ന്യൂഡല്‍ഹി: 0.35 ശതമാനം റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പയ്ക്കു നല്‍കുന്ന പലിശ നിരക്ക് ഇതോടെ 5.40 ശതമാനമായിട്ടുണ്ട്.ഇന്ന് നടന്ന റിസര്‍വ് ബാങ്ക് വായ്പാ നയ അവലോകന യോഗത്തിലാണ് തീരുമാനം.
ഈ വര്‍ഷം തുടര്‍ച്ചയായ നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ജൂണില്‍ റിപ്പോ നിരക്ക് 5.75 ശതമാനമാക്കിയിരുന്നു. ഇന്നത്തെ തീരുമാനത്തോടെ വാണിജ്യ ബാങ്കുകള്‍ വീണ്ടും വായ്പാ പലിശകളും നിക്ഷേപ പലിശകളും കുറയ്‌ക്കേണ്ടതായി വരും. സാധാരണക്കാരന്‍ എടുക്കുന്ന വാഹന വായ്പ, വ്യക്തിഗത വായ്പ, ഭവന വായ്പ തുടങ്ങിയവയുടെ പലിശ നിരക്കില്‍ കുറവ് ഉണ്ടായേക്കും.
രാജ്യത്ത് കൂടുതല്‍ പണ ലഭ്യത ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം. രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്ന സാഹചര്യത്തില്‍ വിലക്കയറ്റവും കുറയുമെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഏകദേശം നാല് ശതമാനത്തിന് താഴേയ്ക്ക് വിലക്കയറ്റത്തിന്റെ തോത് എത്തിയേക്കും. ഈ സാഹചര്യത്തില്‍ പലിശ കുറയ്ക്കുന്നത് അനുയോജ്യമാണെന്ന് റിസര്‍വ് ബാങ്ക് ധനനയസമിതി വിലയിരുത്തി. ഇതേത്തുടര്‍ന്നാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.