ഇതാണ് പ്രണയം, ഇത് മാത്രമാണ് പ്രണയം...

പ്രണയം എന്നത് ഇന്ന് തികച്ചും ഒരു അലങ്കാരമോ നേരമ്പോക്കോ ആയി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ദൈവത്തെ പോലും തോല്‍പ്പിച്ചു കളഞ്ഞ ഒരു പ്രണയ കഥ.

Update: 2019-04-19 15:26 GMT

MyMoLive എന്ന ആപ്പില്‍ വൈറലായ ആര്‍ട്ടിക്കിള്‍

പ്രണയം എന്നത് ഇന്ന് തികച്ചും ഒരു അലങ്കാരമോ നേരമ്പോക്കോ ആയി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ദൈവത്തെ പോലും തോല്‍പ്പിച്ചു കളഞ്ഞ ഒരു പ്രണയ കഥ. കൗമാരം മുതല്‍ വാര്‍ദ്ധക്യം വരെ നിരവധി പ്രണയങ്ങളിലൂടെ കടന്നു പോകുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞു പിണങ്ങി പുതിയ കാമുകനെയും കാമുകിയെയും കണ്ടെത്തുന്ന തലമുറയാണ് നമ്മുടേത്. ബഹു ഭൂരിപക്ഷം പ്രണയങ്ങളും സെക്‌സില്‍ അവസാനിക്കുകയും, സെക്‌സ് പിന്നീട് പ്രണയത്തെ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നാം കാണുന്നത്. ശരീരങ്ങള്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ ആ പ്രണയം സെക്‌സിലും മനസ്സുകള്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ ഇഷ്ടത്തിലും ചെന്നെത്തുന്നു. അങ്ങനെ ഇഷ്ടത്തില്‍ ചെന്നെത്തി പിന്നീട് അത്ഭുതമായി മാറിയ സുധാകരന്‍ മാഷിന്റെയും ഷില്‍നയുടെയും പ്രണയം, അതാണ് മൈമോ ലൈവ് നിങ്ങളിലേക്കെത്തിക്കുന്നത്.

1999ല്‍ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിതയുടെ രചയിതാവിനെ തേടിയുള്ള ഷില്‍നയുടെ അന്വേഷണം ചെന്നെത്തിയത് പയ്യന്നൂര്‍ കോളേജിലെ ബി എ വിദ്യാര്‍ത്ഥിയായ സുധാകരനിലാണ്. സുധാകരന് കിട്ടുമോ എന്ന് പോലും ഉറപ്പില്ലാതെ പയ്യന്നൂര്‍ കോളേജിലേക്ക് ഷില്‍ന അയച്ച ആദ്യ കത്തില്‍ ആരംഭിച്ച സൗഹൃദം വളര്‍ന്നു, വളര്‍ന്നു എന്നാല്‍ ഭൂമിയോളം, ദൈവത്തോളം വളര്‍ന്നു. അത് പിന്നെ ഒരുപാട് സന്തോഷങ്ങളുടെയും നൊമ്പരങ്ങളുടെയും ജീവിത കാഴ്ചയിലേക്ക് വഴി തുറന്നു. പരസ്പരം കണ്ടിട്ടില്ലെങ്കിലും കത്തിലൂടെയുള്ള സുധാകരന്റെ സ്‌നേഹവും കരുതലും പിന്നീട് ഷില്‍നയെ സുധാകരനോടുള്ള പ്രണയത്തിലേക്കെത്തിച്ചു.

2005ലാണ് അവര്‍ പരസ്പരം കാണുന്നത്. അതും കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച്. ആ തിരക്കില്‍ സുധാകരനെ തിരിച്ചറിയാന്‍ ഷില്‍ന മനസ്സില്‍ സൂക്ഷിച്ച വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍ വന്ന സുധാകരന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ നേരില്‍ കണ്ടപ്പോള്‍ മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ പറയാവുന്ന പരിമിതികളുള്ള സുധാകരനോട് ഷില്‍നയ്ക്ക് കൂടുതല്‍ ഇഷ്ടമാണുണ്ടായത്. കുട്ടിക്കാലം മുതല്‍ ദാരിദ്ര്യവും കഷ്ടപ്പാടുകളും മാത്രം കൂട്ടിനുണ്ടായിരുന്ന സുധാകരന്‍ തന്റെ ജീവിത സാഹചര്യത്തിനും സൗന്ദര്യത്തിനും ഒരിക്കലും യോജിച്ച ഒരുവളല്ല സുന്ദരിയായ ഷില്‍ന എന്ന് മനസ്സിലാക്കി കൊണ്ട് തന്നെ അവളുടെ പ്രണയ അഭ്യര്‍ത്ഥന നിരസിക്കുകയും പിന്തിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അവള്‍ കണ്ടിരുന്നത് സുധാകരന്റെ ബാഹ്യമായ സൗന്ദര്യത്തെയോ സാമ്പത്തിക ശേഷിയെയോ ഒന്നുമല്ല, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ മാത്രമാണ്. ഒരു പക്ഷേ അവളോളം അത് കണ്ടവര്‍ മറ്റാരും ഉണ്ടാവില്ല എന്ന് തന്നെ പറയാം, ദൈവം പോലും.

ആ കൂടിക്കാഴ്ച അവസാനിക്കുമ്പോള്‍ തന്റെ ഒരു ഫ്രെയിം ചെയ്ത ഫോട്ടോയും അവള്‍ സുധാകരന് സമ്മാനിച്ചു. എന്നാല്‍ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും ചാണകം മേഞ്ഞ നിലത്തോടും കൂടിയ ദാരിദ്ര്യത്തിന്റെ പടുകുഴിയിലുള്ള തന്റെ വീട്ടില്‍ അവളുടെ ഫോട്ടോ സൂക്ഷിക്കാന്‍ ഒരിടം പോലും ഇല്ല എന്ന കാര്യവും അവളോട് അദ്ദേഹം തുറന്ന് പറഞ്ഞു. എല്ലാം ശരിയാവും എന്ന് അയാളുടെ കൈ പിടിച്ച് മിഴികളിലൂടെ അവള്‍ പറഞ്ഞു. അവിടെയാണ് ഇവരുടെ ജീവിതത്തിലെ പ്രണയത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം അവര്‍ വിവാഹിതരായി. തുടക്കത്തില്‍ ഷില്‍നയുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക സാഹചര്യങ്ങളിലും മറ്റും വളരെ പിന്നില്‍ നില്‍ക്കുന്ന സുധാകരനോട് അല്‍പ്പം നീരസം ഉണ്ടായിരുന്നെങ്കിലും ഷില്‍നയെ കീഴടക്കിയ അദ്ദേഹത്തിന്റെ മനസൗന്ദര്യം പിന്നീട് അവരെയും കീഴടക്കി.

തുടര്‍ന്ന് ഒരു ജോലിയ്ക്കുള്ള നെട്ടോട്ടത്തിലായി ഇരുവരും. രണ്ട് പേര്‍ക്കും ജോലി ലഭിച്ചതും ഒരേ ദിവസമായിരുന്നു എന്നതാണ് പ്രകൃതിയുടെ മറ്റൊരു അത്ഭുതം. ഷില്‍നയ്ക്ക് ഫെഡറല്‍ ബാങ്കിലും സുധാകരന് ഹൈസ്‌കൂള്‍ അധ്യാപകനായും ജോലി ലഭിച്ചു. പിന്നീട് സുധാകരന് തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മലയാളം അധ്യാപകനായി ജോലി ലഭിച്ചതോടെ ജീവിതം പച്ചപിടിക്കാന്‍ ആരംഭിച്ചു. കൂലി പണി ചെയ്തും മറ്റും കഷ്ടപ്പെട്ട് തന്നെ വളര്‍ത്തിയ അച്ഛനമ്മമാര്‍ക്ക് തങ്ങളുടെ ചെറ്റക്കുടിലില്‍ നിന്നും ഒരു മോചനം നല്‍കുക എന്നതായിരുന്നു സുധാകരന്റെ മറ്റൊരു വലിയ സ്വപ്നം. പുതിയ വീടെടുത്ത് അവരെ മെച്ചപ്പെട്ട ജീവിത രീതിയിലേക്ക് എത്തിക്കുമ്പോഴേക്കും വര്‍ഷങ്ങള്‍ ഓരോന്നായി മുന്നോട്ട് പോയിരുന്നു.

അവരുടെ ജീവിതത്തില്‍ ഇത്രയേറെ അനുഗ്രഹങ്ങള്‍ തന്ന ദൈവം കുഞ്ഞുങ്ങളെ നല്‍കാതെയാണ് പിന്നീട് അവരെ പരീക്ഷിച്ചത്. മനോഹരമായ അവരുടെ ജീവിതത്തിലേക്ക് പിന്നീട് അതൊരു നൊമ്പരമായി കടക്കാന്‍ ആരംഭിച്ചപ്പോള്‍ കുഞ്ഞിനായുള്ള തീവ്ര ശ്രമം ആരംഭിച്ചു. പല സ്ഥലങ്ങളിലും പല ചികിത്സകളും നടത്തി ഒരു ഫലവും കാണാതിരുന്ന സാഹചര്യത്തിലാണ് മൃാരശ്‌ള.രീാ എന്ന വെബ് ലിങ്ക് അവള്‍ക്ക് ലഭിക്കുന്നത്. അങ്ങനെയാണ് അവസാന ആശ്രയം എന്ന നിലയ്ക്ക് കോഴിക്കോടുള്ള എ ആര്‍ എം സി യില്‍ അവര്‍ ചികിത്സ തേടാന്‍ തീരുമാനിച്ചത്. ആ തീരുമാനം വന്ധ്യതാ ചികിത്സാ രംഗത്തെ പ്രശസ്തനായ ഡോക്ടര്‍ കുഞ്ഞുമൊയ്ദീന്റെ മുന്നിലാണ് അവരെ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി രണ്ട് തവണ ഐ വി എഫ് ട്രീറ്റ്‌മെന്റ് ചെയ്‌തെങ്കിലും ഫലം കണ്ടില്ല. ഷില്‍നയുടെ ശാരീരിക അവസ്ഥയുടെയും ആരോഗ്യ നിലയുടെയും സാഹചര്യങ്ങളാണ് ഐ വി എഫ് പരാജയപ്പെടാനുള്ള കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടൊപ്പം സുധാകരന്‍ മാഷിന്റെ ബീജം എടുത്ത് സൂക്ഷിക്കാമെന്നും അനുയോജ്യമായ സാഹചര്യം വരുമ്പോള്‍ ഒന്നുകൂടി പരീക്ഷിക്കാമെന്നും നിര്‍ദ്ദേശിച്ചു.

അങ്ങനെ 2017 ഓഗസ്റ്റ് 17ന് വീണ്ടും ഐ വി എഫ് ചെയ്യാമെന്ന് തീരുമാനിച്ചു. അതിനായി മൂന്ന് ദിവസം മുന്നേ പരിശോധനകള്‍ക്കായി എ ആര്‍ എം സിയിലേക്ക് പോകേണ്ടതുണ്ടായിരുന്നു. ആ സമയത്ത് തന്നെ കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ റിഫ്രഷ്‌മെന്റ് കോഴ്‌സില്‍ പങ്കെടുക്കുകയായിരുന്നു മാഷ്. അവസാന ദിവസം എല്ലാവരും കൂടി മാഷിന്റെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ തേക്ക് മ്യൂസിയം സന്ദര്‍ശിക്കാം എന്ന് തീരുമാനിച്ചിരുന്നു. വൈകുന്നേരം ആകുമ്പോഴേക്കും ഷില്‍ന കോഴിക്കോട് എ ആര്‍ എം സിയിലേക്ക് എത്തിയാല്‍ മതിയെന്നും താന്‍ നിലമ്പൂരില്‍ നിന്നും അവിടേക്ക് എത്തിക്കോളാം എന്നും മാഷ് പറഞ്ഞു.

ഷില്‍ന കണ്ണൂരില്‍ നിന്നും എ ആര്‍ എം സിയിലേക്ക് യാത്ര ആരംഭിച്ചു. പക്ഷേ ഇടയ്ക്കിടയ്ക്ക് വിളിച്ചു കാര്യങ്ങള്‍ തിരക്കാറുള്ള മാഷ് അന്ന് വിളിക്കാത്തതിനാല്‍ സംശയം തോന്നിയ ഷില്‍ന മാഷിനെ വിളിച്ചു. പക്ഷേ ഫോണ്‍ ഓഫായിരുന്നു. ഷില്‍ന യാത്ര ചെയ്യുന്ന ട്രെയിനില്‍ നല്ല തിരക്കുമായിരുന്നു. പിന്നീട് ഷില്‍നയുടെ അച്ഛന്‍ വിളിച്ച് തനിക്ക് ചെറിയ ഒരു അപകടം സംഭവിച്ചുവെന്നും അതുകൊണ്ട് തിരിച്ചു വരണമെന്നും നിര്‍ദ്ദേശിച്ചു. അങ്ങനെ തിരിച്ചു പോകുമ്പോള്‍ ഫോണിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കണ്ണൂര്‍ ബ്രണ്ണന്‍ കോളേജിലെ അധ്യാപകന്‍ നിലമ്പൂരില്‍ വച്ച് കാറപകടത്തില്‍ മരിച്ചു എന്നൊരു സന്ദേശം അവള്‍ കണ്ടു. നിലമ്പൂരില്‍ നിന്നും തിരികെ വരുകയായിരുന്ന മാഷിന്റെ കാറിലേക്ക് പാഞ്ഞു കയറിയ ആ ലോറി തകര്‍ത്തത് വലിയ ഒരു പ്രണയത്തിന്റെ അടങ്ങാത്ത സ്വപ്നങ്ങളെയായിരുന്നു. ഒരു പക്ഷേ ദൈവത്തിന് പോലും അവരുടെ പ്രണയത്തില്‍ അസൂയ തോന്നിയിരിക്കാം. അല്ലെങ്കില്‍ പ്രണയിച്ചു കൊതി തീരും മുന്‍പേ ആ ജീവന്‍ എടുക്കില്ലായിരുന്നു.

മാഷിന്റെ മരണത്തോടെ സ്വാഭാവികമായും ചെറുപ്പക്കാരിയായിരുന്ന ഷില്‍നയെ മറ്റൊരു വിവാഹത്തിന് ബന്ധുക്കള്‍ നിര്‍ബന്ധിക്കാവുന്ന സാഹചര്യത്തില്‍ ഷില്‍ന മറ്റൊരു തീരുമാനമാണ് എടുത്തത്. താന്‍ മാഷിന്റെ കുഞ്ഞിന് ജന്മം നല്‍കും എന്ന്. ആദ്യം അച്ഛനോട് പറഞ്ഞു. മാഷിന്റെ ബീജം എ ആര്‍ എം സിയില്‍ സൂക്ഷിച്ചിട്ടുണ്ട്, ആരോഗ്യപരമായി തന്റെ ശരീരം ഇപ്പോള്‍ ഐ വി എഫ് ട്രീറ്റ്‌മെന്റിന് അനുയോജ്യവുമാണ്, അതുകൊണ്ട് അച്ഛന്‍ ആശുപത്രിയില്‍ സംസാരിക്കണം. എന്നാല്‍ ഇങ്ങനെ ഒരു തീരുമാനത്തിന് ഒരു പിതാവും ഒരിക്കലും കൂട്ടുനില്‍ക്കാന്‍ സാധ്യത ഇല്ലാത്തതാണ്. ചെറുപ്പക്കാരിയായ മകളുടെ ഭാവി മാത്രമായിരിക്കും ഏതൊരു പിതാവിന്റെയും ചിന്ത. എന്നാല്‍ മകളുടെ പ്രണയത്തിന്റെ തീവ്രത അറിയാവുന്ന പിതാവ് ഡോക്ടര്‍ കുഞ്ഞുമൊയ്ദീനെ വിവരം അറിയിച്ചു. പിന്നീട് ഷില്‍നയെ ആശുപത്രിയില്‍ വരുത്തി നിങ്ങള്‍ ചെറുപ്പമാണ്, മറ്റൊരു വിവാഹമല്ലേ അഭികാമ്യം എന്നെല്ലാം പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ഡോക്ടര്‍ കുഞ്ഞുമൊയ്ദീന്‍ ശ്രമിച്ചു. എങ്കിലും അവളുടെ തീരുമാനത്തിന് മുന്നില്‍ ഡോക്ടറും പരാജയപ്പെട്ടു. മാഷിനോടുള്ള പ്രണയത്തിനേക്കാള്‍ വലുതായി മറ്റൊരാള്‍ക്കും തനിക്ക് ഒന്നും നല്‍കാന്‍ സാധിക്കില്ല എന്നാണ് അവള്‍ പറഞ്ഞത്. ആ തീരുമാനത്തിന് മുന്നില്‍ നിറകണ്ണുകളോടെ ഷില്‍നയെ ചേര്‍ത്ത് പിടിച്ച് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു തരാം എന്ന് ഡോക്ടര്‍ കുഞ്ഞുമൊയ്ദീന്‍ ഉറപ്പു നല്‍കി.

അപ്പോഴും ഐ വി എഫ് വിജയിക്കുമോ എന്ന ആശങ്ക അവളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ ഷില്‍നയുടെ ആ ദൃഢ നിശ്ചയത്തിന് മുന്നില്‍ ദൈവം പോലും തല കുനിച്ചു എന്ന് വേണം പറയാന്‍. ആ ഐ വി എഫ് ട്രീറ്റ്‌മെന്റ് വിജയം കണ്ടു. ഷില്‍ന ഗര്‍ഭം ധരിച്ചു , പ്രസവിച്ചു. ദൈവം തലകുനിച്ചു എന്ന് തോന്നിക്കും വിധം അവള്‍ക്ക് ദൈവം നല്‍കിയത് ഇരട്ട കുട്ടികളെയാണ്. ആ കുട്ടികള്‍ക്ക് മാഷ് മുന്നേ കരുതി വച്ചിരുന്ന പേരുകളും അവള്‍ നല്‍കി . ഈ ചികിത്സയ്ക്ക് പുറപ്പെടും മുമ്പ് കുഞ്ഞുങ്ങള്‍ക്കിടാനുള്ള പേരുകള്‍ മാഷ് ഡയറിയില്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു, നിമ , നിയ. പക്ഷേ ആ പൊന്നോമനകളെ കാണാന്‍ മാത്രം മാഷിനോട് ദൈവം കരുണ കാണിച്ചില്ല.

ഇന്ന് പ്രണയം പലരും നേരമ്പോക്കായി മാത്രം കാണുമ്പോള്‍ നമ്മുടെ കണ്മുന്നില്‍ തന്നെ ഷില്‍നയും ആ കുഞ്ഞുങ്ങളും മറ്റൊരു പ്രണയിതാക്കള്‍ക്കും പ്രണയത്തെ ഇത്രമാത്രം പ്രണയിക്കാന്‍ കഴിയില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ജീവിക്കുന്നു. ഞങ്ങളും നമിച്ചു പോയി സഹോദരി ഷില്‍ന, നിന്റെ പ്രണയത്തിന് മുന്നില്‍.

Full View




Tags:    

Similar News