കമ്പളക്കാട്: പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അമ്പതുകാരന്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയും നിലവില്‍ കമ്പളക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പള്ളിയിലവളപ്പില്‍ ബാലചന്ദ്രന്‍ എന്ന ബാലനാ(50)ണ് അറസ്റ്റിലായത്. കമ്പളക്കാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പളനിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. തുടര്‍ന്ന് ഇയാളെ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
14 കാരനെ പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ബാലചന്ദ്രന്‍. പിന്നീട് ബലമായി മദ്യം നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തി തളര്‍ന്ന് വീണ കുട്ടിയെ ബന്ധുക്കള്‍ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനവിവരം പുറം ലോകമറിഞ്ഞത്. ബന്ധുക്കള്‍ കമ്പളക്കാട് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 2017 ലും ഇതേ സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരേ പോക്‌സോ കേസുണ്ട്. ഇതില്‍ ജാമ്യത്തിലറങ്ങിയതാണ് പ്രതി.