വിന്‍ഡീസ് വെടിക്കെട്ട് താരം ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്രില്‍ നിന്ന് വിരമിച്ചു
ജമൈക്ക: എബി ഡിവില്ലിയേഴ്‌സിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഒരു വെടിക്കെട്ട് താരം കൂടി പടിയിറങ്ങി. വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടറായിരുന്ന ഡ്വെയ്ന്‍ ബ്രാവോയുടെ ഡിജെ നൃത്തച്ചുവടുകള്‍ ഇനി അന്താരാഷ്ട്ര മല്‍സരത്തില്‍ അരങ്ങേറില്ല. താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 35 കാരനായ അദ്ദേഹം ഇനി ട്വന്റി20 ലീഗില്‍ മാത്രമേ സാന്നിദ്ധ്യമറിയിക്കൂ. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ബ്രാവോയുടെ കുറിപ്പ് ഇന്നലെ രാത്രിയാണ് പുറത്തുവന്നത്.
14 വര്‍ഷം നീണ്ട വെസ്റ്റ് ഇന്‍ഡീസ് കരിയറിനാണ് ബ്രാവോ വിരാമമിട്ടിരിക്കുന്നത്. 2004ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ബ്രാവോയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ട്വന്റി20യിലും അരങ്ങേറ്റം കുറിച്ചു. സമീപകാലത്ത് ലോകക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വലംകൈയ്യന്‍ ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറുമായ ബ്രാവോ. വെസ്റ്റ് ഇന്‍ഡീസിനായി 164 ഏകദിന മല്‍സരങ്ങളിലും 40 ടെസ്റ്റ് മല്‍സരങ്ങളിലും 66 ട്വന്റി20 മല്‍സരങ്ങളിലും ബ്രാവോ കളിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് രണ്ട് തവണ ട്വന്റി20 ലോകകപ്പ് ഉയര്‍ത്തിയപ്പോഴും ടീമിലെ നിര്‍ണായക സാന്നിദ്ധ്യമായിരുന്നു ബ്രാവോ. രണ്ട് വര്‍ഷം മുമ്പ് പാക്കിസ്താനെതിരെയുള്ള ട്വന്റി 20 യിലാണ് വിന്‍ഡീസിന് വേണ്ടി അവസാനമായി അദ്ദേഹം പാഡണിഞ്ഞത്. എനിക്ക് മുന്നേയുള്ളവര്‍ ചെയ്ത പോലെ അടുത്ത തലമുറയിലെ കളിക്കാര്‍ക്കായി പിന്‍മാറുകയാണെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഏകദിനങ്ങളില്‍ നിന്ന് 2968 റണ്‍സും 199 വിക്കറ്റും സ്വന്തമാക്കിയ ബ്രാവോ ടെസ്റ്റില്‍ നിന്ന് 2200 റണ്‍സും നേടിയിട്ടുണ്ട്.
ഇന്ത്യയില്‍ വളരയേറെ ആരാധകരുള്ള കളിക്കാരിലൊരാളാണ് ബ്രാവോ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്,ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ക്കായി ബ്രാവോ കളിച്ചു. സീസണില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയതിനുള്ള പര്‍പ്പിള്‍ ക്യാപ് രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റ് നേടിയ ശേഷം നൃത്തച്ചുവടുകളുമായി ആരാധകരെ കൈയ്യിലെടുക്കാറുള്ള ബ്രാവോ, ഇന്ത്യന്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ഥിയുമായിരുന്നു.