'പൊന്നാടയും ഫലകവും കൈയില്‍ ഇട്ടുകൊടുത്താല്‍ മതി'; ആദരിക്കല്‍ ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന് തെയ്യം കലാകാരന്‍

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ക്ഷേത്രച്ചടങ്ങില്‍ നേരിട്ട വിവേചനത്തെക്കുറിച്ച് സജീവ് തുറന്നുപറഞ്ഞത്.

Update: 2021-04-26 08:33 GMT

കണ്ണൂര്‍: കുഞ്ഞിമംഗലത്ത് സമുദായ ക്ഷേത്രത്തില്‍ ആദരിക്കാന്‍ വിളിച്ച് വരുത്തി ജാതിയുടെ പേരില്‍ അപമാനിച്ചെന്ന് തെയ്യം കലാകാരനും ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ സജീവ് കുറുവാട്ട്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ക്ഷേത്രച്ചടങ്ങില്‍ നേരിട്ട വിവേചനത്തെക്കുറിച്ച് സജീവ് തുറന്നുപറഞ്ഞത്.

അവര്‍ണ്ണരായതുകൊണ്ടാണോ തന്നെ മാത്രം വേദിയില്‍ വേര്‍തിരിച്ചു കണ്ടതെന്നും ആ വേദിയില്‍ ആദരിക്കപ്പെടുകയായിരുന്നില്ല മറിച്ച് അപമാനിക്കപ്പെടുകയായിരുന്നുവെന്നും സജീവ് ചൂണ്ടിക്കാട്ടി.

സജീവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

'കുഞ്ഞിമംഗലത്ത് ഒരു സമുദായ ക്ഷേത്രം എന്നെ ഇന്ന് പൊന്നാട നല്‍കി ആദരിക്കാന്‍ ക്ഷണിച്ചിരുന്നു. ഏതാണ്ട് 11 മണിയോടെ എത്തിയപ്പോള്‍ ശീവേലി നടക്കുകയാണ്. അത് കഴിഞ്ഞ് കവാടം ഉദ്ഘാടനവും കഴിഞ്ഞ് ആദരിക്കുന്ന വേദിയിലേക്ക് സ്വാഗതം ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ചുരുക്കം ആളുകളേ ഉണ്ടായിരുന്നുള്ളൂ. ആദരിക്കപ്പെടുന്നവരെ ഓരോരുത്തരായി വേദിയിലേക്ക് വിളിച്ചു ക്ഷേത്രം തന്ത്രി പൊന്നാടയണിയിച്ചു.

ക്ഷേത്രം കോലധാരിയെന്ന നിലയില്‍ ഈയുള്ളവനെ വേദിയിലേക്ക് വിളിച്ചപ്പോള്‍ താന്ത്രിയുടെ അടുത്തു നിന്ന മാന്യദേഹം പറയുന്നു.... പുതപ്പിക്കണ്ട.... ഫലകവും പൊന്നാടയും കയ്യില്‍ ഇട്ടു കൊടുത്താല്‍ മതിയെന്ന്.... അതെന്താ ഞങ്ങള്‍ അവര്‍ണ്ണരായതുകൊണ്ടാണോ എന്നെ മാത്രം വേദിയില്‍ വേര്‍തിരിച്ചു കണ്ടത്.... ആ വേദിയില്‍ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നില്ല....അപമാനിക്കപ്പെടുകയായിരുന്നു..... വേണ്ടിയിരുന്നില്ല....വല്ലാത്ത വേദന മാത്രമാണ് തോന്നിയത്... ജാതീയത മനസില്‍ പോറ്റുന്നവര്‍ മേലില്‍ ഇത്തരം വേദികളില്‍ എന്നെ വിളിച്ചേക്കരുത്'.


Tags:    

Similar News