മഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ

Update: 2022-06-27 03:27 GMT

മഹാരാഷ്ട്ര രാഷ്ട്രീയം അനുദിനം പുതിയപുതിയ വഴികളിലേക്ക് സഞ്ചരിക്കുകയാണ്. ഇത് ഏത് ദിശയിലേക്ക് നീങ്ങുമെന്ന് ഇപ്പോഴും വ്യക്തമല്ല. തന്നെയും മറ്റ് 15 എംഎല്‍എമാരെയും അയോഗ്യരാക്കിയ മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സീതാറാം ജിര്‍വാളിന്റെ അയോഗ്യതനോട്ടിസിനെതിരെ വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ ഞായറാഴ്ച സുപ്രിംകോടതിയെ സമീപിച്ചു. ഇന്ന് ഹരജി പരിഗണിക്കും.

എന്‍സിപിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്ന് ശിവസേന പിന്‍മാറണമെന്നാണ് വിമതപക്ഷത്തിന്റെ ആവശ്യം. ജൂണ്‍ 22 മുതല്‍ ഗുവാഹത്തിയിലെ ഒരു ഹോട്ടലില്‍ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും സഹഎംഎല്‍എമാരും അവിടെ ക്യാമ്പ് ചെയ്യുകയാണ്.

'ഹിന്ദുത്വത്തെ പിന്തുടരാന്‍' മരിക്കേണ്ടി വന്നാലും അത് വിധിയായി കണക്കാക്കുമെന്ന് ഏകനാഥ് ഷിന്‍ഡെ ഞായറാഴ്ച ട്വീറ്റ് ചെയ്തു. 

എന്നാല്‍ ശിവസേനയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. നിയമസഭയിലേക്ക് വീണ്ടും മല്‍സരിച്ചെത്താനാണ് അവര്‍ ആവശ്യപ്പെടുന്നത്.

മഹാ വികാസ് അഘാഡി സഖ്യകക്ഷിയായ എന്‍സിപിയും അതിന്റെ തലവന്‍ ശരദ് പവാറും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആവശ്യമുളളിടത്തോളം പാര്‍ട്ടി അദ്ദേഹത്തെയും ശിവസേനയെയും പിന്തുണയ്ക്കുന്നത് തുടരുമെന്നും പറഞ്ഞു. 

അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി നിയമിച്ചതിനെയും ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിമതര്‍ ചോദ്യം ചെയ്തിട്ടുണ്ട്. 

നേരത്തെ, ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള 16 വിമത എംഎല്‍എമാര്‍ക്ക് ജൂണ്‍ 27ന് വൈകുന്നേരത്തിനകം രേഖാമൂലം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടേറിയറ്റ് ശനിയാഴ്ച 'സമന്‍സ്' അയച്ചിരുന്നു. ശിവസേന നാമനിര്‍ദ്ദേശം ചെയ്ത 16 എംഎല്‍എമാര്‍ക്കാണ് നോട്ടിസ് അയച്ചത്. ചീഫ് വിപ്പ് സുനില്‍ പ്രഭു, മഹാരാഷ്ട്ര വിധാന്‍ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര ഭഗവത് എന്നിവര്‍ ഒപ്പുവച്ചു. 

അതിനിടെ, മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് എംഎല്‍എമാരുടെ (ഷിന്‍ഡെ ക്യാമ്പ്) സുരക്ഷ സംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട്.

മഹാരാഷ്ട്ര ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്തും അസമിലെ ഗുവാഹത്തിയിലെത്തി ഏകനാഥ് ഷിന്‍ഡെ ക്യാമ്പില്‍ ചേര്‍ന്നു. 

Similar News