നരേന്ദ്ര ധബോൽക്കറെ ഹിന്ദുത്വർ വെടിവെച്ചുകൊന്നിട്ട് 7 വർഷം
2014–ൽ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നരേന്ദ്ര ധാബോൽക്കർ വധക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നത്
പൂനെ: നരേന്ദ്ര ധബോൽക്കറെ ഹിന്ദുത്വ തീവ്രവാദികൾ വെടിവച്ചുകൊന്നിട്ട് ഇന്നേക്ക് ഏഴുവർഷം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ പൊരുതിയ നരേന്ദ്ര ധബോൽക്കർ മഹാരാഷ്ട്ര അന്തശ്രദ്ധ നിർമുലൻ സമിതി സ്ഥാപകനായിരുന്നു. 2013 ആഗസ്ത് 20നാണ് ധബോൽക്കറെ ഇരുചക്ര വാഹനത്തിലെത്തിയവർ വെടിവച്ചുകൊന്നത്. ജാനാധിപത്യത്തിന് നേർക്കുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ നീക്കം എത്രമാത്രം ഭയാനകമാണെന്ന് ധബോൽക്കർ വധക്കേസ് പരിശോധിച്ചാൽ മനസിലാക്കാം.
2013 ആഗസ്റ്റ് 20ന് പൂനെയിൽ വീടിനു സമീപം പ്രഭാത സവാരിക്കിടെയാണ് ധബോൽക്കർ മോട്ടോർബൈക്കിൽ വന്ന അക്രമികളുടെ വെടിയേറ്റു മരിക്കുന്നത്. അന്ധവിശ്വാസങ്ങൾക്ക് എതിരെ പോരാടുന്ന ധബോൽക്കറും സനാതൻ സൻസ്തയും തമ്മിലുള്ള ആശയപരമായ ഭിന്നതകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിഗമനം. 2014–ൽ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നരേന്ദ്ര ധാബോൽക്കർ വധക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നത്. രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്ന് ഏഴുവർഷം പിന്നിട്ടിട്ടും അന്വഷണം എവിടെയുമെത്തിയില്ല.
കൊലപാതകത്തിന് ആറ് വർഷങ്ങൾക്കു ശേഷമാണ് നരേന്ദ്ര ധാബോൽക്കർ വധകേസിലെ പ്രതിയെ പിടികൂടുന്നത്. 2018 ൽ ആയുധം കൈവശംവച്ച കേസിൽ ശരദ് കലാസ്കറിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പിടികൂടിയതാണ് കേസിൽ വഴിത്തിരിവായത്. ആയുധം ശേഖരിച്ച കേസിലെ ചോദ്യം ചെയ്യലിനിടയിലാണ് ധാബോൽക്കർ, പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിലെ നിർണായക സൂചനകൾ ലഭിക്കുന്നത്. ഈ വിവരങ്ങൾ പിന്നീട് കർണാടക പോലിസിനു കൈമാറുകയായിരുന്നു.
സനാതൻ സൻസ്തയുടെ ആളുകൾ സമീപിച്ചാണ് ധാബോൽക്കറിനെ കൊല്ലണമെന്ന് ആവശ്യപ്പെട്ടതെന്ന് ശരദ് കലാസ്കർ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു. തുടർന്നു ബോംബ് സ്ഫോടനത്തിലും ആയുധങ്ങൾ ഉപയോഗിക്കുന്നതിലും പരിശീലനം ലഭിച്ചതായും കലാസ്കർ പറഞ്ഞു. ധബോല്‍ക്കർ വധത്തിന്റെ മുഖ്യ ആസൂത്രകനും സനാതൻ സൻസ്ത നേതാവുമായ വീരേന്ദ്ര താവഡെയാണ് തലയ്ക്കു പുറകിൽ വെടിവയ്ക്കണമെന്ന നിർദേശം നൽകിയതും. സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുന്നതിനു വേണ്ടിയായിരുന്നു അതെന്നായിരുന്നു കലാസ്കർ നൽകിയ മൊഴി.
കേസ് അന്വേഷിച്ച സിബിഐ വിരേന്ദ്ര താവ്ഡെ, ശരത് കലസ്കർ, സചിൻ അന്തുറെ, സഞ്ജീവ് പുനലേകർ, വിക്രം ഭാവെ എന്നിവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചെങ്കിലും അമല കലേ, അമിത് ദെഗ്വേർ, രാജേഷ് ബംഗേര എന്നിവർക്കെതിരേ ഒന്നും ചെയ്തില്ല. 2008 ല്‍ താനേയിലുണ്ടായ സ്‌ഫോടനക്കേസില്‍ പ്രതിയാണ് വിക്രം ഭാവെ. 2013 ല്‍ ബോംബേ ഹൈക്കോടതിയില്‍ നിന്നും വിക്രം ഭാവെ ജാമ്യം നേടിയതിന് പിന്നാലെയായിരുന്നു ധബോൽക്കർ വധം. ധബോല്‍കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സനാതൻ സന്‍സ്ത അംഗവും ഇഎന്‍ടി സര്‍ജനുമായ ഡോ. വീരേന്ദ്ര താവ്ഡേയും സമാന പശ്ചാത്തലമുള്ളയാളാണ്.
ധബോൽകർ കൊല്ലപ്പെടുമ്പോൾ കോൺഗ്രസ്- എൻസിപി സർക്കാരാണ് ഭരിക്കുന്നത്. ഗോവിന്ദ് പൻസാരെ 2015ൽ കൊല്ലപ്പെടുമ്പോൾ ബിജെപി-ശിവസേന സർക്കാരാണ് ഭരിച്ചത്. ഇപ്പോൾ സഖ്യ സർക്കാരും. എല്ലാ പാർട്ടികളും മഹാരാഷ്ട്രയുടെ പുരാഗതിക്ക് പിന്നിൽ തങ്ങളാണെന്ന് പറയുന്നവരാണ്. അംബേദ്കറുടെയും ഷാഹു ഫുലേയുടെയും പുരോഗമന ചിന്തകൾ പ്രസംഗങ്ങളിൽ എല്ലാവരും ഉദ്ധരിക്കുന്നു. പക്ഷേ പുരോഗമന ചിന്തകൾക്കായി നിലകൊണ്ടതിൻെറ പേരിൽ കൊല്ലപ്പെട്ട ഒരാളുടെ കേസന്വേഷണം ഇതുവരെയും പൂർത്തിയായില്ല എന്നതാണ് യാഥാർഥ്യമെന്ന് മകൻ ഹമീദ് ധബോൽക്കർ അഭിപ്രായപ്പെടുന്നു.
ഇതേ സാഹചര്യത്തിൽ കൂട്ടിവായിക്കേണ്ട ഒന്നാണ് ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സത്യരഞ്ജന്‍ ധര്‍മാധികാരി ഫെബ്രുവരി മാസം രാജിവെച്ചത്. നരേന്ദ്ര ധബോല്‍ക്കര്‍-ഗോവിന്ദ് പന്‍സാരെ വധക്കേസ് പരിഗണിച്ചത് അദ്ദേഹമായിരുന്നു. യുക്തിവാദി നരേന്ദ്ര ധബോല്‍ക്കര്‍, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകക്കേസുകള്‍ അന്വേഷിക്കുന്നതിലെ കാലതാമസത്തെ കുറിച്ച് അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചിരുന്നു.
അന്വേഷണം ആരംഭിച്ച് കുറെയായെങ്കിലും ആരാണ് യഥാർഥ കുറ്റവാളിയെന്നതിൽ ഇനിയും തീർപ്പ് കൽപ്പിച്ചിട്ടില്ല. സംഭവത്തിലെ പ്രധാന കുറ്റവാളികളെ കണ്ടെത്തി സിബിഐ കേസ് ഉടൻ അവസാനിപ്പിക്കണമെന്ന് മകൻ ഹമീദ് ധബോൽകർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം എഴുത്തുകാരും യുക്തിചിന്തകരും മാധ്യമപ്രവർത്തകരും അടക്കമുള്ളവർക്കുനേരെയുള്ള ഭീഷണികൾ തുടരും.