കര്‍ണാടകയിലെ നിര്‍ബന്ധിത ക്വാറന്റൈന്‍; മുഖ്യമന്ത്രിക്ക് കത്തയച്ച് എംഎല്‍എമാര്‍
കല്‍പ്പറ്റ: കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിരിക്കുന്ന നിര്‍ബന്ധിത ക്വാറന്റൈന്‍ വ്യവസ്ഥകള്‍ നീക്കം ചെയ്യുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും കത്തയച്ചു. ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ മാനദണ്ഡം ഒഴിവാക്കുന്നതിനും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കും കര്‍ണാടക സംസ്ഥാനത്തെ കൃഷിയിടങ്ങളിലേക്ക് വന്ന് പോവുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ബന്ധിത ക്വാറന്റൈന്‍ നീക്കം ചെയ്യുന്നതിനും വേണ്ട അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് എംഎല്‍എമാരായ അഡ്വ.ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ കത്തയച്ചിരിക്കുന്നത്.
കേരളത്തില്‍നിന്നും മറ്റ് വിവിധ സംസ്ഥാനങ്ങളില്‍നിന്നും നിരവധി കര്‍ഷകര്‍ കര്‍ണാടക സംസ്ഥാനത്ത് കൃഷികള്‍ ചെയ്ത് വരുന്നുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ക്വാറന്റൈനും കൃഷിയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കര്‍ഷകരുടെ കൈയില്‍ സ്റ്റാമ്പ് ചെയ്യുന്നതുമായ നടപടി മൂലം കര്‍ഷകര്‍ക്ക് വളരെയേറെ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നിര്‍ബന്ധിത ക്വാറന്റൈനോടൊപ്പം കൈയില്‍ സ്റ്റാമ്പ് ചെയ്യുന്നത് കര്‍ഷകരെ അവഹേളിക്കുകയും അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുന്നതുമായ നടപടിയാണ്.
ഇതിന് മുമ്പ് സംസ്ഥാനത്തെ കൃഷിയിടത്തില്‍ വന്നുപോവുന്നതിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി യാത്ര ചെയ്യുകയാണ് ചെയ്തുവന്നിരുന്നത്. എന്നാല്‍, കര്‍ണാടക സര്‍ക്കാര്‍ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ മാനദണ്ഡം നടപ്പാക്കിയതിനാല്‍ കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വളരെയേറെ ബുദ്ധിമുട്ട് നേരിടുകയാണ്. വിവിധ കൃഷിയിനങ്ങളുടെ വിളവെടുപ്പ് നടക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ക്വാറന്റൈന്‍ മാനദണ്ഡം ഏര്‍പ്പെടുത്തിയത് വിളനാശത്തിനും കര്‍ഷകര്‍ക്ക് വന്‍തോതിലുള്ള സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നതിനും ഇടയാക്കുകയാണെന്ന് ഇരുവരും കത്തില്‍ ചൂണ്ടിക്കാട്ടി.