'ഈ നാളുകളില്‍ അകന്നിരിക്കാം, വരുംനാളുകളില്‍ അകലാതിരിക്കാന്‍...'

'അബുദാബിയില്‍ അടക്കം നാട്ടിലെ നിലവിലുള്ള സ്ഥിതി മറികടന്നവരാണ് പ്രവാസികള്‍. ഒരേ റൂമില്‍ പോസിറ്റീവായവര്‍ക്കൊപ്പം കഴിഞ്ഞു കൂടിയിട്ടും കോവിഡ് ബാധിക്കാത്ത നിരവധിപേരുണ്ട്. തീര്‍ച്ചയായും നമുക്ക് ഇതും അതിജീവിക്കാന്‍ പറ്റും. നമ്മുടെ അശ്രദ്ധ കൊണ്ട് നമുക്കും മറ്റുള്ളവര്‍ക്കും കൊവിഡ് ബാധിക്കരുതെന്ന് ഉറച്ച തീരുമാനമെടുക്കുക'. നിസാമുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Update: 2020-07-24 10:32 GMT

നാട്ടില്‍ ദിനംപ്രതി കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ സമാനമായ അവസ്ഥയിലൂടെ കടന്നു പോയ പ്രവാസികളുടെ അനുഭവം പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ പ്രവാസിയായി അബൂദാബിയില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി എസ് നിസാമുദ്ദീന്‍.

'അബുദാബിയില്‍ അടക്കം നാട്ടിലെ നിലവിലുള്ള സ്ഥിതി മറികടന്നവരാണ് പ്രവാസികള്‍. ഒരേ റൂമില്‍ പോസിറ്റീവായവര്‍ക്കൊപ്പം കഴിഞ്ഞു കൂടിയിട്ടും കോവിഡ് ബാധിക്കാത്ത നിരവധിപേരുണ്ട്. അതേപോലെതന്നെ, പരിശോധിക്കുമ്പോള്‍ മാത്രം പോസിറ്റീവ് ആണെന്നു കണ്ടെത്തിയവരും ഉണ്ട്, ഒരു ലക്ഷണങ്ങളും പ്രകടമാവാതിരുന്നവര്‍.

തീര്‍ച്ചയായും നമുക്ക് ഇതും അതിജീവിക്കാന്‍ പറ്റും. നമ്മുടെ അശ്രദ്ധ കൊണ്ട് നമുക്കും മറ്റുള്ളവര്‍ക്കും കൊവിഡ് ബാധിക്കരുതെന്ന് ഉറച്ച തീരുമാനമെടുക്കുക'. നിസാമുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'ഈ നാളുകളില്‍ അകന്നിരിക്കാം, വരും നാളുകളില്‍ അകലാതിരിക്കാന്‍...

നാട്ടില്‍ ദിനംപ്രതി കൊറോണ വ്യാപിക്കുകയാണ്. വേണ്ടത് ആശങ്കയും പരിഭ്രാന്തിയുമല്ല. അതീവ ജാഗ്രതയാണ്. കുറഞ്ഞത് ഒരുമാസത്തേക്കെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. എണ്ണംനോക്കി വിഷമിക്കേണ്ട. കാരണം, പരിശോധന നടത്തി പോസിറ്റീവ് ആയി കണ്ടെത്തുന്നവരുടെ എണ്ണം മാത്രമാണ് നാം അറിയുന്നത്. ഒരു പരിശോധനയും ഇല്ലാത്ത ആയിരക്കണക്കിനുപേര്‍, കോവിഡിന്റെ യാതൊരു ലക്ഷണങ്ങളും പുറമേ പ്രകടമാവാതെ വൈറസ് വാഹകരായി നമുക്ക് ചുറ്റുമുണ്ടാവും. അടുത്ത ഗ്രാമത്തില്‍, അടുത്ത വീട്ടില്‍ കൊറോണയെത്തി എന്നതു കൊണ്ട് ആശങ്കപ്പെട്ടിട്ടു കാര്യമില്ല, ഒരുപക്ഷേ, നമ്മുടെ വീട്ടിലും എത്തിയിട്ടുണ്ടാവാം.

ഇതു വെറുതേ പറയുന്നതല്ല, ഞാനിപ്പോഴുള്ള അബുദാബിയില്‍ അടക്കം നാട്ടിലെ നിലവിലുള്ള സ്ഥിതി മറികടന്നവരാണ് പ്രവാസികള്‍. ഒരേ റൂമില്‍ പോസിറ്റീവായവര്‍ക്കൊപ്പം കഴിഞ്ഞു കൂടിയിട്ടും കോവിഡ് ബാധിക്കാത്ത നിരവധിപേരുണ്ട്. അതേപോലെതന്നെ, പരിശോധിക്കുമ്പോ മാത്രം പോസിറ്റീവ് ആണെന്നു കണ്ടെത്തിയവരും ഉണ്ട്, ഒരു ലക്ഷണങ്ങളും പ്രകടമാവാതിരുന്നവര്‍. അതായത്, കോവിഡിന്റെ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത് കുറഞ്ഞ പേരിലാണ് എന്നത് നാം മനസിലാക്കണം. ആരോഗ്യമുള്ള, കാര്യമായ മറ്റു രോഗങ്ങളൊന്നും ഇല്ലാത്തവര്‍ ടെസ്റ്റ് ചെയ്താല്‍ മാത്രമാണ് പോസിറ്റീവ് ആണെന്നു തിരിച്ചറിയുന്നത്.

പ്രായമേറിയവര്‍, കുട്ടികള്‍, മറ്റ് ഗുരുതര രോഗബാധിതര്‍ എന്നിങ്ങനെയുള്ളവരില്‍ കോവിഡ് വൈറസ് കടന്നുകൂടിയാല്‍ പ്രശ്‌നം ഗുരുതരമാവും. ശ്വാസം കിട്ടാതെ വരികയെന്നതാണു പ്രധാന വില്ലന്‍. അതിനാല്‍, കുറഞ്ഞത് ഈ ഒരുമാസമെങ്കിലും നാം അതീവ ജാഗ്രത പാലിക്കണം. പരമാവധി പൊതുസമ്പര്‍ക്കങ്ങളില്‍ നിന്ന് അകന്നിരിക്കാന്‍ തീരുമാനിക്കണം. വൃദ്ധരെയും കുട്ടികളെയും മറ്റുള്ളവരുമായി ഇടപഴകുന്നത് കര്‍ശനമായി വിലക്കണം.

നാട്ടില്‍ ഒന്നോ രണ്ടോ കോവിഡ് കേസുകള്‍ ഉണ്ടായപ്പോള്‍, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തുടങ്ങിയതാണ് നമ്മുടെ ജീവിതപ്രതിസന്ധികള്‍. അതില്‍ നിന്ന് കരകയറാന്‍ സാധിച്ചിട്ടുമില്ല. പക്ഷേ, ഇപ്പോള്‍ ദിനേന ആയിരത്തോട് അടുത്ത കോവിഡ് കേസുകള്‍ ആണ് റിപോര്‍ട്ട് ചെയ്യുന്നത്. നാം നിര്‍ബന്ധപൂര്‍വം ശ്രദ്ധിച്ചേ പറ്റൂ. ജീവിച്ചിരിക്കുമ്പോള്‍ മാത്രമാണ് വരും നാളുകള്‍ എന്ന സ്വപ്‌നം. അതുകൊണ്ട് ഇപ്പോള്‍ ജീവിച്ചിരിക്കുക എന്നതു തന്നെയാണു പ്രധാനം. ആശങ്കയോ, മാനസിക സംഘര്‍ഷങ്ങളോ, ഭയമോ വേണ്ടതില്ല. ഇത്തിരി അകന്നിരുന്നാല്‍ മാത്രം മതി, പരമാവധി സര്‍ജിക്കല്‍ മാസ്‌ക് തന്നെ ഉപയോഗിക്കുക, പൊതുയിടങ്ങളില്‍ പോവേണ്ടി വന്നാല്‍ ഗ്ലൗസുകള്‍ ഉപയോഗിക്കുക, സാനിറ്റൈസര്‍ എപ്പോഴും കൈയെത്തും ദൂരെയുണ്ടെന്ന് ഉറപ്പുവരുത്തുക. മരണം പോലെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കുക. കല്യാണങ്ങളൊക്കെ ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റി വയ്ക്കുന്നതുപോലും നിരവധി ജീവനുകള്‍ക്കു നമ്മള്‍ നല്‍കുന്ന കാവലാണ് എന്നു മറക്കരുത്.

കൊച്ചുകുട്ടികള്‍ വീട്ടിലുള്ള പ്രായമേറിയവര്‍ അടക്കമുള്ളവര്‍ പുറത്തേക്കു പോവുന്നത് പരമാവധി ഒഴിവാക്കണം. പോയാല്‍ തന്നെ വീട്ടില്‍ കയറുന്നതിനു മുന്നേ കൈയിലുള്ള മൊബൈലും ഡ്രെസ്സും അടക്കം അണുനശീകരണം നടത്തിയിരിക്കണം. ശ്രദ്ധിച്ചാല്‍ കോവിഡിനെ നമുക്ക് വളരേ ലളിതമായി കീഴടക്കാവുന്നതേയുള്ളൂ.

കോവിഡ് പോസിറ്റീവ് ആയവരോട് ഡോക്ടര്‍മാര്‍ പറയുന്നതും ശ്രദ്ധിക്കുക. വളരേയധികം വിശ്രമിക്കുക, നന്നായി ഉറങ്ങുക, പോഷകങ്ങള്‍ ഏറെയുള്ള ഭക്ഷണം കഴിക്കുക, മാനസിക സമ്മര്‍ദ്ദങ്ങളും, സംഘര്‍ഷങ്ങളും ഒഴിവാക്കുക. മറ്റ് രോഗങ്ങള്‍ ബാധിച്ചവര്‍ നിര്‍ബന്ധമായും കൊറോണയുടെ വ്യാപനം കുറയുന്നതുവരെ പരമാവധി മറ്റുള്ളവരില്‍ നിന്നകന്നു കഴിയുക...

ഞങ്ങള്‍ #കൊറോണബവെള്ളം എന്ന പേരില്‍ കുടിച്ചതുംകൂടി പറയാം:

ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കരിഞ്ചീരകം, മഞ്ഞള്‍, ഉലുവ, ജീരകം, കുരുമുളക് ഇവ രണ്ടു ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആവുന്നതുവരെ തിളപ്പിക്കും. ഈ വെള്ളം കല്ലുപ്പ്, ചെറുനാരങ്ങാ നീര് എന്നിവയില്‍ ലയിപ്പിച്ച് കുടിക്കും. പ്രധാനമായും ശ്രദ്ധിച്ചത് കഫക്കെട്ട്, തൊണ്ടവേദനം, ശ്വാസ തടസ്സം എന്നിവ ഉണ്ടാവാതിരിക്കുക എന്നതിലാണ്. ഈ വെള്ളം കുടിച്ചു നോക്കൂ. തൊണ്ടയില്‍ നിന്നും നെഞ്ചില്‍ നിന്നും കിളികള്‍ പറന്നു പോവുന്നത് അനുഭവിക്കാം. ഗ്യാസ് ട്രബിള്‍ ആണേല്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍...

തീര്‍ച്ചയായും നമുക്ക് ഇതും അതിജീവിക്കാന്‍ പറ്റും. നമ്മുടെ അശ്രദ്ധ കൊണ്ട് നമുക്കും മറ്റുള്ളവര്‍ക്കും കോവിഡ് ബാധിക്കരുതെന്നു ഉറച്ച തീരുമാനമെടുക്കുക. കോവിഡില്‍ നിന്ന് ഒഴിവായി നില്‍ക്കുക എന്നത് ലളിതമാണ്, മനസ്സുവച്ചാല്‍. പക്ഷേ, പിടിപെട്ടാല്‍ ശരീരികാവസ്ഥകള്‍ വച്ച് പലര്‍ക്കും അതില്‍ നിന്നുള്ള അതിജീവനം അതീവ ദുഷ്‌കരമാവും.

തല്‍ക്കാലം അകന്നിരിക്കുക, അകാലത്തില്‍ അകന്നു പോവാതിരിക്കാന്‍... ദുരന്തങ്ങള്‍ക്കു കീഴടങ്ങാതിരിക്കാന്‍... 


Full View


Tags:    

Similar News