കൊല്ലം കടയ്ക്കലില്‍ സൈനികനെ ക്രൂരമായി തല്ലിച്ചതച്ച് മുതുകില്‍ 'പിഎഫ്‌ഐ' എന്ന് പച്ച പെയിന്റുകൊണ്ട് ചാപ്പ കുത്തിയെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുവന്നതോടെ പൊളിഞ്ഞത് സൈനികന്റെ വ്യാജപരാതി മാത്രമല്ല, കാടടച്ച് വെടിവച്ച മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് കൂടിയാണ്. ഒരു വ്യാജ പരാതിയിന്‍മേല്‍ യാതൊരു വിധ അന്വേഷണവും നടത്താതെയാണ് മലയാളത്തിലെയും ഇംഗ്ലീഷിലെയും ഹിന്ദിയിലെയും പ്രമുഖ മാധ്യമങ്ങള്‍ വരെ കാടടച്ച് വെടിവച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളും സംഘപരിവാര ചാനലുകളും ന്യൂസ് പോര്‍ട്ടലുകളുമൊക്കെ ഇതിന്റെ മറപിടിച്ച് വിദ്വേഷത്തിന്റെ വിഷം തുപ്പാന്‍ മല്‍സരിക്കുകയായിരുന്നു. പ്രത്യേകിച്ച് പി എഎഫ് ഐ എന്നാണ് മുതുകില്‍ വരച്ചിട്ടത് എന്ന് പരാതിയില്‍ പറഞ്ഞതോടെ പല മാധ്യമങ്ങളും ഉറഞ്ഞുതുള്ളുകയായിരുന്നു. നിരോധിത സംഘടനയെ സൂചിപ്പിക്കുന്ന വിധത്തില്‍ പിഎഫ് ഐ എന്ന അക്ഷരങ്ങള്‍ പച്ച പെയിന്റ് കൊണ്ട് തന്നെ മുതുകത്ത് ചാപ്പ കുത്തിച്ച സംഭവത്തില്‍ തുടക്കം മുതല്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആരോപിച്ചെങ്കിലും പോലിസ് അന്വേഷണം തുടങ്ങും മുമ്പ് തന്നെ മാധ്യമങ്ങള്‍ അമിതപ്രാധാന്യത്തോടെ വാര്‍ത്ത പ്രചരിപ്പിച്ചു. കേരളത്തെ പൈശാചികവല്‍ക്കരിക്കാനുള്ള സംഘപരിവാര അജണ്ടയ്‌ക്കൊത്ത് ചില പോലിസ് ഉദ്യോഗസ്ഥരും മാധ്യമങ്ങളും കൂട്ടുനിന്നെന്ന ആരോപണങ്ങളെയും തള്ളിക്കളയാനാവില്ല.
കൊല്ലം കടയ്ക്കലില്‍ ഞായറാഴ്ച അര്‍ധരാത്രി കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുന്നതിനിടെ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ഷര്‍ട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റ് കൊണ്ട് എന്തോ എഴുതിയെന്നുമായിരുന്നു രാജസ്ഥാനില്‍ സൈനികനായ ചാണപ്പാറ സ്വദേശി ബി എസ് ഭവനില്‍ ഷൈന്‍ കുമാറിന്റെ പരാതി. പിന്നീട് പരിശോധിച്ചപ്പോഴാണ് പി എഫ് ഐ എന്നാണ് എഴുതിയതെന്ന് മനസ്സിലായതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഓണോഘോഷത്തിന് അവധിക്ക് നാട്ടിലെത്തി തിരിച്ചുപോവുന്നതിനിടെ മടങ്ങാനിരുന്ന സൈനികന്‍ കേരളത്തില്‍ ആക്രമിക്കപ്പെട്ടെന്ന വാര്‍ത്ത ചൂടപ്പം പോലെയാണ് ദേശീയ മാധ്യമങ്ങളില്‍ വരെ പ്രത്യക്ഷപ്പെട്ടത്. സംഘപരിവാരം നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരാണ് സൈനികനെ ആക്രമിച്ചതിനു പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് 'പിഎഫ് ഐ' എന്ന് എഴുതിയതെന്ന് നാട്ടുകാര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, മുസ് ലിംകളുമായി ബന്ധപ്പെടുത്താന്‍ വേണ്ടിയാണ് പച്ച പെയിന്റ് തന്നെ ഉപയോഗിച്ചതെന്നതും പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാതെയാണ് മാധ്യമങ്ങള്‍ അമിതപ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയത്. അതും പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം തന്നെ ഇത്തരത്തിലൊരു കള്ളക്കഥയുണ്ടാക്കിയതിനു പിന്നില്‍ വന്‍ ഗുഢാലോചന നടന്നിട്ടുണ്ടോയെന്നതും അന്വേഷണവിധേയമാക്കപ്പെടേണ്ടതുണ്ട്. കാരണം, പരാതി പുറത്തുവന്നപ്പോള്‍ തന്നെ ബിജെപി കടയ്ക്കല്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും കേരളത്തില്‍ തീവ്രവാദം തഴച്ചുവളരുകയാണെന്നു പറഞ്ഞ് പോലിസിനെതിരേയും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
സാമുദായിക സ്പര്‍ധയ്ക്കു കാരണമായേക്കാവുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തുമെന്നായതോടെ പോലിസും മിലിറ്ററി ഇന്റലിജന്‍സുമെല്ലാം നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനില്‍ ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ഹവില്‍ദാറായ ഷൈന്‍ കുമാര്‍ നല്‍കിയ പരാതി വ്യാജമാണെന്ന് ബോധ്യപ്പെടുന്നത്. സുഹൃത്ത് ജോഷിയുടെ സഹായത്തോടെയായിരുന്നു എല്ലാം ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് പച്ച പെയിന്റും ബ്രഷുമെല്ലാം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്തനാവാനുള്ള ഷൈനിന്റെ ആഗ്രഹമാണ് വ്യാജ പരാതി നല്‍കാന്‍ കാരണമെന്ന് സുഹൃത്ത് പോലിസിനു മൊഴി നല്‍കിയതോടെയാണ് സത്യം പുറത്തറിഞ്ഞത്. സാഹചര്യത്തെളിവുകളും സൈനികനെയും സുഹൃത്തിനെയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യം പുറത്തായത്. ഇരുവരുടെയും മൊഴികളിലെ വൈരുധ്യം തിരിച്ചറിഞ്ഞ പോലിസുകാരാണ് വലിയൊരു കള്ളക്കഥയുടെ ചുരുളഴിച്ചത്. സൈനികന് പ്രശസ്തനാവാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്തതെന്ന സുഹൃത്തിന്റെ ഏറ്റുപറച്ചിലില്‍ കേസൊതുക്കാതെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. സൈനികന്‍ ഷൈന്‍ കുമാറിന്റെയും സുഹൃത്ത് ജോഷിയുടെയും മാത്രം പദ്ധതിയാണ് ഇതെന്ന വാദം നാട്ടുകാരില്‍ പലരും വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് കേരളത്തില്‍ ഈയിടെയായി ഉണ്ടായ ദുരൂഹമായ ആക്രമണങ്ങള്‍ കൊല്ലം സംഭവത്തില്‍ സംശയം വര്‍ധിപ്പിക്കുന്നുണ്ട്.
വെറുമൊരു വ്യാജപരാതി മെനഞ്ഞു എന്നതിനു പുറമെ, വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടെന്ന് പരാതിയില്‍ നിന്നു മനസ്സിലാവുന്നുണ്ട്. സുഹൃത്തിന്റെ വീട്ടില്‍ പോയശേഷം ബൈക്കില്‍ മടങ്ങിയ ഷൈന്‍ കുമാറിനെ മുക്കട സ്‌കൂളിനും ചാണപ്പാറയ്ക്കും ഇടയ്ക്കുള്ള റബ്ബര്‍ തോട്ടത്തിനു സമീപത്തുവച്ച് മൂന്നുപേര്‍ കൈകാണിച്ചു നിര്‍ത്തുകയും പരിക്കേറ്റുകിടക്കുന്ന ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കാമോ എന്നു ചോദിച്ച് തോട്ടത്തിലേക്ക് കൊണ്ടുപോയെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് അവിടെയുണ്ടായിരുന്ന മൂന്നുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും വായിലും കൈകളിലും ടേപ്പ് ഒട്ടിച്ചശേഷം ടീ ഷര്‍ട്ട് വലിച്ചുകീറി പച്ച പെയിന്റ് കൊണ്ട് പിഎഫ്‌ഐ എന്ന് എഴുതിയെന്നായിരുന്നു ആദ്യം പോലിസിനു നല്‍കിയ മൊഴി. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സ തേടുകയും ചെയ്തു. ഇത്രയും വിശ്വസനീയമായ വിധത്തില്‍ കള്ളക്കഥയുണ്ടാക്കുകയും പോലിസിനെയും മിലിട്ടറി ഇന്റലിജന്റ്‌സിനെയും വരെ കബളിപ്പിക്കുകയും ചെയ്തതിനു പിന്നില്‍ വന്‍ ഗുഢാലോചനയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
പിടിക്കപ്പെടുമെന്നായപ്പോള്‍ സുഹൃത്ത് എല്ലാ കുറ്റവും സാനികന്റെ പേരില്‍ ചാര്‍ത്തി രക്ഷപ്പെടാനും അതുവഴി ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതില്‍ നിന്ന് പോലിസിനെ പിന്‍മാറ്റാനുള്ള ശ്രമമാണോയെന്നും സംശയിക്കപ്പെടുന്നുണ്ട്. കേരളം പിടിക്കാന്‍ ഹിന്ദുത്വര്‍ നടത്തുന്ന നെറികെട്ട കളിയിലെ വെറുമൊരു നാടകക്കാരന്‍ മാത്രമാണോ സൈനികനെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരു സമുദായത്തിനെതിരേ വല്ല പരാതിയും ലഭിച്ചാല്‍ അതിന്റെ സത്യാവസ്ഥ പോലും അന്വേഷിക്കാതെ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളും ഇതില്‍ കുറ്റവാളികളാണ്. ഓണ്‍ലൈന്‍ ചാനലുകളും യൂ ട്യൂബര്‍മാരും മാത്രമല്ല, എല്ലാവിധ സംവിധാനങ്ങളുമുള്ള മാധ്യമങ്ങള്‍ പോലും ഇത്തരത്തില്‍ കെട്ടുകഥകള്‍ക്കു പിന്നാലെ പോവുത് അത്യന്തം അപകടകരമാണെന്നും മറന്നുപോവരുത്.