലിയാട്ടം എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ 10 മുതല്‍ കുട്ടികള്‍ക്കായുള്ള അഖില കേരള നാടന്‍പാട്ട് മല്‍സരം നടക്കും. വൈകീട്ട് ആറിന് സാംസ്‌കാരിക സമ്മേളനം ഗവ. ചീഫ് വിപ്പ് കെ രാജന്‍ ഉദ്ഘാടനം ചെയ്യും. സി കെ പ്രസാദ് അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമാസീരിയല്‍ താരം മോളി കണ്ണമാലി മുഖ്യാതിഥിയാവും. രമേശ് കരിന്തലക്കൂട്ടം 25ാം വാര്‍ഷികാഘോഷ പ്രഖ്യാപനം നടത്തും. ഗ്രാമിക സെക്രട്ടറി പി കെ കിട്ടന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ ചന്ദ്രന്‍ കലാകാരന്‍മാരെ ആദരിക്കും. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവമക്കള്‍ സമ്മാനദാനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ രമേശ് കരിന്തലക്കൂട്ടം, പ്രദീപ് കുഴൂര്‍, മിനി പ്രദീപ് സംബന്ധിച്ചു.