മനുഷ്യാവകാശ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടന്നത് വര്‍ഷങ്ങള്‍ നീണ്ട ഭരണകൂട ഗൂഢാലോചന
ഭീമ കൊറേഗാവ് കേസ് നമുക്ക് കാണിച്ചുതരുന്നത് എങ്ങിനെയാണ് ഭരണകൂട സംവിധാനം രാഷ്ട്രീയ എതിരാളികളെ തടവിലാക്കാൻ ഏറ്റവും ഹീനവും ഗുരുതരവുമായ ക്രിമിനൽ ഗൂഡാലോചന നടത്തുന്നതെന്നാണ്.
ന്യൂഡൽഹി: ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാമാണെന്നാണ് വയ്പ്. ബ്രഹത്തായ ഭരണഘടന, ജനാധിപത്യത്തിലും സോഷ്യലിസത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ രാഷ്ട്രസംവിധാനം. പക്ഷേ, ഭീമ കൊറേഗാവ് കേസ് നമുക്ക് കാണിച്ചുതരുന്നത് എങ്ങിനെയാണ് ഭരണകൂട സംവിധാനം രാഷ്ട്രീയ എതിരാളികളെ തടവിലാക്കാൻ ഏറ്റവും ഹീനവും ഗുരുതരവുമായ ക്രിമിനൽ ഗൂഡാലോചന നടത്തുന്നതെന്നാണ്. ഇത് തുറന്നുകാട്ടപ്പെടുന്ന ഫോറൻസിക് റിപോർട്ടാണ് മസാച്യു സെറ്റ്സിലെ പ്രമുഖ ഫോറൻസിക് ലാബായ ആർസനൽ കൺസൾട്ടിങ് പുറത്തുവിട്ടിരിക്കുന്നത്.
എന്താണ് ഭീമാ കൊറേഗാവ് കേസ്?
1818 ജനുവരി ഒന്നിന് മെഹര്‍ സമുദായത്തില്‍പ്പെട്ട ദലിത് യോദ്ധാക്കള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ചേര്‍ന്ന് പേഷ്വാ ഭരണത്തെ തോല്‍പ്പിച്ച ഭീമാ കൊറെഗാവ് യുദ്ധ വാര്‍ഷികം കാലങ്ങളായി മെഹര്‍ സമുദായം ആഘോഷിക്കാറുണ്ട്. 199ാം വാര്‍ഷികാചരണവും യാതൊരു കലഹവുമില്ലാതെ നടന്നു. ഇരുനൂറാമത് വാര്‍ഷികാചരണത്തിന് നേരെ സംഘപരിവാർ ബോധപൂർവം ആക്രമണം അഴിച്ചുവിട്ടു. യുദ്ധ വാര്‍ഷികമാഘോഷിക്കുന്നതിന് എതിരേ ചില സംഘടനകള്‍ നേരത്തെ രംഗത്തുണ്ടായിരുന്നു. രാജവംശത്തിലെ ഉദയസിങ് പേഷ്വക്കൊപ്പം അഖില ഭാരതീയ ബ്രാഹ്മണ മഹാ സംഘ് തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് വാര്‍ഷികാഘോഷങ്ങള്‍ക്കെതിരേ അന്ന് പ്രസ്താവനകളിറക്കിയത്.
ഭീമ കൊറേഗാവ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന് നടന്ന ദലിത് ബന്ദിനെ തുടര്‍ന്ന് അഞ്ഞൂറിലേറെ ദലിതരെയാണ് മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തു പിഴ ചുമത്തി ജയിലിലടച്ചത്. അതേ അവസരത്തില്‍ തന്നെ മുംബൈ നഗരത്തിലെ ചേരികളില്‍ നിന്ന് വ്യാപകമായി ദലിതര്‍ അറസ്റ്റു ചെയ്യപ്പെട്ടു. എന്നാല്‍ ആക്രമണത്തിന് നേതൃത്വം നൽകിയ യഥാര്‍ത്ഥ പ്രതികളായ സാംബാജി ദിസെ, മിലിന്‍ഡ് എക്‌ബോട്ടെ എന്നീ സംഘികളെ തൊടാൻ അന്നത്തെ ബിജെപി സർക്കാർ തയ്യാറായില്ല.
ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നാരോപിച്ച് സുധീര്‍ ധാവ്‌ല, ഷോമ സെന്‍, റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, വരവര റാവു, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയ 16 ഓളം പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്ത് തടങ്കിലിട്ടിരിക്കുന്നത്. അര്‍ബന്‍ നക്‌സലുകള്‍ എന്നാരോപിച്ച് അറസ്റ്റ്‌ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ പുനെ പോലിസ് നല്‍കിയ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന നിലപാട് ഇപ്പോഴത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ചതിന് പിന്നാലെയാണ് കേസ് എൻഐഎ ഏറ്റെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോവാദികള്‍ പദ്ധതിയിട്ടെന്നതിന് തെളിവ് റോണ വില്‍സന്റെ കമ്പ്യൂട്ടറില്‍ ലനിന്ന് കണ്ടെത്തിയെന്നായിരുന്നു പോലിസിന്റെ അവകാശവാദം. ഈ തെളിവ് വ്യാജമായുണ്ടാക്കിയതാണെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് സംശയം പ്രകടിപ്പിച്ചു. 15 ദിവസത്തിനകം തെളിവുകളുടെ ഉറവിടം വ്യക്തമാക്കാന്‍ പോലിസിന് കഴിഞ്ഞില്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് വീണ്ടും അന്വേഷിക്കുമെന്ന് അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തിന് പിന്നാലെ കേസ് കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ ഏറ്റെടുത്തത് തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന മഹാരാഷ്ട്ര സര്‍ക്കാറിന്‌റെ നിലപാടുകളെ ശരിവയ്ക്കുന്നതാണ്. ഭീമ കൊറേഗാവ് കേസിലെ സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റില്‍, മഹാരാഷ്ട്ര പോലിസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ സംശയമുണ്ടെന്ന് സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തൽ
ഭീമ കൊറെഗാവ് കേസിൽ ജയിലിൽ കഴിയുന്ന റോണ വിൽസന്റെ കമ്പ്യൂട്ടറിൽ മാൽവെയർ ഉപയോഗിച്ച് വ്യജ തെളിവുകൾ തിരുകി കയറ്റിയെന്ന ഫോറൻസിക് റിപോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. മസാച്യുസെറ്റ്സിലെ പ്രമുഖ ഫോറൻസിക് ലാബായ ആർസനൽ കൺസൾട്ടിങ്ങിൽ നടത്തിയ പരിശോധനയിൽ ആണ് കുറ്റാരോപിതനായ റോണ വിൽസണെതിരെയുള്ള പ്രധാന തെളിവുകൾ പുറമെ നിന്ന് തിരുകി കയറ്റിയതാണെന്ന് കണ്ടെത്തിയത്. ചുരുങ്ങിയത് പത്തോളം കത്തുകൾ എങ്കിലും റോണാ വിൽസന്റെ കമ്പ്യൂട്ടറിൽ 'നെറ്റ് വയർ ' എന്ന മാൽവെയറിന്റെ സഹായത്തോടെ കയറ്റിയിട്ടുണ്ടെന്നാണ് റിപോർട്ട്. കംപ്യൂട്ടർ പിടിച്ചെടുക്കുന്നതിനും രണ്ടുവർഷം മുൻപ് തന്നെ ഈ 'നുഴഞ്ഞുകയറ്റം' നടന്നിട്ടുണ്ടെന്നും റിപോർട്ട് സൂചിപ്പിക്കുന്നു.
A brief statement from Arsenal President Mark Spencer regarding Report I in the Bhima Koregaon case. #DFIR pic.twitter.com/UHiSK2YYXm
— Arsenal Consulting (@ArsenalArmed) February 10, 2021
ആദ്യം 52 രേഖകളാണ് വിൽസന്റെ കമ്പ്യൂട്ടറിലെ 'ഹിഡൻ ഫോൾഡറിൽ' സ്ഥാപിച്ചത്. പോലിസ് വിൽസന്റെ വീട്ടിൽ അന്വേഷിച്ചു ചെല്ലുന്നതിനും ലാപ്‌ടോപ്പ് പിടിച്ചെടുക്കുന്നതിനും ഒരു ദിവസം മുമ്പാണ് തെളിവായി കണ്ടെടുത്ത അവസാന രേഖ തിരുകിക്കയറ്റിയതെന്നും റിപോർട്ട് പറയുന്നു. അതായത് 2018 ഏപ്രിൽ 17നായിരുന്നു ഈ നീക്കം നടത്തിയത്. രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന 'കമ്മിറ്റി ഫോർ ദി റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ് ' എന്ന സംഘടനയുടെ മാധ്യമ സെക്രട്ടറിയായി വിൽസൺ പ്രവർത്തിച്ചിട്ടുണ്ട്. പിഎച്ച്ഡി പഠനത്തിനായി രണ്ട് വിദേശ സർവകലാശാലകളിൽ നിന്ന് ക്ഷണം ലഭിച്ച വിൽസൺ സ്കോളർഷിപ്പിന് അപേക്ഷ നൽകിയിരിക്കവേയാണ് അറസ്റ്റിലാകുന്നത്.
തോക്കുകളുടെയും വെടിമരുന്നിന്റെയും ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് വിൽസൺ 'മാവോവാദി നേതാവിന്' എഴുതിയ കത്തും എൻഐഎ നിരത്തിയ തെളിവുകളിൽ പ്രമുഖമാണ്. അതിൽ പ്രധാനമന്ത്രി മോദിയെ വധിക്കാൻ നിരോധിത സംഘടനയെ വിൽസൺ പ്രേരിപ്പിച്ചു എന്നായിരുന്നു ആരോപണം. വിൽസണ് മേൽ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങൾക്കാസ്പദമായ ആ ഫോൾഡർ വിൽസൺ തുറന്നിട്ടില്ലെന്നും, കൃത്യമായി പറഞ്ഞാൽ ആ ഫോൾഡർ ആരും തുറന്നിട്ടില്ലെന്നും റിപോർട്ട് വ്യക്തമാക്കുന്നു.
These are NetWire communications between Rona Wilson's computer and the attacker's command & control server, recovered from Windows hibernation slack (January 6, 2018 - January 7, 2018 timeframe) using @ArsenalRecon's Hibernation Recon and @xchatty's bulk_extractor. #DFIR pic.twitter.com/REbkhiqkhF
— Arsenal Consulting (@ArsenalArmed) February 10, 2021
ഈ കേസിൽ വിൽസന്റെ കമ്പ്യൂട്ടറിൽ കണ്ടെത്തിയ പത്ത് നിർദ്ദിഷ്ട രേഖകളുടെ പരിശോധനക്കായാണ് ആർസനലിനെ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ പരിശോധനക്കിടെ ഒരു മാൽവെയറിന്റെ സാന്നിധ്യം വിൽസന്റെ കമ്പ്യൂട്ടറിൽ കണ്ടെത്തിയെന്നും അത് വിൽസൺ പോലും അറിയാതെ തന്നെ സിസ്റ്റത്തിന്റെ ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അവർ കണ്ടെത്തുകയായിരുന്നു.
ആക്ടിവിസ്റ്റും കവിയും കേസിലെ സഹപ്രതിയുമായ വരവര റാവുവിന്റെ അക്കൗണ്ടുപയോഗിക്കുന്ന മറ്റൊരു വ്യക്തിയിൽ നിന്നുമാണ് വിൽസണ് സംശയാസ്പദമായ ഇമെയിലുകൾ ലഭിക്കുന്നത്. റാവുവിന്റെ അക്കൗണ്ട് ഉപയോഗിച്ച വ്യക്തി ഈ കാലയളവിൽ വിൽസൺ വഴി തന്നെ ഒരു പ്രത്യേക രേഖ തുറക്കാൻ ഒന്നിലധികം ശ്രമങ്ങളാണ് നടത്തിയത്. ഇത് ഒരു സിവിൽ ലിബർട്ടീ ഗ്രൂപ്പിൽ നിന്നുള്ള ഒരു പ്രസ്താവന ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്കായിരുന്നു. ഇതിലൂടെയാണ് നെറ്റ് വയർ എന്ന മാൽവെയറിലൂടെ വിൽസന്റെ കമ്പ്യൂട്ടറിൽ വ്യാജ തെളിവുകൾ തിരുകി കയറ്റിയത്.
This is one of many "process trees" Arsenal built from recovered application execution data on Rona Wilson's computer in the Bhima Koregaon case. You can see a NetWire RAT launch, delivery of a crucial document into a hidden folder, & creation of a new "Key Logger" file. #DFIR pic.twitter.com/vAG4IGz9wA
— Arsenal Consulting (@ArsenalArmed) February 10, 2021
2009 ൽ സ്ഥാപിതമായ ആർസനൽ കൺസൾട്ടിങ് 'ബോസ്റ്റൺ മാരത്തൺ ബോംബിങ്' ഉൾപ്പെടെയുള്ള പല പ്രധാന കേസുകളിലും ഡിജിറ്റൽ ഫോറൻസിക് വിശകലനം നടത്തിയിട്ടുള്ളവരാണ്. തങ്ങൾ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ള കേസുകളിൽ ഏറ്റവും ഗുരുതരമായ ഒന്നാണിത്. കൃത്രിമമായ തെളിവുകളും മറ്റും സൃഷ്ടിക്കാനും കുറ്റത്തിന്റെ ഗൗരവം വർദ്ധിപ്പിക്കാനുമായി വളരെയധികം സമയം ഈ കേസിൽ മുടക്കിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും ആർസനൽ റിപോർട്ടിൽ വ്യക്തമാക്കുന്നു.
കോടതി നീതിയുടെ പക്ഷത്ത് നിൽക്കുമോ?
ഭീമാ കൊറെഗാവ് കേസിൽ ആദ്യം അറസ്റ്റിലായത് റോണാ വിൽസണാണ്. ഇദ്ദേഹം ഉൾപ്പെടെ കവികളും ഗവേഷകരും മനുഷ്യാവകാശ പ്രവർത്തകരുമായി 16 പേരാണ് രണ്ടു വർഷമായി വിചാരണ പോലുമില്ലാതെ ജയിലിൽ കിടക്കുന്നത്. പലതരം രോഗബാധയും പ്രായാധിക്യത്തിന്റെ അവശതയുമായി തടവുകാരിൽ പലരും ദയനീയ അവസ്ഥയിലുമാണ്. ഏതായാലും പുതിയ ഫോറൻസിക് റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ഭീമ കൊറേഗാവ് കേസിലെ പ്രവർത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട നടപടികൾ സ്റ്റേ ചെയ്യണമെന്ന് വിൽസൺ തന്റെ അപേക്ഷയിൽ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കാലയളവിൽ കുറ്റാരോപിതർ അനുഭവിച്ച യാതന, പീഡനം, മൗലികാവകാശ ലംഘനം, അപകീർത്തിപ്പെടുത്തൽ, തടവിലിടൽ, മനുഷ്യത്വരഹിതമായ പെരുമാറ്റം എന്നിവക്കൊരു പരിഹാരമെന്നവണ്ണം കേസിൽ പ്രതി ചേർത്തിട്ടുള്ള എല്ലാവരെയും വിചാരണ ചെയ്യുന്നതിനുള്ള അനുമതി ഉത്തരവും ചാർജ്ജ് ഷീറ്റും റദ്ദാക്കണമെന്നും വിൽസൺ അപേക്ഷയിൽ ആവശ്യപ്പെടുന്നു. തങ്ങളുടെ കക്ഷിക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വിൽസന്റെ അഭിഭാഷകർ ആർസനൽ റിപോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള റോണ വിൽസൺ അടക്കമുള്ള എല്ലാ കുറ്റാരോപിതരും ആദിവാസികൾക്കും ദലിതർക്കും രാജ്യത്തെ ഏറ്റവും പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കായും വാദിക്കുന്നവരാണ്. കൂടാതെ മോദി സർക്കാരിനെ അവർ പരസ്യമായി എതിർക്കുന്നുമുണ്ട്. കേന്ദ്ര ഭരണത്തെ വിമർശിക്കുന്നവരെ ഭയപ്പെടുത്തിയും ഉപദ്രവിച്ചും അറസ്റ്റു ചെയ്തുമാണ് മോദി സർക്കാർ നേരിടുന്നതെന്ന പരാതിക്ക് ബലപ്പെട്ട ഒരടിത്തറയാണ് ഈ വെളിപ്പെടുത്തലുകൾ നൽകുന്നത്. ഇത് രാജ്യത്തുണ്ടാകുന്ന വിയോജിപ്പുകളെയും വേറിട്ട ശബ്ദത്തെയും അടിച്ചമർത്താനുള്ള സർക്കാർ ശ്രമമാണെന്ന് മനുഷ്യാവകാശ സംഘടനകളും നിയമ വിദഗ്ധരും ചൂണ്ടികാണിക്കുന്നു.
പ്രസ്തുത കേസിലെ തീവ്രവാദ ബന്ധങ്ങൾ ഇന്ത്യയുടെ ദലിത്, തദ്ദേശീയ, ഗോത്ര സമുദായങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നില കൊള്ളുകയും പരിരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകരെ നിശബ്ദമാക്കാൻ ഉപയോഗിക്കുന്നു എന്ന് യുഎൻ മനുഷ്യാവകാശ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയത് ഒമ്പത് മനുഷ്യാവകാശ പ്രവർത്തകരെ ലക്ഷ്യമിട്ട് ഒരു 'സംഘടിത നുഴഞ്ഞുകയറ്റ പ്രവർത്തനം' നടക്കുന്നതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും ടൊറന്റോ ഇന്റർനെറ്റ് വാച്ച്ഡോഗ് സിറ്റിസൺ ലാബും കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. അതിൽ എട്ട് പേരും ഭീമ കൊറേഗാവ് തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നുള്ളത് സാഹചര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നവയാണ്.