ദ്രൗപദി മുര്‍മുവിനെ കളത്തിലിറക്കി സംഘപരിവാരം നടത്തുന്നത് രാഷ്ട്രീയനാടകം

Update: 2022-07-25 07:07 GMT

ശരണ്യ എം ചാരു 

പുതിയ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് പൊതുസമൂഹത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്‍ഡിഎ പ്രതിനിധിയായി മല്‍സരിച്ച് ജയിച്ച ദ്രൗപദി മുര്‍മു ആദിവാസികളുടെ യഥാര്‍ത്ഥ പ്രതിനിധിയാണെന്ന് ചിലര്‍ കരുതുന്നു. അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശരണ്യ എം ചാരു ഫേസ്ബുക്കില്‍ എഴുതുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

നിങ്ങള്‍ക്കൊരുപക്ഷേ, വളരെ നിഷ്‌കളങ്കമായി ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ആഘോഷിക്കാന്‍ സാധിച്ചേക്കും. പ്രത്യേകിച്ചും ദലിതര്‍ക്കും സ്വപ്നം കാണാമെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാകുമെന്നുമൊക്കെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി മുര്‍മു പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും തീര്‍ച്ചയായും വളരെ ജെനുവിനായി അവരില്‍ സന്തോഷവും അഭിമാനവും കൊള്ളും. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ വനിതാരാഷ്ട്രപതിയെന്ന പദവിയോ അവരുടെ ദലിത് ഐഡന്റിറ്റിയോ നിങ്ങളെ ആകൃഷ്ടരാക്കുമ്പോള്‍, എന്റെ പ്രയോറിറ്റി അവരുയര്‍ത്തുന്ന രാഷ്ട്രീയം മാത്രമാണ്. അത് ഇന്ത്യ ഭരിക്കുന്ന ഫാഷിസ്റ്റുകള്‍ക്ക് ഒപ്പം നിന്നുകൊണ്ടുള്ളതാകുന്ന കാലംവരെയും അവരെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ശരാശരി ഇന്ത്യന്‍ പൗര മാത്രമാണ് ഞാന്‍. ദലിത് ആണെന്നതോ സ്ത്രീ ആണെന്നതോ ഫാഷിസത്തോടുള്ള വിയോജിപ്പില്‍ ഇളവ് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ അല്ലെന്നതുതന്നെയാണ് പ്രധാന കാരണം.

ഇന്ത്യയിലാദ്യമായി ആദിവാസി-ദലിത് വിഭാഗത്തില്‍പ്പെട്ട ഒരു വനിതയെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിയായി എന്‍ഡിഎ നിര്‍ദേശിക്കുകയും അവര്‍ ആദിവാസി വിഭാഗത്തില്‍നിന്നുള്ള ഇന്ത്യയുടെ പ്രഥമരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുകയും ചെയ്താല്‍, അപ്പോള്‍ മുതല്‍ സംഘപരിവാരം ഇക്കാലമത്രയും ഇന്നാട്ടിലെ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളോട് സ്വീകരിച്ച, നിരന്തരം സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളെല്ലാം റദ്ദ് ചെയ്യപ്പെടുമെന്നാകും ഒരുപക്ഷേ, ബിജെപി പ്രതീക്ഷിച്ചിട്ടുണ്ടാവുക. ഒരു പരിധിവരെ ആ ഉദ്ദേശ്യം ലക്ഷ്യം കണ്ടു എന്നതിന്റെ തെളിവായിട്ടാണ് മുര്‍മുവിന് ലഭിച്ച സ്വീകാര്യതയെ ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം നോക്കിക്കണ്ടതും. ഇന്നിപ്പോ ഇതെഴുതേണ്ടി വരുന്നതും അതുകൊണ്ടാണ്.

ദലിത് വിഭാഗത്തില്‍ പെട്ടൊരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയായാല്‍ ഇവിടെ കാലങ്ങളായി ആ വിഭാഗക്കാര്‍ അനുഭവിക്കുന്ന യാതനകള്‍ക്കും വിവേചനങ്ങള്‍ക്കും അവസാനമാകും എന്നാണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടുതന്നെ അത് സാധ്യമാകേണ്ടതായിരുന്നു എന്നതിന് ദലിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഇന്നലെ സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്നെയാണ് തെളിവ്. എന്നിട്ടിവിടെ എന്ത് മാറ്റമാണ് ദലിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ഉണ്ടായത് എന്ന് ചോദിച്ചാല്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധം അവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ആക്രമിക്കപ്പെട്ടുവെന്ന് മാത്രമായിരിക്കും എന്റെ ഉത്തരം.

മറാത്ത ദലിത് മുന്നേറ്റത്തിന്റെ പ്രതീകമായ ഭീമ കൊറേഗാവ് സ്മാരകഭൂമിയില്‍ സംഘപരിവാര്‍ ശക്തികള്‍ കല്ലെറിഞ്ഞു കൊന്ന 28 വയസ്സുള്ള ദലിത് ചെറുപ്പക്കാരനെ ചിലരെങ്കിലുമിപ്പോഴും ഓര്‍ക്കുന്നത് അതുകൊണ്ടാണ്. സ്മാരകഭൂമിയില്‍ നിന്ന് സംഘപരിവാരം ദലിതരെ കല്ലെറിഞ്ഞോടിച്ചതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരന്തരം നടക്കുന്ന ദലിത് പീഡനങ്ങളും, ഹരിയാനയില്‍ ദലിത് കുടുംബത്തെ ആര്‍എസ്എസ് ഒത്താശയോടെ രജപുത്രസംഘം മണ്ണെണ്ണയൊഴിച്ച് തീയിട്ട് കൊന്നതും, കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ ഒരു കേന്ദ്രമന്ത്രി പട്ടികളോട് ഉപമിച്ചതൊന്നും ആരും മറന്നുകാണില്ല. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ജാതിവോട്ട് നേടാന്‍ ബിജെപി ജില്ലാ പ്രസിഡന്റായി ദലിത് സമുദായത്തില്‍പ്പെട്ടൊരാളെ നിയമിച്ചപ്പോള്‍ ദലിതനായ പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ സാധിക്കില്ലെന്നുപറഞ്ഞ് രാജിവച്ചു പുറത്തുപോയ ഇരുപത് പേരും മേല്‍ജാതിക്കാരായ ബിജെപി നേതാക്കളായിരുന്നു. പശുക്കടത്താരോപിച്ചും ഗോമാംസം കഴിച്ചെന്നും സൂക്ഷിച്ചെന്നും പറഞ്ഞും എത്രയേറെ ദലിതരെ, ന്യൂനപക്ഷങ്ങളെ ആക്രമിച്ചിരുന്നു അടുത്തിടെ. ഇതൊക്കെയും നടന്ന കാലമേതെന്ന് ഓര്‍ത്തു നോക്കൂ... ഇവയെല്ലാം നടന്നത് ദലിത്-പിന്നാക്ക പ്രതിനിധി രാംനാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതി ആയിരിക്കുമ്പോള്‍ തന്നെയാണെന്നപ്പോള്‍ മനസ്സിലാകും. അങ്ങനെ വരുമ്പോള്‍ മുര്‍മുവിലൂടെ ഈ ഭരണകൂടം ലക്ഷ്യമിടുന്നത് ദലിത് ഉന്നമനമല്ല, മറിച്ച് ഇവരെ കൂടെ നിര്‍ത്തിക്കൊണ്ട് എല്ലാ കാലത്തും വോട്ട്ബാങ്ക് സുരക്ഷിതമാക്കി നിര്‍ത്താമെന്ന രാഷ്ട്രീയലാഭവും, സംഘപരിവാരം ഇന്നാട്ടില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ദലിത് പിന്നാക്ക ന്യൂനപക്ഷ അക്രമങ്ങളെ മറച്ചുപിടിക്കാമെന്ന തന്ത്രവുമാണ്.

'ദലിത് ആയതുകൊണ്ടാണ് മന്ത്രിസഭയില്‍ നിന്ന് ഞാന്‍ മാറ്റിനിര്‍ത്തപെട്ടത്, ഒരു മന്ത്രിയെന്ന നിലയില്‍ എനിക്ക് യാതൊരു അധികാരവും ലഭിച്ചിട്ടില്ല, ദലിത് സമൂഹത്തില്‍ നിന്ന് വന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ മന്ത്രിസ്ഥാനം വെറുതെയായി, ഇതുവരെ ഒരു മന്ത്രിസഭ യോഗത്തിലും എന്നെ പങ്കെടുപ്പിച്ചിട്ടില്ല, എന്റെ വകുപ്പിനെ കുറിച്ച് ആരും ഒന്നും ചോദിച്ചിട്ടുമില്ല, ദലിത് സമുദായത്തെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന്' എന്നുപറഞ്ഞ് ആദിത്യനാഥ് മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രി ദിനേശ് ഖാത്തിക് തന്റെ മന്ത്രിസ്ഥാനം രാജിവച്ചു പുറത്തേക്ക് പോയ രാജ്യമാണ് ഇന്ത്യ. സവര്‍ണഹിന്ദുത്വത്തിന്റെ നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍ പായല്‍ തദ്വിയുടെയും ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെയും ഇന്ത്യയാണിത്. അഗ്‌നിപദ്ധ് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ സംവരണം പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ച, വീടും ജോലിയുമില്ലാതെ അലയുന്ന ദശലക്ഷക്കണക്കിന് ദലിതര്‍ക്ക് പൗരത്വം തെളിയിക്കാന്‍ രേഖകളൊന്നുമില്ലെന്ന് അറിയാമായിരുന്നിട്ടും പൗരത്വനിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്ന, കാശ്മീരിന്റെ പ്രത്യേക ഭരണഘടനാവകാശം റദ്ദാക്കിയ, ലക്ഷദ്വീപിനുമേല്‍ കടന്നുകയറ്റം നടത്തുന്ന നാടുകൂടിയാണിത്.

ഇവിടെ ഭരിക്കുന്നത് ഭരണഘടനയിലേക്ക് മനുസ്മൃതിയിലെ നിയമങ്ങളൊന്നും കൂട്ടിച്ചേര്‍ത്തില്ലെന്ന് പരിതപിക്കുന്ന ആളുകളാണ്. ഭരണഘടനയേക്കാള്‍ പ്രാധാന്യം മനുസ്മൃതിക്കും വിചാരധാരയ്ക്കും നല്‍കുന്ന ചിലരാണ്.

അംബേദ്കര്‍ പ്രതിമകള്‍ അടിച്ചുതകര്‍ക്കുന്ന, അംബേദ്കറിനെ ബ്രിട്ടീഷ് ചാരനെന്നും അധികാരക്കൊതിയനെന്നും അവസരവാദിയെന്നും രാജ്യദ്രോഹിയെന്നും വിശേഷിപ്പിച്ചു പുസ്തകമെഴുതുന്ന, ദലിതരായ ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാജിയും ഒഡീഷയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി പ്രമീളാ മല്ലിക്കും സന്ദര്‍ശിച്ച ക്ഷേത്രങ്ങളില്‍ ശുദ്ധിപൂജ നടത്തുന്ന, ക്രൂരമായ ദലിത് വിരുദ്ധത പരസ്യമായി വിളിച്ചു പറയുന്ന ഫാഷിസ്റ്റുകള്‍, ഇപ്പോള്‍ മുര്‍മുവിനെ സ്‌നേഹിക്കുന്നത് ഹിന്ദുരാഷ്ട്രം പണിയാനുള്ള ലക്ഷ്യം മുന്നില്‍ക്കണ്ട് മാത്രമാണ്.

അല്ലെങ്കില്‍ത്തന്നെ ഗോള്‍വാള്‍ക്കറിന്റെ 'വിചാരധാര'യെ വിശുദ്ധ ഗ്രന്ഥമായി കൊണ്ട് നടക്കുന്ന ബിജെപി, ദലിതനെ പരിഗണിക്കുമെന്ന് ചിന്തിക്കുന്നതുപോലും അസംബന്ധമാണ്. കാരണം ദലിതനെ മനുഷ്യനായി പോലും പരിഗണിക്കാതെ ശൂദ്രന്മാര്‍ക്കുശേഷം പഞ്ചമന്മാര്‍ എന്നുപറഞ്ഞു മാറ്റിനിര്‍ത്തിയ വിചാരധാര ഒരു ശരാശരി ഹിന്ദുത്വവാദിയില്‍ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.

ദലിത് ഉന്നമനമോ സ്ത്രീസമത്വമോ ഇന്നാട്ടില്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലേക്കുള്ള രാഷ്ട്രീയവളര്‍ച്ച നേടിയ പാര്‍ട്ടിയാണ് ബിജെപി എന്ന നേരിയ തോന്നല്‍ പോലുമെനിക്കില്ല. സംഘപരിവാരം ഒരു കാലത്തും ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ഇത് രണ്ടും ഉദ്ദേശിച്ചിട്ടില്ലെന്നും എനിക്ക് വ്യക്തമാണ്. നിലവില്‍ മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ എന്‍ഡിഎ ഇതര കക്ഷികള്‍, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്സ്, ജെ.എം.എം തുടങ്ങിയവരുടെ വോട്ടുകള്‍ കൃത്യമായി ബിജെപിയുടെ കൈകളില്‍ എത്തിയിട്ടുണ്ട് എന്നത് മുര്‍മുവിന്റെ ഭൂരിപക്ഷത്തില്‍ നിന്നും തന്നെ ഊഹിക്കാവുന്ന കാര്യമാണ്. മുര്‍മുവിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ദലിത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ കൈകാര്യം ചെയ്യുക എന്നതാകും അടുത്ത സ്‌റ്റെപ്പ്. ആ രാഷ്ട്രീയബോധ്യം എന്നില്‍ ഉള്ളിടത്തോളം കാലം ദ്രൗപദി മുര്‍മുവിനെ കളത്തിലിറക്കിക്കൊണ്ട് സംഘപരിവാരം നടത്തുന്ന രാഷ്ട്രീയനാടകത്തിന്റെ ഭാഗമാകുന്നയാള്‍ ആയിരിക്കില്ല ഞാന്‍. അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ സന്തോഷിക്കുന്ന ആളുമായിരിക്കില്ല.

പുതിയ രാഷ്ട്രപതിക്ക് സ്വാഗതം.

Tags:    

Similar News