നമുക്ക് സാമൂഹ്യ മാധ്യമത്തിലൂടെ ഒരു മൂത്രപ്പുര വിപ്ലവത്തിന് തുടക്കമിടാം!
കേരളത്തിലെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളിലെ മൂത്രപ്പുരകളുടെ ലേലം വഴി കിട്ടുന്ന പൈസയുടെ ഒരു വലിയ പങ്കും, നിയന്ത്രണവും ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കു വെച്ചിരിക്കുകയാണ്. അതിലെ ലാഭം വിട്ടു കൊടുക്കാന്‍, അവരാരും തയ്യാറായിരുന്നില്ല.
രവി ശങ്കര്‍ കെ വിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മൂത്രപ്പുര വിപ്ലവത്തിന് സമയമായി..............
എന്റെ സുഹൃത്തും, പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ഋഷി കമല്‍ മനോജ് ഇന്ന് കേരളത്തിലെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളിലെ മൂത്രപ്പുരകളുടെ ദയനീയ ചിത്രം വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ഇട്ടിരുന്നു. പത്തനാപുരം ബസ് സ്‌റ്റേഷന്‍ ആയിരുന്നു അതിലെ കഥാപാത്രം.
അത് വായിച്ചപ്പോള്‍ തോന്നിയ ഒരു ചിന്ത. പഴയ ഒരു നിര്‍ദ്ദേശം, നമ്മുടെ വൃത്തികെട്ട ട്രേഡ് യൂനിയന്‍ മാനസികാവസ്ഥയുടെ നേര്‍ ചിത്രം വരച്ചു കാട്ടുന്നതായിരിക്കും.
2004 കാലഘട്ടത്തില്‍ ശ്രീ. കെ ബി ഗണേഷ് കുമാര്‍ ട്രാന്‍സ്‌പോര്‍ട് മന്ത്രി ആയിരുന്നപ്പോള്‍ നടപ്പില്‍ വരുത്തിയ ചില നല്ല കാര്യങ്ങള്‍, മലയാളികളുടെ ഓര്‍മ്മചിത്രങ്ങളില്‍ ഉണ്ടാകും. അക്കാലത്തു കുറച്ചു സമയം, 2004 മുതല്‍ 2006 കാലയളവില്‍ ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ശ്രീ കെ സി വേണുഗോപാല്‍ ആയിരുന്നു.
ഒരു പ്രാവശ്യം, ടൂറിസം മന്ത്രി അധ്യക്ഷത വഹിച്ച ഉന്നതതല ടൂറിസം യോഗത്തില്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനിലെ മൂത്രപ്പുരയുടെ ദയനീയ ചിത്രം ഈയുള്ളവന്‍ ചൂണ്ടി കാണിച്ചു. ഒപ്പം കേരളത്തില്‍ വിദേശ സഞ്ചാരികള്‍ നിരന്തരം വന്നുപോകുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം, കുമിളി എന്നിവടങ്ങളിലെ അവസ്ഥയും ഉന്നയിച്ചു. എന്താണ് അതിനൊരു പരിഹാരം എന്നായി കെ സി.?
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട, അല്ലെങ്കില്‍ അവിടേക്കുള്ള വഴിമദ്ധ്യേയുള്ള കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളിലെ മൂത്രപ്പുരകളുടെ, നിയന്ത്രണവും, ദൈനം ദിന സൂക്ഷിപ്പും, വൃത്തിയാക്കലും എല്ലാം അതിന് സമീപമുള്ള ത്രീ സ്റ്റാര്‍ മുതലുള്ള ഹോട്ടലുകള്‍ അവരുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി ഏറ്റെടുക്കുക. അവര്‍ക്കാകുമ്പോള്‍ അത് നന്നായി ചെയ്യാനുള്ള സ്റ്റാഫ് ഉണ്ടാകും. മൂത്രപ്പുരകളുടെ ഭാഗമായി പരസ്യ ബോര്‍ഡും, കോഫി ബാറും വഴി ചെറിയ വരുമാനവും കിട്ടും.
മീറ്റിങ്ങിന്റെ അവസാനം ടൂറിസം മന്ത്രി ഗതാഗത വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് ഈ നിര്‍ദേശം വെച്ചു. കോഴിക്കോട് കളക്ടര്‍ ശ്രീ യു വി ജോസ് അന്ന് ടൂറിസത്തില്‍ പ്ലാനിംഗ് വിഭാഗം തലവനായിരുന്നു. അദ്ദേഹം അതിന് വേണ്ട പ്ലാനും, പദ്ധതിയും ഒരാഴ്ചക്കകം തയ്യാറാക്കി.
കേരളത്തിലെ മുഴുവന്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളിലെ മൂത്രപ്പുരകളും ഏറ്റെടുക്കാന്‍ ഓരോ ഹോട്ടലുകള്‍ വിചാരിച്ചാല്‍ മതിയായിരുന്നു. ടൂറിസം രംഗത്തെ സംഘടനകളും, സ്ഥാപനങ്ങളും, വ്യക്തികളും അതിന് തയ്യാറുമായിരുന്നു.
പിന്നീട് നിരന്തരം മീറ്റിംഗുകള്‍ ചര്‍ച്ചകള്‍. മന്ത്രി തലത്തില്‍. ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ എല്ലാം ധൃത ഗതിയില്‍ നടന്നു. രണ്ടു ചെറുപ്പക്കാരായ മന്ത്രിമാരുടെ ഉത്സാഹം അതിനു മുന്നിലുണ്ടായിരുന്നു. എല്ലാം ശരിയായി. കേരളത്തിലെ മുഴുവന്‍ ബസ് യാത്രക്കാരും രക്ഷപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത ആന്റി ക്ലൈമാക്‌സ്.
നിര്‍ഭാഗ്യവശാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു. ഗണേഷ് കുമാര്‍ ഈ നിര്‍ദേശം കെഎസ്ആര്‍ടിസി അധികൃതരുമായി പങ്ക് വച്ചപ്പോള്‍ അവിടെയുള്ള മുഴുവന്‍ ട്രേഡ് യൂണിയനുകളും ഒന്നിച്ചു ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. കാരണം എല്ലാ മലയാളികളും അറിയണം.
കേരളത്തിലെ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനുകളിലെ മൂത്രപ്പുരകളുടെ ലേലം വഴി കിട്ടുന്ന പൈസയുടെ ഒരു വലിയ പങ്കും, നിയന്ത്രണവും ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കു വെച്ചിരിക്കുകയാണ്. അതിലെ ലാഭം വിട്ടു കൊടുക്കാന്‍, അവരാരും തയ്യാറായിരുന്നില്ല. 'നാറി പുളിച്ച മൂത്രപ്പുരകള്‍' വേണമെങ്കില്‍ യാത്രക്കാര്‍ ഉപയോഗിച്ചാല്‍ മതി എന്ന സംഘടിത ട്രേഡ് യൂണിയന്‍ അഹന്ത.
അല്ലായിരുന്നെങ്കില്‍ 2004-2006 കാലഘട്ടത്തില്‍ അത് നടപ്പിലാക്കാന്‍ ശ്രീ കെ സി വേണുഗോപാലിനും, ശ്രീ കെ ബി ഗണേഷ് കുമാറിനും കഴിയുമായിരുന്നു. അത് നടക്കാതെ പോയി.
പക്ഷെ ആ ചര്‍ച്ചയുടെ ഫലം ചെറിയ തോതിലെങ്കിലും തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍ അനുഭവിച്ചു. ഒപ്പം തിരുവനന്തപുരം തമ്പാനൂര്‍ മെയിന്‍ സ്‌റ്റേഷനും. അവിടെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ, സുലഭ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായത്തോടെ മികച്ച രണ്ടു കംഫോര്ട് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചു. അതിന്റെ നടത്തിപ്പ് ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള ഒരു എന്‍ ജി ഓ യെ ഏല്‍പ്പിച്ചു. ഇന്നും അത് വലിയ കുഴപ്പമില്ലാതെ, വൃത്തിയായി നടക്കുന്നു.
ഒരു ചെറിയ മാറ്റം സമൂഹത്തില്‍ വരുത്താന്‍ എന്റെ അഭിപ്രായത്തിന് കഴിഞ്ഞു എന്നുള്ള സംതൃപ്തി ഒരു വശത്തുള്ളപ്പോള്‍ തന്നെ ഒരു വലിയ മാറ്റം നടക്കാതെ പോയതിലെ നിരാശ കഴിഞ്ഞ 12, 13 വര്‍ഷമായി കൊണ്ട് നടക്കുന്നു.
കേരളം മുഴുവന്‍ കിട്ടുമായിരുന്ന ഒരു സൗഭാഗ്യം ഇല്ലാതെ പോയതിന്റെ വിഷമം ഇപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇത്രയും ഓര്‍ത്തത്.ഇനിയും ഇതിനൊരു മാറ്റം വരുത്താന്‍ കഴിയും. കേരളത്തിലെ നല്ല നിലയില്‍ നടക്കുന്ന ടൂറിസം, മറ്റു വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം ഇത്തരം നീക്കം സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ അവരുടെ സാമൂഹ്യ ഉത്തരവാദിത്വ പരിപാടിയില്‍ ഉള്‍പ്പെടുത്തി അത് നന്നായി കൊണ്ട് നടക്കും. അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്‍ വഴി പൊതു മൂത്ര പുരകള്‍ നന്നാക്കുകയും, അതിന്റെ നടത്തിപ്പും, സൂക്ഷിപ്പും കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുകയും ചെയ്യുക.
പൊതുജനങ്ങള്‍ക്കും, യാത്രക്കാര്‍ക്കും മനസമധാനത്തോടെ ഒന്ന് മൂത്രമൊഴിക്കുകയും ചെയ്യാമല്ലോ. അതല്ലേ ഏറ്റവും വലിയ വികസനം!.
കൊച്ചി മെട്രോയും, വിഴിഞ്ഞവും എല്ലാം സ്വപ്ന പദ്ധതികളായി വിരാജിക്കുമ്പോള്‍, മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ സൗകര്യങ്ങള്‍, കെ എസ് ആര്‍ ടി സി അധികൃതര്‍ക്ക് അഞ്ചു പൈസ ചിലവില്ലാതെ, നടപ്പിലാക്കി അന്തസ്സായി തങ്ങളുടെ സ്ഥലത്തു നിലനിര്‍ത്താന്‍ കഴിയുന്നതിലും വലിയ ഒരു പുണ്യമുണ്ടോ?
പക്ഷെ അതിനുള്ള തന്റേടം നമ്മുടെ സര്‍ക്കാരിന് ഉണ്ടാകുമോ?
കെഎസ്ആര്‍ടിസിയിലെ വലിയ യൂണിയനുകളായ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി നേതൃത്വത്തിനോ, അവരെ നിയന്ത്രിക്കുന്ന പാര്‍ട്ടികള്‍ക്കോ ഉണ്ടാകുമോ എന്ന് ചോദിയ്ക്കാന്‍ ഓരോ പൗരനും തയ്യാറാകണം. ഒരു മാറ്റം ഇനിയെങ്കിലും നമുക്ക് വേണ്ടേ?