എടിഎം ഇടപാടുകള്‍ക്ക് ജനുവരി മുതല്‍ ചെലവേറും; പുതുക്കിയ നിരക്ക് ഇപ്രകാരം

സൗജന്യ പരിധിയ്ക്ക് പുറത്തുവരുന്ന എടിഎം ഇടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

Update: 2021-12-27 12:44 GMT

ന്യൂഡല്‍ഹി: ജനുവരി മാസം മുതല്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുള്ള, സ്വകാര്യ, പൊതുമേഖലാ ബാങ്കുകളില്‍ അക്കൗണ്ടുകളുള്ള എല്ലാ ഉപഭോക്താക്കളുടേയും സാമ്പത്തിക-സാമ്പത്തികേതര എടിഎം ഇടപാടുകള്‍ക്ക് ചെലവേറും. സൗജന്യ പരിധിയ്ക്ക് പുറത്തുവരുന്ന എടിഎം ഇടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

അനുവദനീയമായ പരിധി കഴിഞ്ഞാല്‍ എടിഎം ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ 2022 ജനുവരി മുതല്‍ കൂടുതല്‍ ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ തന്നെ ഒരു വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു.

നിലവില്‍, പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഒരു ഇടപാടിന് 20 രൂപ എന്ന നിരക്കില്‍ ഓരോ ബാങ്ക് ഉപഭോക്താവും നല്‍കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് ഓരോ മാസവും ഒരു അധിക ഇടപാടിന് 1 രൂപ വീതം നിരക്ക് വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനം.

അതുപ്രകാരം ജനുവരി മുതല്‍ സൗജന്യ പരിധിയ്ക്ക് പുറത്തുവരുന്ന ഇടപാടുകള്‍ക്ക് ഉപഭോക്താവ് 21 രൂപയും ജിഎസ്ടിയും നല്‍കേണ്ടിവരും. നിലവിലിത് 20 രൂപയും ജിഎസ്ടിയുമാണ്.

ഈ നിരക്കുകള്‍ ഈടാക്കുന്നതിന് മുമ്പ്, എല്ലാ ബാങ്ക് ഉപഭോക്താക്കള്‍ക്കും അവരുടെ സ്വന്തം ബാങ്കുകളില്‍ അഞ്ച് സൗജന്യ എടിഎം ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ അനുവദിക്കുന്നുണ്ട്. ഡെബിറ്റ് കാര്‍ഡുള്ള എല്ലാ ബാങ്ക് ഉപഭോക്താക്കള്‍ക്കും അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് ഇതിനര്‍ത്ഥം. കൂടാതെ, മെട്രോ നഗരങ്ങളില്‍ (ബെംഗളൂരു, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് എന്നിവയുള്‍പ്പെടെ) മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്നുള്ള മൂന്ന് സൗജന്യ ഇടപാടുകള്‍ക്കും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ക്കും ഉപഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ടാകും.

Tags:    

Similar News