സിബിഐ ഡയരക്ടറായി എത്തുന്നത് ഭീമ കൊറേഗാവ് കേസ് അന്വേഷണമേല്‍നോട്ടം വഹിച്ച സുബോധ് കുമാർ
സിബിഐയില്‍ അദ്ദേഹത്തിന് യാതൊരു മുന്‍പരിചയവും ഇല്ല. എന്നാല്‍ ഭീമാ കൊറേഗാവ് അടക്കമുള്ള യുഎപിഎ കേസ് കൈകാര്യം ചെയ്തതാണ് അദ്ദേഹത്തെ നിയമിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് റിപോർട്ടുകൾ.
ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയരക്‌ടറായി തിരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര ഐപിഎസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ ജയ്‌സ്വാൾ ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടകളിലെ സ്ഥിരം സാനിധ്യം. 2008ലെ മുംബയ് ആക്രമണ സമയത്ത് സുബോധ് കുമാര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു. ഭീമ കൊറേഗാവ് കേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചതും ഇദ്ദേഹമാണ്.
1985 ബാച്ച് ഐപിഎസ് ഓഫീസറായ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ നിലവില്‍ സിഐഎസ്എഫ് ഡയരക്‌ടര്‍ ജനറലാണ്. രഹസ്യാന്വേഷണ വിഭാഗമായ റോയിലും സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലും (എസ്പിജി) അടക്കം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി ആയിരിക്കെ 2018 ജൂണ്‍ മുതല്‍ 2019 ഫെബ്രുവരി വരെ സുബോധ് കുമാര്‍ മുംബൈ പോലിസ് കമ്മിഷണറായിരുന്നു.
മഹാരാഷ്ട്ര ഡിജിപി ആയിരിക്കെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് രണ്ടാമതും പോകുന്നത്. സിബിഐയില്‍ അദ്ദേഹത്തിന് യാതൊരു മുന്‍പരിചയവും ഇല്ല. എന്നാല്‍ ഭീമാ കൊറേഗാവ് അടക്കമുള്ള യുഎപിഎ കേസ് കൈകാര്യം ചെയ്തതാണ് അദ്ദേഹത്തെ നിയമിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് റിപോർട്ടുകൾ.
2008ൽ നടന്ന മുംബൈ ആക്രമണം ആസൂത്രിതമായിരുന്നെന്ന വെളിപ്പെടുത്തലുകൾ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്നു ഇദ്ദേഹം. ഭീമാ കൊറേഗാവ് കേസ് കെട്ടിച്ചമച്ചതാണെന്ന ശാസ്ത്രീയ തെളിവുകൾ നേരത്തെ അന്താരാഷ്ട്ര ഫോറൻസിക് ലാബ് പുറത്തുവിട്ടിരുന്നു.
കേന്ദ്ര ഏജൻസികൾ സർക്കാരിന്റെയും ആർഎസ്എസിന്റെയും ചട്ടുകമാകുന്നെന്ന ശക്തമായ ആരോപണം നിലനിൽക്കുമ്പോഴാണ് സുബോധ് കുമാർ സിബിഐ ഡയരക്ടറായി നിയമിക്കപ്പെടുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.