മാള: ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കരൂപ്പടന്ന മേപ്പുറത്ത് അലി (65)യെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ സുഹറ (56) യെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ് ഇരിങ്ങാലക്കുട പോലിസ് ഇന്‍സ്പെക്ടര്‍ സുധീരന് എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വ്യാഴാഴ്ച രാത്രിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നു.
വഴക്ക് മൂത്തപ്പോള്‍ അലി അടുക്കളയില്‍നിന്നും വിറക് കഷ്ണമായി വന്ന് സുഹറയെ അടിക്കാന്‍ ശ്രമിച്ചു. തന്നെ തല്ലുമെന്ന ഭയത്താല്‍ സുഹറ വിറകുകഷ്ണം കൊണ്ട് അലിയുടെ തലക്ക് തുടരെ തുടരെ അടിച്ചു. അതോടെ അലി മരിച്ചു. പിറ്റേന്ന് അയല്‍വാസികളോട് പറഞ്ഞത് ബാത്ത് റൂമില്‍ വീണു എന്നാണ്. അയല്‍വാസികള്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചിരുന്നു.
തലയില്‍ മുറിവ് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇരിങ്ങാലക്കുട പോലിസില്‍ വിവരമറിയിച്ചു. ഫോറന്‍സിക്ക് വിദഗ്ധരെത്തി പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ തന്നെ തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, മറ്റ് പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അലിയുടെ വീട്ടിലെത്തി സുഹറയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി.
ശനിയാഴ്ച ഖബറടക്കത്തിനുശേഷം സുഹറെയും മറ്റു ചിലരെയും കസ്റ്റഡിയിലെടുത്തു. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അടിക്കാനുപയോഗിച്ച വിറക് കഷ്ണം വീട്ടില്‍ കൂട്ടിവച്ചിരുന്ന വിറക് കൂനയില്‍നിന്നും പോലിസ് കണ്ടെടുത്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇരിങ്ങാലക്കുട പോലിസ് ഇന്‍സ്പെക്ടര്‍ സുധീരനും അന്വേഷണസംഘത്തിലുണ്ടായിരുന്നു.