കേരള മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ഥന; ദയവായി കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ നിരോധിക്കണം സര്‍
ചെഗുവേര, ഫിദല്‍കാസ്‌ട്രോ തുടങ്ങിയ ലാറ്റിനമേരിക്കന്‍ തീവ്രവാദികളുടെ പടങ്ങള്‍ ഉള്ള ബനിയനും ഷഡിയും ധരിച്ചു നടക്കുന്നവരെ അറസ്റ്റ് ചെയ്തു തുറങ്കിലടക്കണമെന്നും ആവശ്യപ്പെട്ടാണ് സി എസ് മുരളീ ശങ്കര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മാവോവാദിയെന്ന് ആരോപിച്ച് വയനാട് ലക്കിടിയില്‍ സി പി ജലീല്‍ എന്ന യുവാവിനെ തണ്ടര്‍ബോള്‍ട്ട് വെടിവച്ച് കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ദലിത് ചിന്തകന്‍ സി എസ് മുരളീ ശങ്കര്‍. ഭരണകൂടത്തെ പരസ്യമായി 'അട്ടിമറിക്കാന്‍' ആഹ്വാനം ചെയ്യുന്ന 'കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ' നിരോധിക്കണമെന്നുംഇത് പ്രസിദ്ധീകരിക്കുന്ന ചിന്താ പബ്ലിഷേഴ്‌സ് അടച്ചുപൂട്ടി സീല്‍ ചെയ്യണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ചെഗുവേര, ഫിദല്‍കാസ്‌ട്രോ തുടങ്ങിയ ലാറ്റിനമേരിക്കന്‍ തീവ്രവാദികളുടെ പടങ്ങള്‍ ഉള്ള ബനിയനും ഷഡിയും ധരിച്ചു നടക്കുന്നവരെ അറസ്റ്റ് ചെയ്തു തുറങ്കിലടക്കണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
കേരള മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന.
ദയവായി 'കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ' നിരോധിക്കണം സര്‍. 'സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മുടി വെയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ ഉപാധികളെയാകെ 'ബലംപ്രയോഗിച്ച്' മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാവൂ എന്ന് അവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.
കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓര്‍ത്ത് അധികാരി വര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ.തൊഴിലാളികള്‍ക്കു സ്വന്തം ചങ്ങലക്കെട്ടുകള്‍ അല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ല. അവര്‍ക്ക് നേടാനോ ഒരു ലോകമുണ്ടുതാനും. സര്‍വ്വരാജ്യ തൊഴിലാളികളെ ഏകോപിക്കുവിന്‍!' മുകളില്‍ പറഞ്ഞ പുസ്തകത്തിന്റെ (കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ) അവസാന ഭാഗങ്ങളാണ് ഞാനിവിടെ എടുത്തു ഉദ്ധരിച്ചിട്ടുള്ളത്.
ഈ പുസ്തകം വരുത്തിവയ്ക്കുന്ന അപകടങ്ങള്‍ ഇതിനകം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നു. 'ശാന്തിയും സമാധാനവും' പുലരുന്ന നമ്മുടെ നാട്ടില്‍ ഇത്തരം മാന്ത്രികമായ, കവിത മയമായ, തീവ്രവാദപരമായ ആശയങ്ങളുള്ള ഈ പുസ്തകം നിരോധിച്ചില്ലെങ്കില്‍ കേരളത്തില്‍ ഇനിയും നിരവധി ചെറുപ്പക്കാര്‍ വഴി തെറ്റി പോവാനിടയുണ്ട്.
ആയതിനാല്‍, ഇത്രയും പരസ്യമായി 'ഭരണകൂടത്തെ അട്ടിമറിക്കണ'മെന്ന് പ്രഖ്യാപിക്കുന്ന ഈ പുസ്തകം നിരോധിക്കണമെന്നും ഇത് ഇപ്പോഴും അതേ പടി റീ പ്രിന്റ്് ചെയ്തു വില്‍ക്കുന്ന നമ്മുടെ സ്വന്തം 'ചിന്താ പബ്ലിഷേഴ്‌സ്' അടച്ചുപൂട്ടി സീല്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
അതുപോലെ തന്നെ ചെഗുവേര, ഫിദല്‍കാസ്‌ട്രോ തുടങ്ങിയ ലാറ്റിനമേരിക്കന്‍ തീവ്രവാദികളുടെ പടങ്ങള്‍ ഉള്ള ബനിയനും ഷഡിയും ധരിച്ചു നടക്കുന്നവരെ അറസ്റ്റ് ചെയ്തു തുറങ്കിലടക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു.
Full View