‌ജാഗ്വര്‍ ലാന്‍ഡ്‍ റോവര്‍ വമ്പന്‍ നഷ്‍ടത്തില്‍

Update: 2019-07-27 18:34 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‍സിന്‍റെ ജൂണ്‍ സാമ്പത്തികപാദത്തിലെ നഷ്‍ടം ഇരട്ടിയായി. ഈ പാദത്തില്‍ 3679.66 കോടിരൂപയാണ് ടാറ്റയുടെ നഷ്‍ടം. കഴിഞ്ഞവര്‍ഷം ഇതേ പാദത്തില്‍ 1862.57 കോടി രൂപയായിരുന്നു നഷ്‍ടം. ടാറ്റയുടെ ബ്രിട്ടീഷ് ആഢംബര ബ്രാന്‍ഡ്‍ ജാഗ്വര്‍ ആന്‍ഡ്‍ ലാന്‍ഡ്‍ റോവര്‍ (ജെഎല്‍ആര്‍) ആണ് നഷ്‍ടം കുമിഞ്ഞുകൂടാനുള്ള പ്രധാന കാരണം. നികുതിക്ക് മുമ്പുള്ള കണക്ക് അനുസരിച്ച് 395 ദശലക്ഷം പൗണ്ട് ആണ് ജെഎല്‍ആര്‍ വരുത്തിവച്ചിരിക്കുന്നത് - ഇറ്റി നൗ റിപോര്‍ട്ട് ചെയ്യുന്നു.


കൂടുതല്‍ കാറുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും വരുമാനത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. ആഗോള മാര്‍ക്കറ്റില്‍ വലിയ തോതിലുള്ള തിരിച്ചടിയാണ് വാഹനക്കമ്പനികള്‍ നേരിടുന്നതെന്നും നിലവിലെ സാഹചര്യം ഒരു സമയത്തിന്‍റെ മാത്രം തിരിച്ചടിയാണെന്നാണ് കരുതുന്നതെന്നും ടാറ്റ വിലയിരുത്തുന്നു.

കമ്പനിയുടെ പ്രധാന വിപണികളില്‍ ഒന്നായ ചൈനയില്‍ 11.6 ശതമാനം വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കാനുള്ള ബ്രിട്ടന്‍റെ തീരുമാനം കമ്പനിയെ നഷ്‍ടത്തിലേക്ക് കൂപ്പുകുത്തിക്കുമെന്നാണ് കരുതുന്നത്.



 


പുതിയ മോഡലുകലും ചൈനയിലെ ഓട്ടോമൊബൈല്‍ മേഖലയില്‍ ഉള്ള ഉണര്‍വ്വും കമ്പനിയെ തുണയ്‍ക്കുമെന്നാണ് ടാറ്റ കരുതുന്നത്. വില്‍പ്പനയില്‍ ജാഗ്വര്‍ മെച്ചപ്പെടുന്നുണ്ട് എന്നതാണ് ടാറ്റയ്‍ക്ക് ആശ്വാസം. ജാഗ്വര്‍ ഐ-പേസ്, പുതിയ റേഞ്ച് റോവര്‍ ഇവോക് മോഡ‍ലുകളാണ് വില്‍പ്പനയില്‍ മുന്നില്‍. മൊത്തം 1,28,615 യൂണിറ്റുകളാണ് കമ്പനി ഈ പാദത്തില്‍ മാത്രം നടത്തിയ വില്‍പ്പന.ഇനി പുറത്തിറങ്ങുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍‍ഡര്‍ എന്ന മോഡല്‍ വില്‍പ്പന തിരികെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

Similar News