കൊറോണക്കാലത്തും യുപിയില്‍ മുസ്‌ലിംകള്‍ക്കെതിരേ തുടര്‍ച്ചയായി ഹിന്ദുത്വ ആക്രമണം

മൊറാദാബാദ് ജില്ലയില്‍ മാംസ വില്‍പനക്കാരനായ മുസ്‌ലിം ചെറുപ്പക്കാരനെ ഒരു സംഘം 'ഗോരക്ഷക്' ഗുണ്ടകള്‍ ആക്രമിച്ചു. മാംസ കച്ചവടക്കാരനായ മുഹമ്മദ് ഷക്കീറിനെതിരേ കേസെടുത്തു.

Update: 2021-05-24 08:45 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കൊറോണക്കാലത്തും തുടരെത്തുടരെ വംശിയാക്രമണം അഴിച്ചുവിട്ട് ഹിന്ദുത്വര്‍. പടിഞ്ഞാറന്‍ യുപിയിലെ മൊറാദാബാദ് ജില്ലയില്‍ മാംസ വില്‍പനക്കാരനായ മുസ്‌ലിം ചെറുപ്പക്കാരനെ ഒരു സംഘം 'ഗോരക്ഷക്' ഗുണ്ടകള്‍ ആക്രമിച്ചു. മാംസ കച്ചവടക്കാരനായ മുഹമ്മദ് ഷക്കീറിനെതിരേ കേസെടുത്തു.

അക്രമം നടത്തിയ ആറുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. എന്നാല്‍, അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 50 കിലോ കാളയിറച്ചി സ്‌കൂട്ടറില്‍ കയറ്റുന്നതിനിടെ മനോജ് താക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിക്കുകയായിരുന്നുവെന്ന് ഷക്കീറിന്റെ സഹോദരന്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

മര്‍ദനത്തിന്റെ വീഡിയോ പോലിസിനു ലഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ വീഡിയോ ദൃശ്യം ലഭിച്ചതായും ഇതുപ്രകാരം ആറുപേര്‍ക്കെതിരേ കേസെടുത്തിരിക്കയാണ്. പ്രതികളെ തേടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഷക്കീറിനെതിരേ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നതെന്നും പോലിസ് പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ഗ്രാമത്തലവനെ മുന്‍ ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കഴിഞ്ഞ ദിവസം വെടിവച്ചുകൊന്നിരുന്നു. ബറേലിയിലെ പരാഗ്വാന്‍ ഗ്രാമത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഇസ്ഹാഖ് റിസ്‌വിയാ (32)ണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഒരേസമയം ഹിന്ദുത്വരും പോലിസും വംശീയാക്രമണത്തിന് മുതിരുന്നതിന്റെ മറ്റൊരുദാഹരണമാണ് ഉന്നാവില്‍ നടന്നത്. കൊവിഡ് നിയന്ത്രണം ലംഘിച്ച് പച്ചക്കറി വില്‍പ്പന നടത്തി എന്നാരോപിച്ച് പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈന്‍ എന്ന 17 കാരനാണ് മെയ് 20ന് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് യുപി പോലിസ് പിടികൂടിയ ഫൈസല്‍ ഹുസൈനെ ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഉന്നാവിലെ ബങ്കമാരു ടൗണിലെ സ്വന്തം വീടിന് മുന്‍പിലായിരുന്ന ഫൈസല്‍ പച്ചക്കറി വിറ്റത്. അവിടെ നിന്നാണ് ഫൈസലിനെ പോലിസ് കസ്റ്റഡിയിലെടുത്തതെന്നും ക്രൂര മര്‍ദനത്തിന് ഇരയാക്കിയതെന്നും ദൃക്‌സാക്ഷികളും പറയുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നിരവധി ആക്രമണങ്ങളാണ് മുസ് ലിംകള്‍ക്കെതിരേ നടന്നത്. രണ്ടു പേര്‍ മരണപ്പെട്ടതായ റിപോര്‍ട്ടുകളാണ് പുറത്തുവന്നത്. വെടിയേറ്റ് കൊല്ലപ്പെട്ട ബറേലിയിലെ പരാഗ്വാന്‍ ഗ്രാമത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഇസ്ഹാഖ് റിസ്‌വിയുടെ ഭാര്യ വെടിയേറ്റ് ചികില്‍സയിലുമാണ്.

Similar News