ഒരു പത്രത്തിന്റെ മരണം

വിഎസ് സര്‍ക്കാരിന്റെ കാലത്താണ്് പരസ്യം നിഷേധിക്കുന്നത്. 2012ല്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി സെന്‍കുമാര്‍ പരസ്യം നല്‍കരുതെന്ന് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. അതിന്റെ പരിണതിയെന്ന നിലയില്‍ ഈ ഡിസംബര്‍ 31ന് പത്രം അകാല ചരമമടയുകയാണ്.

Update: 2018-12-30 13:18 GMT

ബാബുരാജ് ബി എസ്



നാളെ ഈ പത്രത്തിന്റെ അവസാന കോപ്പി വായനക്കാരുടെ കൈയിലെത്തും. അങ്ങനെയൊരു പത്രത്തില്‍ അതിലെ അവസാന കോളം എഴുതി പൂര്‍ത്തിയാക്കുക ക്ലേശകരം. കോളം കൈകാര്യം ചെയ്യുന്നത് അതേ പത്രം അനുഭവിക്കുന്ന നീതിനിഷേധമാണെങ്കില്‍ ആ പ്രതിസന്ധിക്ക് കുറച്ചുകൂടി വൈകാരിക ഭാവം കൈവരും. അത്തമൊരു വൈകാരിക പ്രതിസന്ധിയിലൂടെയാണ് ഇത് എഴുതുന്നയാള്‍ കടന്നുപോകുന്നത്.

എല്ലാവര്‍ക്കും അറിയാവുന്നപോലെ, ഏതു പത്രത്തിന്റെയും അവകാശമായ സര്‍ക്കാര്‍ പരസ്യം നിഷേധിക്കപ്പെട്ടതുകൊണ്ടാണ് ഈ പ്രതിസന്ധി രൂപം കൊണ്ടത്. വിഎസ് സര്‍ക്കാരിന്റെ കാലത്താണ്് പരസ്യം നിഷേധിക്കുന്നത്. 2012ല്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി സെന്‍കുമാര്‍ പരസ്യം നല്‍കരുതെന്ന് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. മാനേജ്‌മെന്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായില്ല. അതിന്റെ പരിണതിയെന്ന നിലയില്‍ ഈ ഡിസംബര്‍ 31ന് പത്രം അകാല ചരമമടയുകയാണ്.

എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിസന്ധി രൂപം കൊള്ളുന്നത്? തേജസിനെ സംബന്ധിച്ചിടത്തോളം എല്ലാ ഭരണകൂടങ്ങളും എല്ലാ ജനനേതാക്കളും ഒരേ നിലപാടല്ല എടുത്തത്. പാര്‍ശ്വവല്‍കൃത ജനതയുടെ ആശയാഭിലാഷങ്ങളെയും അവര്‍ നേരിടുന്ന നീതിനിഷേധങ്ങളെയും അനുഭാവപൂര്‍വം പരിഗണിക്കണമെന്നു കരുതിയ ഭരണകര്‍ത്താക്കളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നിട്ടും ഗുണകരമായ ഒന്നും സംഭവിക്കാതെപോയതിനു പിന്നില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെയും സിവില്‍ സൊസൈറ്റിയുടെയും ചില സ്വഭാവസവിശേഷതകള്‍ കാരണമായിട്ടുണ്ടെന്നു പറയേണ്ടിവരും.ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് വിശദീകരിക്കാന്‍ കെഇഎന്‍ 'അദൃശ്യഭരണകൂടം' എന്ന ഒരാശയം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയത വളര്‍ന്നുവന്ന പശ്ചാത്തലത്തെ പരിശോധിച്ചുകൊണ്ടാണ് അദ്ദേഹം ഈ പരികല്‍പന മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യന്‍ ദേശീയത വളര്‍ന്നുവരുന്നതില്‍ ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തിനു നേതൃപരമായ പങ്കുണ്ട്. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും സജീവമായ ധാരയുടെ സാംസ്‌കാരിക ഉള്ളടക്കമായിരിക്കാന്‍ ബ്രാഹ്മണിക്കല്‍ കാഴ്ചപ്പാടിനു കഴിഞ്ഞു. ഒരു പരിധി വരെ അതിനെ പ്രകോപിപ്പിച്ചത് വിശാലമായ അര്‍ഥത്തില്‍ ഗാന്ധിയാണ്. പ്രകോപനം അതിരുവിട്ടതിനാല്‍ ഗാന്ധിക്ക് സ്വന്തം ജീവന്‍ നഷ്ടമായി.

ഇത്തരമൊരു സാഹചര്യത്തിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാഷ്ട്രീയ നേതൃത്വത്തെയും ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തെയും സംയോജിപ്പിച്ചുകൊണ്ട് സാംസ്‌കാരിക വൈവിധ്യങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു അധികാര പ്രത്യയശാസ്ത്രം വളര്‍ന്നുവന്നത്. പുരോഗമനപരമായ ഏതു രാഷ്ട്രീയ തീരുമാനങ്ങളെയും നിയന്ത്രിക്കാനും അരികുവല്‍ക്കരിക്കാനുമുള്ള പ്രഭാവം പ്രകടിപ്പിക്കുന്ന ഈ ശക്തി മറഞ്ഞിരിക്കുന്നുവെന്ന അര്‍ഥത്തിലാണ് ഇതിനെ അദൃശ്യഭരണകൂടമെന്ന് വിളിക്കുന്നത്. ഭരണകൂടത്തിലും സിവില്‍ സൊസൈറ്റിയിലും വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള വ്യക്തികളിലൂടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

നെഹ്‌റു തന്നെ ഈ അദൃശ്യഭരണകൂടത്തിന്റെ ശക്തിയെ ഒട്ടൊക്കെ പ്രതിരോധിച്ചെങ്കിലും ആ കാലത്തും അദൃശ്യഭരണകൂടത്തിന്റെ പ്രഭാവം നിലനിന്നു. ഒരു ഉദാഹരണവും കെഇഎന്‍ നല്‍കുന്നു. ബാബരി മസ്ജിദില്‍ സവര്‍ണര്‍ പ്രതിഷ്ഠിച്ച രാമവിഗ്രഹം എടുത്തുമാറ്റാന്‍ നെഹ്‌റു നിര്‍ദേശം നല്‍കിയെങ്കിലും കലക്ടര്‍ തീരുമാനിച്ചത് അത് അവിടെ നിലനിര്‍ത്താനാണ്. അദൃശ്യഭരണകൂടത്തിന്റെ കരുത്താണ് കലക്ടര്‍ പ്രദര്‍ശിപ്പിച്ചത്.

പുതിയ കാലത്ത് അദൃശ്യഭരണകൂടം കുറേക്കൂടി കരുത്ത് ആര്‍ജിച്ചിരിക്കുന്നു. നെഹ്‌റു അദൃശ്യഭരണകൂടവുമായി കുറേയൊക്കെ സംഘര്‍ഷത്തിലായിരുന്നുവെങ്കിലും പുതിയ ഭരണകൂടങ്ങള്‍ പൂര്‍ണമായും സന്ധി ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ നേതൃത്വവും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഒരു പ്രത്യേക അനുപാതത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഭരണകൂടത്തിലെ ഒരു വിഭാഗം അനുകൂലമായി പ്രതികരിച്ചാലും അതിനെ മറികടക്കാവുന്ന വിധത്തില്‍ അദൃശ്യഭരണകൂട ശക്തികള്‍ ശക്തമാണ്. സെന്‍കുമാറിനെ പോലുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന തെറ്റായ റിപോര്‍ട്ടുകളെ തള്ളിക്കളയാനുള്ള ആര്‍ജവം ഭരണകൂടത്തിനു പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഇതാണ്. അതിന് അര്‍ഥം രാഷ്ട്രീയ നേതൃത്വത്തിന് അതില്‍ പങ്കില്ലെന്നല്ല, അവര്‍ കൂടി അതിന്റെ ഭാഗമാണ്. ഇടതുപക്ഷം അടക്കമുള്ള ജനാധിപത്യ ശക്തികള്‍ ആലോചിക്കേണ്ട കാര്യമാണിത്.




Tags:    

Similar News