ജൂണ്‍ 26: അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തി അഞ്ചാം വര്‍ഷം- നിയമപരമായ അടിയന്തരാവസ്ഥയും നിയമപരമല്ലാത്ത അടിയന്തരാവസ്ഥയും
-ജൂണ്‍ 26: അടിയന്തരാവസ്ഥയുടെ നാല്‍പ്പത്തി അഞ്ചാം വര്‍ഷം-
നിയമപരമായ അടിയന്തരാവസ്ഥയും നിയമപരമല്ലാത്ത അടിയന്തരാവസ്ഥയും
ഏത് സാഹചര്യത്തിലും വിയോജിപ്പുകളുടെ ഇടം നിലനിര്‍ത്തുന്നുവെന്നതാണ് ജനാധിപത്യത്തെ മറ്റുള്ള ഭരണവ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഈ ഇടം നല്‍കിക്കൊണ്ടുതന്നെയാണ് ഇന്ത്യയിലും ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ ജനാധിപത്യത്തിന്റെയും സ്വയംഭരണത്തിന്റെയും മുന്നനുഭവങ്ങളുടെ അഭാവം നമ്മുടെ ഭരണഘടനയ്ക്ക് കേന്ദ്രീകൃതമായ ചില സ്വഭാവ സവിശേഷതകള്‍ നല്‍കി. അടിസ്ഥാനപരമായി ഫെഡറല്‍ ഘടനയെ അംഗീകരിച്ചുകൊണ്ടാണെങ്കിലും കേന്ദ്രീകരണത്തിന്റേതായ ചില മുഖങ്ങള്‍ ഇന്ത്യന്‍ ഭരണഘടന കൈയാളിയിരുന്നു. യൂണിറ്ററിയായ സ്വഭാവം നമ്മുടെ ഭരണഘടനയ്ക്ക് ലഭിച്ചതിന്റെ പിന്നില്‍ ഒരു കാരണം അതാണ്. തീര്‍ച്ചയായും അതിന് മറ്റു ചില കാരണങ്ങളുമുണ്ടായിരുന്നു. പരസ്പരം പോരടിക്കുന്ന നൂറുകണക്കിനു നാട്ടുരാജ്യങ്ങളെ ഒന്നാക്കിത്തീര്‍ത്ത് രൂപം കൊടുക്കുന്ന ഒരു വലിയ രാജ്യം ഭരിക്കാന്‍ ശക്തവും കേന്ദ്രീകൃതവുമായ ഭരണഘടന വേണമെന്നും നമ്മുടെ നേതാക്കള്‍ കരുതിയിരുന്നു. ഇവരിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൂലധന ശക്തികള്‍ക്കും ഇത് ആവശ്യമായിരുന്നു. ആയിരക്കണക്കിനു കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഒരു രാജ്യത്തെ ഒരൊറ്റ വിപണിയായി പരിവര്‍ത്തിപ്പിക്കുകയെന്നാല്‍ കേന്ദ്രീകൃതവും ശക്തവുമായ രാജ്യമായി ഇന്ത്യയെ വിഭാവനം ചെയ്യുക തന്നെയാണ് വേണ്ടതെന്ന് അവരും ആഗ്രഹിച്ചു.
മറുപക്ഷത്ത് രാജ്യത്തെ പിടിമുറുക്കിയിരുന്ന ജാതീയ അസമത്വങ്ങള്‍ പ്രാദേശിക അധികാര വ്യവസ്ഥയുമായി കെട്ടുപിണഞ്ഞുകിടക്കുകയാണെന്ന് അംബേദ്കറെ പോലുള്ളവര്‍ കരുതിയിരുന്നു. ഈ വ്യവസ്ഥയില്‍നിന്ന് സ്വതന്ത്രമാവാന്‍ അവര്‍ക്കു മുന്നില്‍ അവശേഷിച്ച വഴിയും മുകളില്‍നിന്ന് അതിനെ അറുത്തുമാറ്റാന്‍ ശക്തിയുള്ള ഒരു അധികാരരൂപമാണ്. അല്ലെങ്കില്‍ അധികാരത്തിന്റെ ഒരു പിതൃസ്വരൂപമാണ്. അത്തരം ആഗ്രഹപൂര്‍ത്തീകരണത്തിന്റെ ഭാഗമായിരുന്നു ഇന്ത്യന്‍ ഭരണഘടന. കൊളോണിയലിസവുമായി സന്ധിയില്ലാ സമരം ചെയ്ത ആദ്യ നാളുകളില്‍ ഭരണഘടന ഉള്ളിലൊളിപ്പിച്ച ഈ കേന്ദ്രീകൃതസ്വഭാവം നമുക്ക് അനുഭവവേദ്യമായിരുന്നില്ല. സ്വപ്‌നസദൃശ്യമായ ഒരു കാലം കൂടിയായിരുന്നുവല്ലോ അത്. നടന്നും ഓടിയും ത്യജിച്ചും മരിച്ചും നേടിയ സ്വാതന്ത്ര്യത്തിന്റെ കനി ആ തലമുറയെ സംബന്ധിച്ചിടത്തോളം കാല്‍പ്പനികവും കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ നേരിട്ട വിഭജനവും അതുമായി ബന്ധപ്പെട്ട കൂട്ടക്കൊലകളും ഇന്ത്യന്‍ മനസ്സാക്ഷിയെ അല്‍പമൊന്ന് കുഴക്കിയെങ്കിലും നെഹ് റുവിനെപ്പോലുള്ള വലിയ നേതാക്കളുടെയും ലക്ഷക്കണക്കിന് മറ്റ് നേതാക്കളുടെയും സാന്നിധ്യം ഈ പ്രതിസന്ധിയെ വൈകാരിക തലത്തില്‍ കത്തിപ്പടരാതെ ഒട്ടൊക്കെ മറികടന്നു. പക്ഷേ, ഏറെ താമസിയാതെ സമൂഹത്തിലും രാഷ്ട്രീയത്തിലും ഭരണഘടനയിലും ഒളിഞ്ഞിരുന്ന അപകടത്തിന്റെ വിത്തുകള്‍ മുളച്ചുവരാന്‍ തുടങ്ങി. ഇതേ സമയത്ത് സ്വാതന്ത്ര്യസമരത്തിലൂടെ പാകമായ ആ തലമുറ ഇല്ലാതാവാന്‍ തുടങ്ങിയിരുന്നു. അവര്‍ ഉണര്‍ത്തിവിട്ട സ്വപ്‌നങ്ങള്‍ വാടിക്കൊഴിയാനും തുടങ്ങിയിരുന്നു.
വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും പട്ടിണിയും പഴയ നേതാക്കള്‍ പുതിയ അധികാരകേന്ദ്രമായി മാറിയതും പ്രതിഷേധിച്ചവര്‍ അടിച്ചമര്‍ത്തപ്പെട്ടതും ഇന്ത്യന്‍ ജനത അദ്ഭുതത്തോടെ കണ്ടു. പിതൃസ്വരൂപമായി ഓരോരുത്തരും സങ്കല്‍പ്പിച്ചിരുന്ന ഇന്ത്യാമഹാരാജ്യത്തില്‍ നിന്ന് അവര്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. നെഹ്‌റുവിനു ശേഷം ഏറെ താമസിയാതെ അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധിയുടെ കാലമായപ്പോഴേക്കും ഇന്ത്യ അധികാരത്തിനുവേണ്ടി വെട്ടിപ്പിടുത്തം നടത്തുന്ന ഒരു കൂട്ടത്തിന്റെ പടയോട്ടഭൂമി മാത്രമായി മാറിയിരുന്നു. അമിതാധികാര പ്രവണത, അഴിമതി, പ്രതിഷേധങ്ങളോടുള്ള അലിവില്ലായ്മ, കൂട്ടക്കൊലകള്‍, പട്ടിണി, ക്ഷാമം... ഇന്ത്യ എന്ന കാല്‍പനിക സ്വരൂപത്തെ ജനങ്ങള്‍ കൈയൊഴിയുകയും അധികാരത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. രാജ്യത്താകമാനം ആദിവാസി മേഖലളില്‍ നിരവധി കലാപങ്ങളാണ് അക്കാലത്ത് ഉയര്‍ന്നുവന്നത്. തൊഴിലാളികള്‍ തൊഴില്‍ശാലകളില്‍ കൊടിയുയര്‍ത്തി. വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങി. അമേരിക്കയുമായി കൂടി പട്ടിണിയെ നേരിടാന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചെങ്കിലും വിയറ്റ്‌നാം യുദ്ധം എല്ലാം താറുമാറാക്കി. അതിനിടയില്‍ അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങളും രൂപയുടെ മൂല്യശോഷണവും ആഗോള എണ്ണ പ്രതിസന്ധിയും കാര്‍ഷികമേഖലയിലെ മുരടിപ്പും പ്രശ്‌നം സൃഷ്ടിച്ചു. പുറത്തു നടത്തിയ ചികില്‍സകളൊന്നും ഫലം കണ്ടില്ല.
ഈ കാലത്താണ് 1971ലെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. അധികാരത്തെ തനിക്കുവേണ്ടി ഉപയോഗിച്ചുകൊണ്ട് ഇന്ദിര തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇതേ കാലത്തുതന്നെ സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യമാസകലം സമരം തുടങ്ങിയിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് മാറ്റിവച്ച സ്വപ്നം ഒരിക്കല്‍ കൂടി അവര്‍ കാണാന്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ ഇന്ദിരയ്ക്കായിരുന്നു ജയം. ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് കൃത്രിമം നടത്തിയെന്നാരോപിച്ച്, പരാജയപ്പെട്ട സ്ഥാനാര്‍ഥി രാജ് നാരായണ്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. 1975 ജൂണ്‍ 12ന് ഈ കേസില്‍ വിധി വന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് ജഗന്‍മോഹന്‍ സിന്‍ഹ ഇന്ദിരയെ കുറ്റക്കാരിയായി പ്രഖ്യാപിച്ചു. ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് വിലക്കി. ഇത് ചോദ്യം ചെയ്ത് ഇന്ദിര നല്‍കിയ ഹരജി സുപ്രിംകോടതിയില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ബെഞ്ചില്‍ വന്നു. അദ്ദേഹവും അത് ശരിവച്ചു. 1975 ജൂണ്‍ 24നായിരുന്നു അത്. സുപ്രിംകോടതി ഇന്ദിരയുടെ എംപി എന്ന നിലയിലുള്ള പല അവകാശങ്ങളും അവസാനിപ്പിച്ചു. എങ്കിലും പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിച്ചു, അതും അപ്പീല്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍. ആദ്യ വിധി വന്ന സമയത്തുതന്നെ ഇന്ദിര രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭമാരംഭിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായിരുന്നു രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനെ ഉപയോഗിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂണ്‍ 25 അര്‍ധരാത്രി ആവാന്‍ നിമിഷങ്ങള്‍ ശേഷിക്കുമ്പോള്‍ രാജ്യം അടിയന്തരാവസ്ഥയിലേക്ക് കാലുകുത്തി.
വിദേശാക്രമണം മൂലമോ ആഭ്യന്തര കലാപങ്ങള്‍ മൂലമോ ഉണ്ടാവുന്ന അരക്ഷിതാവസ്ഥ നേരിടുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യന്‍ ഭരണഘടനയില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 352ാം വകുപ്പുപ്രകാരം രാഷ്ട്രപതി പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥയ്ക്ക് 30 ദിവസത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. ആറ് മാസമാണ് അടിയന്തരാവസ്ഥയുടെ കാലാവധി. പിന്നീട് അത് നീട്ടാം. ഇന്ത്യയില്‍ ആകെ മൂന്ന് തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. 1962 ഒക്ടോബര്‍ 26നും 1971 ഡിസംബര്‍ 3നും, 1975 ജൂണ്‍ 26നും. ഇതില്‍ ആദ്യത്തെ രണ്ടും വിദേശാക്രമണം മൂലമായിരുന്നു. 1975ലെ അടിയന്തരാവസ്ഥ 18 മാസം നീണ്ടു. വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് ഇക്കാലത്ത് രാജ്യം കണ്ടത്. കൂട്ടക്കൊലകള്‍, വംശീയാക്രമണങ്ങള്‍, അവകാശധ്വംസനങ്ങള്‍, പീഡനങ്ങള്‍... അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ ഇന്ദിരാഗാന്ധി ഒരു പോലിസ് രാജാക്കി മാറ്റി. എല്ലാ പൗരാവകാശങ്ങളും റദ്ദാക്കി. ഭരണകൂടത്തിനെതിരേ ഉയര്‍ന്നുവന്ന എല്ലാ അസംതൃപ്തിയെയും തടഞ്ഞുനിര്‍ത്താനുള്ള ഒരു മരുന്നായി മാറി അടിയന്തരാവസ്ഥ.
ഒരര്‍ഥത്തില്‍ ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ഭരണഘടനയിലും നിലനില്‍ക്കുന്ന കേന്ദ്രീകൃതസ്വഭാവത്തിന്റെ ഒരു പ്രകാശനമായിരുന്നു അടിയന്തരാവസ്ഥയെന്നു പറഞ്ഞാല്‍ തെറ്റില്ല. പുതിയ കാലത്ത് ഇതേ സാഹചര്യം അടിയന്തരാവസ്ഥയുടെ ഔപചാരികമായ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നവെന്ന കാര്യം ശ്രദ്ധേയമാണ്. പുതിയ കാലത്തെ നിയമപരമല്ലാത്ത അടിയന്തരാവസ്ഥയെ കുറിച്ചോര്‍ത്താല്‍ പഴയ കാലം ഒരു കുട്ടിക്കളിമാത്രമാണോ എന്ന് നാം സംശയിക്കുന്നിടത്തോളം കാര്യം മാറിക്കഴിഞ്ഞു. ഇന്ന് പഴയ പ്രഖ്യാപനങ്ങളൊന്നും നിലവിലില്ല. പക്ഷേ, കാര്യത്തില്‍ അത് അടിയന്തരാവസ്ഥയുടെ സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അത് രൂപത്തില്‍ മാത്രമാണെന്നും പറയാം. ഇന്ദിരയുടെ അടിയന്തരാവസ്ഥയില്‍ ചില പോപുലിസ്റ്റ് നയങ്ങളെങ്കിലും കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഘട്ടത്തില്‍ തികച്ചും ജനവിരുദ്ധ നയങ്ങളാണു നടപ്പാക്കുന്നത്. ഇന്ദിരയ്ക്ക് അധികാരം മാത്രമാണ് പ്രശ്‌നമായിരുന്നതെങ്കില്‍, വര്‍ത്തമാനകാലത്ത് ദേശീയ വികാരത്തെ ഉദ്ദീപിപ്പിച്ചുകൊണ്ടാണ് അടിയന്തരാവസ്ഥ നടപ്പാക്കുന്നത്. മാധ്യമങ്ങള്‍ക്ക് അന്ന് സെന്‍സര്‍ഷിപ്പാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍, ഇക്കാലത്ത് മാധ്യമങ്ങള്‍ മുട്ടിലിഴയുകയല്ല, രാജസേവ ചെയ്യുകയാണെന്നതും രാജ്യത്തിന്റെ രാജ്യത്തിന്റെ പരിതാവസ്ഥയെ കുറിച്ചുള്ള ചിത്രം വ്യക്തമാക്കുകയാണ്.
Legal Emergency and Illegal Emergency