കെ എം ബഷീറിന്റെ ചോരയില്‍ ഈ സര്‍ക്കാരിന്റെ വിഹിതമെത്രയെന്ന് എപി സുന്നി നേതാവ്
കൊലയാളിക്ക് പട്ടുമെത്ത വിരിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ 14 വിഭവങ്ങളുടെ ഓണക്കിറ്റ് മതിയാവുകയുമില്ല. ഓട്ടവീണ ചങ്കുമായി ഒരു സര്‍ക്കാരിനും ഏറെ ദൂരം ഓടാന്‍ കഴിയില്ലെന്നോര്‍ക്കുക. നുണകള്‍ക്ക് മേല്‍ അടയിരിക്കുന്ന ഒരു ഭരണകൂടത്തോട് സമരം ചെയ്യുകയേ നിര്‍വാഹമുള്ളൂ. അധികാരത്തെക്കാള്‍ പ്രധാനം ആത്മാന്തസ്സ് ആണെന്ന് കരുതുന്ന ആരെങ്കിലും ആ മന്ത്രിസഭയില്‍ ഉണ്ടെങ്കില്‍ ഇട്ടെറിഞ്ഞു പോരാന്‍ ഇതാണ് സമയം. പ്രജാപതി പേടിക്കുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. അതുകൊണ്ട് ചോദിക്കുകയാണ്: കെ എം ബഷീറിന്റെ ചോരയില്‍ ഈ സര്‍ക്കാരിന്റെ വിഹിതം എത്രയാണ്?-അദ്ദേഹം ചോദിച്ചു
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരേ ആഞ്ഞടിച്ച് എപി സുന്നി നേതാവ് മുഹമ്മദലി കിനാലൂര്‍. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കെ എം ബഷീര്‍ കൊലക്കേസില്‍ കളങ്കിതനായി സമൂഹത്തിനു മുന്നില്‍ നില്‍പ്പാണ് പിണറായി വിജയന്‍. കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്നാണ് ഇന്നലെ അദ്ദേഹം തള്ളിമറിച്ചത്. ഈ കേസില്‍ ഇനിയെന്ത് വീഴ്ച സംഭവിക്കാനാണ്? തെളിവുകള്‍ മുഴുവന്‍ പോലിസ്- ഐഎഎസ് കൂട്ടുകെട്ട് നശിപ്പിച്ചുകളഞ്ഞ ഒരു കേസില്‍ ഇനി എന്ത് മല മറിക്കുമെന്നാണ് തട്ടിവിടുന്നത്? ചെയ്യാവുന്നത് സര്‍ക്കാറിനായിരുന്നു. ശ്രീരാം വെങ്കിട്ടരാമന്‍ എന്ന മുഴുക്കുടിയനും കൊലപാതകിയുമായ ഒരാളെ പ്രധാന തസ്തികയില്‍ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ തങ്ങള്‍ വേട്ടക്കാരനൊപ്പം എന്ന് ഒരു ശങ്കയും ബാക്കിവെക്കാതെ വ്യക്തമാക്കിയിരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകുമ്പോള്‍ അങ്ങനെ വിവിധ പദവികള്‍ വഹിക്കേണ്ടിവരുമെന്നാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ശ്രീരാമിന്റെ നിയമനത്തെ നിര്‍ലജ്ജം ന്യായീകരിച്ചത്. താങ്കളുടെ പാര്‍ട്ടിയില്‍പെട്ട ഒരാളെ ആയിരുന്നു ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഇങ്ങനെ ഇല്ലാതാക്കിയതെങ്കില്‍ ഇതേ സൗമനസ്യം താങ്കള്‍ കാണിക്കുമായിരുന്നോ?
ഈ സര്‍ക്കാരില്‍ നിന്ന് സംഘ്പരിവാറിനല്ലാതെ മറ്റാര്‍ക്കെങ്കിലും നീതി കിട്ടിയതിന്റെ അനുഭവം മുന്നിലുണ്ടോ? വാളയാറില്‍, പാലത്തായിയില്‍, മറ്റനേകമിടങ്ങളില്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമായിരുന്നു എന്നറിയാവുന്നത് കൊണ്ട് കെ എം ബി കേസില്‍ നീതി കിട്ടിയില്ല എന്നൊരു ആക്ഷേപം ഞാനുന്നയിക്കില്ല! സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ ശ്രീരാമിനെ തിരിച്ചെടുക്കാതെ നിര്‍വാഹമില്ലായിരുന്നു എന്നാണ് സഖാക്കളുടെ കാപ്‌സ്യൂള്‍. ഉദ്യോഗസ്ഥ ലോബിക്ക് മുമ്പില്‍ വിനീതവിധേയനായി നില്‍ക്കുന്ന പിണറായി വിജയന് മറ്റൊരു നിര്‍വ്വാഹമില്ലായിരുന്നു എന്നാണെങ്കില്‍ ആ കാപ്‌സ്യൂള്‍ അക്ഷരത്തിലും അര്‍ത്ഥത്തിലും ശരിയാണ്. ശ്രീരാമിനെ തിരിച്ചെടുത്തില്ലായിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നുകൂടി ആലോചിക്കുക. അയാള്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യുണലില്‍ പോകും. സര്‍ക്കാരിന് നിലപാട് പറയാന്‍ അവസരം ലഭിക്കും. ചിലപ്പോള്‍ അയാള്‍ക്ക് അനുകൂലമായ ഉത്തരവ് വന്നേക്കാം. എന്നാലെന്ത്? ആ വിധി നടപ്പാക്കുകയേ സര്‍ക്കാര്‍ ചെയ്തുള്ളൂ എന്ന് ബഷീറിനെ സ്‌നേഹിക്കുന്നവര്‍ക്ക് വെറുതെയെങ്കിലും ആശ്വസിക്കാമായിരുന്നു. സര്‍ക്കാരിന് അതുവരെയ്ക്കും കാത്തുനില്‍ക്കാന്‍ ക്ഷമയുണ്ടായില്ല. ടി പി സെന്‍കുമാറിന്റെ കാര്യത്തില്‍ സുപ്രീം കോടതി കടുപ്പിച്ചുപറയുവോളം കാത്തിരുന്ന പിണറായി സര്‍ക്കാര്‍ ശ്രീരാമിന്റെ കാര്യത്തില്‍ അയാള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യുണലില്‍ പോകാന്‍ പോലും കാത്തിരുന്നില്ല. അതിനു മുമ്പേ സര്‍വീസില്‍ തിരിച്ചെടുത്തു!! ആരോഗ്യവകുപ്പില്‍ ജോയിന്റ്‌സെക്രട്ടറി ആയി നിയമനം. എന്തായിരുന്നു സഖാക്കളുടെ അന്നത്തെ കാപ്‌സ്യൂള്‍ എന്നോര്‍ക്കുന്നുണ്ട്. അയാള്‍ മെഡിക്കല്‍ ബിരുദമുള്ള ആളായതുകൊണ്ടാണ് ആ തസ്തിക നല്‍കിയത് എന്ന്. ഡോക്ടര്‍മാര്‍തന്നെ ആയ എത്രയോ ഐഎഎസ് ഓഫിസര്‍മാര്‍ വേറെയുമുണ്ടായിട്ടും എന്തുകൊണ്ട് ഒരു കൊലയാളിയെത്തന്നെ ആ തസ്തിക ഏല്പിച്ചു? ആരാണ് അതിനു ചരടുവലിച്ചത്? ശ്രീരാം രക്ഷപ്പെടണമെന്ന് മന്ത്രിസഭയില്‍ / സിപിഎമ്മില്‍ ആര്‍ക്കായിരുന്നു തിടുക്കം?
തോമസ് ജേക്കബ് എന്ന സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനെ 'തൂമ്പ കോര്‍പറേഷനില്‍' നിയമിച്ച് അരുക്കാക്കിയ പിണറായി സര്‍ക്കാര്‍ കൊലയാളി ശ്രീരാമിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇത്ര ഉദാരമായ സമീപനം സ്വീകരിക്കുന്നത്? ഈ സര്‍ക്കാരിന്റെ നയംതന്നെയാണ് പ്രശ്‌നം. അത് സത്യത്തോട് വിമുഖമാവുക എന്നതാണ്. ഐഎഎസുകാരനാകയാല്‍ ഇപ്പോള്‍ അയാളെ കളക്ടര്‍ ആക്കാതിരിക്കാന്‍ പറ്റില്ല എന്നൊക്കെ വിശദീകരിച്ച് പരിഹാസ്യരാകുന്ന പാര്‍ട്ടിക്കാരെ കാണുമ്പോള്‍ ശരിക്കും സങ്കടം തോന്നുന്നു. ശ്രീറാമിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി പൊതുസമൂഹത്തിനു നല്‍കിയ എല്ലാ ഉറപ്പുകളും ലംഘിക്കപ്പെട്ടിരിക്കയാണ്. കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന അവജ്ഞ പോലും അര്‍ഹിക്കുന്നില്ല! കൊലയാളിക്ക് പട്ടുമെത്ത വിരിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ 14 വിഭവങ്ങളുടെ ഓണക്കിറ്റ് മതിയാവുകയുമില്ല. ഓട്ടവീണ ചങ്കുമായി ഒരു സര്‍ക്കാരിനും ഏറെ ദൂരം ഓടാന്‍ കഴിയില്ലെന്നോര്‍ക്കുക. നുണകള്‍ക്ക് മേല്‍ അടയിരിക്കുന്ന ഒരു ഭരണകൂടത്തോട് സമരം ചെയ്യുകയേ നിര്‍വാഹമുള്ളൂ. അധികാരത്തെക്കാള്‍ പ്രധാനം ആത്മാന്തസ്സ് ആണെന്ന് കരുതുന്ന ആരെങ്കിലും ആ മന്ത്രിസഭയില്‍ ഉണ്ടെങ്കില്‍ ഇട്ടെറിഞ്ഞു പോരാന്‍ ഇതാണ് സമയം. പ്രജാപതി പേടിക്കുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. അതുകൊണ്ട് ചോദിക്കുകയാണ്: കെ എം ബഷീറിന്റെ ചോരയില്‍ ഈ സര്‍ക്കാരിന്റെ വിഹിതം എത്രയാണ്?