ബിലീവേഴ്‌സ് ചര്‍ച്ച്, ഷാജ് കിരണ്‍; ആര്‍ക്കൊക്കെ ദുബയ് സ്വര്‍ണ കടത്തുമായി ബന്ധം?
കേരളത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരില്‍ വിദേശത്ത് നിന്നെത്തിയ പാഴ്‌സലുകളും, കണ്‍സൈന്‍മെന്റുകളും ഇത്തരത്തില്‍ നയതന്ത്രചാനല്‍ വഴി കടന്നുപോയിട്ടുണ്ടെന്ന് കേന്ദ്ര ഏജന്‍സികളെ ഉദ്ധരിച്ച് നിരവധി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട സ്വപ്നയുടെ പുതിയ രഹസ്യമൊഴിക്ക് പിന്നാലെ കേട്ടുകേള്‍വിയില്ലാത്ത സംഭവവികാസങ്ങളാണ് കേരള രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസം പിന്നിടുമ്പോഴും ഓരോ പേരുകള്‍ പുതുതായി രം?ഗപ്രവേശനം ചെയ്യുകയാണ്. മുന്‍ മാധ്യമപ്രവര്‍ത്തകനായ ഷാജ് കിരണ്‍ എന്ന കഥാപാത്രം കൂടി ആരോപണ വിധേയനായതോടെ കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് കൂടി ചിത്രത്തിലേക്ക് കടന്നുവന്നിട്ടുണ്ട്.
ദൂബയ് കോണ്‍സുലേറ്റ് നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്ത് കസ്റ്റംസ് അധികൃതര്‍ പിടിക്കുന്നത് 2020 ജൂലായ് 5 നാണ്. അതിനും മാസങ്ങള്‍ക്ക് മുമ്പ തന്നെ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കേരളത്തിലേക്കൊഴുകുന്ന സ്വര്‍ണ്ണം, വിദേശ കറന്‍സികള്‍ ഇതിനെക്കുറിച്ചെല്ലാം കേന്ദ്ര ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിട്ടും, ഡിപ്‌ളോമാറ്റിക് ചാനലിലൂടെ വന്നിട്ടും കണ്‍സൈന്‍മെന്റുകള്‍ പൊട്ടിച്ച് നോക്കാന്‍് കസ്റ്റംസ് തയാറായത്.
കേരളത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേരില്‍ വിദേശത്ത് നിന്നെത്തിയ പാഴ്‌സലുകളും, കണ്‍സൈന്‍മെന്റുകളും ഇത്തരത്തില്‍ നയതന്ത്രചാനല്‍ വഴി കടന്നുപോയിട്ടുണ്ടെന്ന് കേന്ദ്ര ഏജന്‍സികളെ ഉദ്ധരിച്ച് നിരവധി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിദേശത്ത് നിന്ന് എത്തുന്ന സ്വര്‍ണ്ണം ജ്വല്ലറികള്‍ക്ക് കൈമാറ്റം ചെയ്യപ്പടുമ്പോള്‍ അതിന്റെ പണം അയച്ചവര്‍ക്ക് ജ്വല്ലറികള്‍ കൈമാറും. സ്വര്‍ണ്ണം കൈമാറിയതിന്റെ ഫലമായി പണം ലഭിച്ചവരില്‍ കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍, ചില മത മേധാവികള്‍ എന്നിവരുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് കൃത്യമായ വിവരം ലഭിച്ചെങ്കിലും അന്വേഷണം മുന്നോട്ട് നീങ്ങിയില്ല.
2020 നവംബര്‍ മാസത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലും ഡല്‍ഹിയിലും അടക്കമുള്ള രാജ്യത്തെ 66 കേന്ദ്രങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. മൊത്തം 14.5 കോടിയുടെ കറന്‍സി പിടിച്ചുവെന്നാണ് പറഞ്ഞതെങ്കിലും പിടിച്ചെടുത്ത കറന്‍സി ഏതാണ്ട് 500 കോടിക്കടത്തുവരുമെന്നു റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 30 ട്രസ്റ്റുകളിലായാണ് വിദേശത്ത് നിന്നെത്തുന്ന പണം നിക്ഷേപിച്ചിരുന്നത്. ഈ ട്രസ്റ്റുകള്‍ക്ക് കേരളത്തിലടക്കം വലിയ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുളള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും സ്വിച്ചിട്ടത് പോലെ നിന്നു.
ചെറുവള്ളി ഏസ്‌റ്റേറ്റ് കെ പി യോഹന്നാന് നല്‍കുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ കേരളത്തിലെ ചില ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപ ലഭിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 2000 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്‌റ്റേറ്റ് എങ്ങിനെ കെ പി യോഹന്നാന് ലഭിച്ചുവെന്നും ഫെറ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് അതിനായി നൂറുകണക്കിന് കോടി രൂപ വിവിധ കടലാസ് ട്രസ്റ്റുകളിലൂടെ ബിലീവേഴ്‌സ് ചര്‍ച്ച് കേരളത്തിലേക്ക് കടത്തിയെന്നും എസ്‌റ്റേറ്റ് ലഭിച്ചതിന്റെ പ്രത്യുപകാരമായി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കിയെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഫെറാ നിയമ ലംഘനത്തിന്റെ പേരില്‍ ചെറുവള്ളി എസ്‌റ്റേറ്റ് ഇന്‍കം ടാക്‌സ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. എന്നാലും കേസ് സ്വിച്ചിട്ട പോലെ നിന്നുവെന്നത് സംശയാസ്പദമാണ്.
മുഖ്യമന്ത്രിക്ക് വേണ്ടി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ഷാജ് കിരണ്‍, ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നയാളാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിലീവേഴ്‌സ് ചര്‍ച്ചില്‍ നിന്ന് ധാരാളം സംഭാവനകള്‍ നല്‍കി വരുന്നതായും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകള്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കൂട്ടിവായിക്കുമ്പോള്‍ പലതും പുകയുന്നുണ്ട്. ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയതെന്നും കോടിയേരിയുടേയും പിണറായിയുടേയും അനധികൃത സ്വത്തുക്കള്‍ വിദേശത്ത് കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്നും 45 മിനിറ്റിനകം വിട്ടയക്കുമെന്നും ഷാജ് കിരണ്‍ തന്നെയാണ് വിളിച്ചറിയിച്ചത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാള്‍ വന്നുകാണുമെന്നും അവരോട് സംസാരിക്കണമെന്നും ഷാജ് കിരണ്‍ നിര്‍ദേശിച്ചതായും സ്വപ്‌ന ഇന്ന വൈകീട്ടോടെ വെളിപ്പെടുത്തി.
നികേഷിന് തന്റെ ഫോണാണ്‍ ആവശ്യമെന്നും അത് നല്‍കണമെന്നും പറഞ്ഞു. പറയുന്നതുപോലെ കേട്ടാല്‍ തനിക്കെതിരേയുള്ള കേസെല്ലാം ഒത്തുതീര്‍ക്കാമെന്നാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഉച്ചമുതല്‍ വൈകീട്ട് ഏഴുമണി വരെ ഷാജ് കിരണ്‍ മാനസികമായി പീഡിപ്പിച്ചു. താന്‍ ചെയ്തതെല്ലാം തെറ്റാണെന്നും അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞു. 'ഒന്നാം നമ്പറി'നെ കാണാന്‍ പോവുകയാണെന്നും തന്നോട് പറഞ്ഞു. ഇതിന്റെ ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അഭിഭാഷകന്റെ കൈവശമുണ്ട്. നാളെ ഇതെല്ലാം പുറത്തുവിടുമെന്നും സ്വപ്‌ന വ്യക്തമാക്കിക്കഴിഞ്ഞു.
ഇത്രയേറെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സംഭവത്തില്‍ പ്രതികരിക്കാന്‍ സിപിഎം-എല്‍ഡിഎഫ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല. മുഖ്യമന്ത്രി പോലും വാര്‍ത്താ കുറിപ്പിലൂടെ പ്രതികരിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്. ഇത് ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതിന് മാത്രമേ ഇടവരുത്തുകയുള്ളൂ. സ്വപ്‌നയുടെ ആരോപണങ്ങളെ ഭയക്കാത്ത രാഷ്ട്രീയ നേതൃത്വമാണെങ്കില്‍ അവര്‍ക്കെതിരേ പഴയ കേസുകളുപയോഗിച്ചുള്ള രാഷ്ട്രീയ പകപോക്കലുകളല്ലാ നടത്തേണ്ടതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.