ഹിജാബ്, മുസ്‌ലിം വിലക്കിന് പിറകെ കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ പ്രചാരണവും
'ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കുക' എന്ന പ്രചാരണം ക്രമസമാധാനത്തിന്റെ പരിധിയില്‍ വരാത്തതും സമുദായങ്ങളുടെ വിശ്വാസത്തിന്റെയും വികാരങ്ങളുടെയും കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സര്‍ക്കാരിന് പരിമിതമായേ ഇടപെടാനാവൂ!!!
ഉത്തര്‍പ്രദേശിന് പിന്നാലെ ഹിന്ദുത്വ പരീക്ഷണങ്ങളുമായി ആര്‍എസ്എസ് കര്‍ണാടകയെ ലക്ഷ്യംവച്ചു തുടങ്ങിയിട്ട് കാലങ്ങളേറെയായെങ്കിലും ഹിജാബ് വിഷയത്തോടെയാണ് കര്‍ണാടകയില്‍ മുസ്‌ലിം സംഘടനകളിലെ ഐക്യം ശക്തമായി വന്നത്. അതിന്റെ അനുരണനങ്ങള്‍ എന്ന മട്ടില്‍ വേണം ഷിമോഗയില്‍ സംഘപരിവാര്‍ കലാപ നീക്കം ചെറുക്കാന്‍ മുസ്‌ലിം സമുദായത്തിന് കഴിഞ്ഞുവെന്നത് വിലയിരുത്താന്‍. ഹിജാബ് വിവാദത്തിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങളുടെ പരിസരത്തെ മുസ് ലിം കച്ചവടങ്ങള്‍ വിലക്കിക്കൊണ്ട് കര്‍ണാടക സര്‍ക്കാരും വിഎച്ച്പിയും രംഗത്തുവന്നെങ്കിലും അതും ഹിന്ദുത്വ ശക്തികള്‍ ഒറ്റപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നയിച്ചിട്ടുണ്ട്.
എന്നാല്‍ ഈ രണ്ട് വിവാദങ്ങള്‍ക്ക് പിന്നാലെ ഹലാല്‍ വിവാദവുമായി സംഘപരിവാര്‍ അവരുടെ വേട്ട തുടരുന്നു എന്ന് വേണം മനസിലാക്കാന്‍. ഹലാല്‍ മാംസം വില്‍ക്കുന്നത് അവസാനിപ്പിക്കണണെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ഭദ്രാവതിയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബുധനാഴ്ച ഹോട്ടലില്‍ അതിക്രമിച്ച് കയറി ഒരു തൊഴിലാളിയെ ആക്രമിച്ചു. അടുത്ത ദിവസം, നഗരത്തിലെ ഒരു ഹോട്ടലുടമയെ ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ആക്രമിച്ചപ്പോള്‍ സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച ഒരു ഉപഭോക്താവും ആക്രമിക്കപ്പെട്ടു. സംഭവത്തില്‍ അഞ്ച് ബജ്‌റംഗ്ദള്‍ അംഗങ്ങളെ അറസ്റ്റ് ചെയ്തതായി പോലിസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. എങ്കിലും നിയമ സംവിധാനം എത്ര ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.
അതിനിടെ, ഹിന്ദുത്വ നേതാക്കളായ പ്രശാന്ത് സംബര്‍ഗിയും പുനീത് കേരെഹള്ളിയും ഹലാല്‍ നിരോധനത്തിനായി വ്യാഴാഴ്ച ബെംഗളൂരുവിലെ ചാമരാജ്‌പേട്ട് പ്രദേശത്തെ ഒരു മാര്‍ക്കറ്റില്‍ പ്രചാരണം നടത്തി. ഹലാല്‍ മാംസം വാങ്ങരുതെന്ന് ആവശ്യപ്പെട്ട് അവര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. എന്നാല്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇരുവരേയും തിരിച്ചയച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകനും കച്ചവടക്കാരനും സെലിബ്രിറ്റിയുമായ പ്രശാന്ത് സംബര്‍ഗിയെ മുന്നില്‍ നിര്‍ത്തിയാണ് സംഘപരിവാരം ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം കൊഴിപ്പിക്കുന്നത്.
ഹിജാബ് വിവാദം, ക്ഷേത്രപരിസരങ്ങളിലോ ഉല്‍സവങ്ങളിലോ സ്റ്റാളുകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‌ലിം വ്യാപാരികള്‍ക്കുള്ള നിരോധനം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ഈ ഏറ്റവും പുതിയ ഹിന്ദു വലതുപക്ഷ പ്രചാരണം. ഷിമോഗയിലും ബംഗളൂരുവിലും ഉള്ളതുപോലെ, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഹിന്ദുത്വ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി ലഘുലേഖകള്‍ വിതരണം ചെയ്യുകയും 'ഹിന്ദു കടകളില്‍' നിന്ന് മാത്രം പലചരക്ക് സാധനങ്ങളും മാംസവും വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ കച്ചവട വിലക്കിനെതിരേ നിരവധി ക്ഷേത്ര കമ്മിറ്റികള്‍ തന്നെ രംഗത്തെത്തിയെന്നത് ആശാവഹമാണ്.
ഒരാഴ്ച മുമ്പ് ഹലാല്‍ മാംസത്തിനെതിരേ വലതുപക്ഷ ഗ്രൂപ്പുകള്‍ ഓണ്‍ലൈനില്‍ പ്രചാരണം ആരംഭിച്ചതോടെയാണ് ഈ പ്രചാരണത്തിന് തുടക്കമായത്. ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ബജ്‌റംഗ് ദള്‍ തുടങ്ങിയ സംഘടനകള്‍ ഇറച്ചിക്കടകളുടെ സൈന്‍ ബോര്‍ഡുകളില്‍ നിന്ന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഈ ആഴ്ച ആദ്യത്തോടെ ഇത് ശക്തി പ്രാപിച്ചു. ഹലാല്‍ ഉല്‍പന്നങ്ങള്‍ വിറ്റ് കിട്ടുന്ന പണം ജയിലില്‍ കഴിയുന്ന ഭീകരരുടെ ജാമ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക് ആരോപിച്ചു. മാര്‍ച്ച് 29 ന് ബിജെപി ദേശീയ സെക്രട്ടറിയും ചിക്കമംഗളൂരു എംഎല്‍എയുമായ സി ടി രവി ഹലാല്‍ ഇറച്ചി വില്‍പ്പന സാമ്പത്തിക ജിഹാദ് ആണെന്ന് ആരോപിച്ചു.
'മുസ്‌ലിംകള്‍ അവരുടെ സമുദായത്തില്‍ നിന്ന് മാംസം വാങ്ങുന്നു, ഹലാല്‍ അവര്‍ക്ക് ഒരു സര്‍ട്ടിഫിക്കേഷനാണ്. ഉല്‍പന്നങ്ങള്‍ മുസ്‌ലിംകളില്‍ നിന്ന് മാത്രം വാങ്ങണം എന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. മുസ്‌ലിംകള്‍ ഹിന്ദുക്കളില്‍ നിന്ന് മാംസം വാങ്ങാന്‍ വിസമ്മതിക്കുന്നുവെങ്കില്‍, ഹിന്ദുക്കളില്‍ നിന്ന് മാത്രമേ മാംസം വാങ്ങാവൂ എന്ന് പറയുന്നതില്‍ നിന്ന് ഞങ്ങളെ തടയുന്നതെന്താണ്? എന്ന വിദ്വേഷ ചോദ്യവുമായാണ് മുന്‍ മന്ത്രി രവി രംഗത്തുവന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയമാണ്. കാരണം മുസ്‌ലിംകളെ അപരവല്‍കരിക്കുക എന്ന ഹിന്ദുത്വരുടെ കാംപയിന്‍ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു എന്ന വസ്തുത നാം മനസിലാക്കേണ്ടതുണ്ട്. നേരത്തെ ഇതിന് പ്രത്യക്ഷത്തില്‍ നേതൃത്വം നല്‍കിയിരുന്നത് പല പോസ്റ്റര്‍ സംഘടനയായിരുന്നെങ്കില്‍ ഇന്നത് ബിജെപി നേതാക്കള്‍ വഴിയാണ് നടക്കുന്നത്.
ഏപ്രില്‍ രണ്ടിന് ആഘോഷിക്കുന്ന കന്നഡ പുതുവല്‍സര ഉല്‍സവമായ ഉഗാദിക്ക് മുന്നോടിയായാണ് ഹലാല്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വരുന്നത്. അതിന്റെ പിറ്റേന്ന് 'വര്‍ഷദോഡകു' എന്ന് വിളിക്കപ്പെടുന്ന ദിവസം നിരവധി ഹിന്ദുക്കള്‍ മാംസം കഴിക്കുന്നു. ഈ ദിവസം തങ്ങളുടെ വില്‍പന ഉയരുമെന്നും രണ്ടുലക്ഷത്തോളം രൂപയുടെ വിറ്റുവരവുണ്ടാകുമെന്നും ഇറച്ചി വ്യാപാരികള്‍ പറയുന്നു. ഈ സാഹചര്യം തന്നെ തിരഞ്ഞെടുക്കുന്നത് മാംസോപയോഗവുമായി ബന്ധപ്പെട്ട് ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കുക വഴി ഈ മേഖലയില്‍ സാമ്പത്തിക ഇടപെടലുകള്‍ നടത്തുകയെന്ന ലക്ഷ്യവും സംഘപരിവാര ശക്തികള്‍ക്കുണ്ട്. സാംസ്‌കാരിക പരവും വിശ്വാസപരവുമായ ആക്രമണത്തോടൊപ്പം സാമ്പത്തികപരമായും മുസ്‌ലിംകളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യവും പിറകിലുണ്ടെന്നേ കരുതുവാന്‍ കഴിയൂ.
ഹലാല്‍ മാംസം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും ക്രമസമാധാന നിലയെ ബാധിച്ചില്ലെങ്കില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഹലാല്‍ മാംസത്തിനെതിരായ 'ഗുരുതരമായ എതിര്‍പ്പുകള്‍' പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. 'ഞങ്ങള്‍ക്ക് ഇത് പൂര്‍ണ്ണമായും പഠിക്കേണ്ടതുണ്ട്, കാരണം ഇതിന് ഒരു നിയമവുമായും ബന്ധമില്ല. പണ്ടുമുതലേ നടന്നുവരുന്ന ഒരു ആചാരമാണത്. ഇപ്പോള്‍ ഇതിനെതിരേ രൂക്ഷമായ എതിര്‍പ്പാണ് ഉയര്‍ന്നിരിക്കുന്നത്. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷവും സംസ്ഥാനത്ത് ക്രമസമാധാന നില തകിടം മറിഞ്ഞു. വിവിധ സംഘടനകള്‍ അവരുടെ കാംപയ്‌നുകള്‍ നടത്തും, എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും ഞങ്ങള്‍ക്കറിയാം. ആവശ്യമുള്ളിടത്ത് ഞങ്ങള്‍ പ്രതികരിക്കും. ആവശ്യമില്ലാത്തപ്പോള്‍ ഞങ്ങള്‍ പ്രതികരിക്കില്ല,' മുഖ്യമന്ത്രി പറഞ്ഞു.
'ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കുക' എന്ന പ്രചാരണം ക്രമസമാധാനത്തിന്റെ പരിധിയില്‍ വരാത്തതും സമുദായങ്ങളുടെ വിശ്വാസത്തിന്റെയും വികാരങ്ങളുടെയും കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സര്‍ക്കാരിന് പരിമിതമായേ ഇടപെടാനാവൂ എന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അവകാശപ്പെട്ടു. ക്രമസമാധാന നില തകരാറിലായാല്‍ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് ജ്ഞാനേന്ദ്ര വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും, ഹിന്ദു വലതുപക്ഷ പ്രചാരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് കശാപ്പുകാരെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധി പറഞ്ഞു. 'കുറച്ച് വ്യക്തികള്‍ നടത്തുന്ന ഈ വ്യാജ പ്രചാരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിഷമമില്ല. എന്തൊക്കെ ആയാലും ഏതൊരു വ്യക്തിയും നല്ലതും ആരോഗ്യകരവുമായ മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും നല്ലതും ആരോഗ്യകരവുമായ മാംസം നല്‍കിയാല്‍, ഉപഭോക്താക്കള്‍ അവരുടെ അടുത്തേക്ക് പോകും, 'കശാപ്പുകാരെ പ്രതിനിധീകരിക്കുന്ന കര്‍ണാടകയിലെ ഓള്‍ ഇന്ത്യ ജമൈത്തുല്‍ ഖുറേഷിയുടെ പ്രസിഡന്റ് ഖാസിം ഷോയ്ബുര്‍ റഹ്മാന്‍ ഖുറേഷി പറഞ്ഞു.
ഇത്തരം പ്രതികരണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഹിജാബ് വിഷയത്തിലടക്കം ഉയര്‍ന്നുവന്ന തരത്തിലുള്ള സംയുക്ത പ്രതിരോധം കൊണ്ടുമാത്രമേ സംഘപരിവാരിന്റെ ഈ വിദ്വേഷ ഗൂഡാലോചനയെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുക വഴി ജനാധിപത്യ ഇടങ്ങളായി സമൂഹത്തെ നിലനിര്‍ത്താന്‍ സാധിക്കു.