കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് ആധുനികരീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

പുതിയ കാലത്തെ സാങ്കേതികമാറ്റങ്ങള്‍ക്ക് അനുസൃതമായി കൃഷിവകുപ്പിന്റെ പദ്ധതി നിര്‍വഹണത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും.

Update: 2020-03-01 14:29 GMT

മാള (തൃശൂര്‍): കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായി ആധുനികരീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുനടപ്പാക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കൃഷിവകുപ്പിലെ പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ഥികളിലൂടെ സാങ്കേതികപരിഹാരം കണ്ടെത്തുന്ന റീബൂട്ട് കേരള ഹാക്കത്തോണ്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തെ സാങ്കേതികമാറ്റങ്ങള്‍ക്ക് അനുസൃതമായി കൃഷിവകുപ്പിന്റെ പദ്ധതി നിര്‍വഹണത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. സാങ്കേതികവിദ്യയുടെ അനന്തമായ സാധ്യതകള്‍ കൃഷിക്കും കാര്‍ഷിക വൃത്തിക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന രീതിയിയിലുള്ള നടപടികളുമായി മുന്നോട്ടുപോവും.


 36 മണിക്കൂര്‍ തുടര്‍ച്ചയായി നടന്ന പ്രശ്‌നപരിഹാര യജ്ഞത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ പ്രയോജനപ്പെടുത്തും. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയ ഗ്രൂപ്പുകളുടെ സാങ്കേതികമായ കണ്ടെത്തലുകളടങ്ങിയ നിര്‍ദേശങ്ങള്‍ കൃഷിവകുപ്പ് സ്വീകരിക്കും. മല്‍സത്തിലൂടെ വിജയികളായ ഗ്രൂപ്പുകള്‍ക്ക് തുടര്‍ന്നും വേണ്ട പരിശീലനം കൊടുക്കും. കൃഷി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ ആപ്ലിക്കേഷനും മറ്റ് പരിഹാരങ്ങളും കണ്ടെത്തിയ വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

അമല്‍ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ് കോട്ടയം, ഗവ. എന്‍ജിനീയറിങ് കോളജ് തൃശൂര്‍, മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി ഇടുക്കി എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി ഹാക്കത്തോണില്‍ വിജയികളായത്. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ അധ്യക്ഷനായി. റീബൂട്ട് കേരള ഹാക്കത്തോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് വിജയികളെ പ്രഖ്യാപിച്ചു. അസാപ്പ് കരിക്കുലം ഹെഡ് ഡോ.കെ പി ജയ് കിരണ്‍, ഡിപിഎംഎംഎ സുമി തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുമുള്ള 180 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഹാക്കത്തോണില്‍ പങ്കെടുത്തു. 

Tags:    

Similar News