ബാഹര്‍ ആജാ.. സബ് ഖതം ഹോഗയാ..

Update: 2019-03-12 06:13 GMT

യൂനിലിവര്‍ സര്‍ഫ് എക്‌സല്‍ പരസ്യത്തിലെ കുട്ടിയേക്കാള്‍ കുറച്ചുകൂടി പ്രായം കാണും ഹാഫിസ് ജുനൈദിന്. ഇതു പോലൊരു ആഘോഷതലേന്ന് ആള്‍ക്കൂട്ടം അവനെ ഓടുന്ന ട്രെയിനിനുള്ളില്‍ വച്ച് ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊന്നുകളയുകയായിരുന്നു.

സദര്‍ ബസാറില്‍ നിന്ന് ഈദിന്റെ മധുരവുമായി ജുനൈദ് വരുന്നതും കാത്തിരുന്ന ഉമ്മയുടെ മുമ്പിലേക്ക് എത്തിയത് സംഘീ ആള്‍ക്കൂട്ടം കൊത്തിയരിഞ്ഞ അവന്റെ വിറങ്ങലിച്ച ശരീരം.ട്രെയിനിനുള്ളില്‍ 2 മണിക്കൂറോളമാണ് ജുനൈദും സഹോദരങ്ങളും പീഡിപ്പിക്കപ്പെട്ടത്. പരസ്യ ചിത്രത്തിലെ ആ ബാലനെ പോലെ അവനും തൊപ്പി ധരിച്ചിരുന്നു. ആ മുസ്‌ലിം ഐഡന്റിറ്റി തന്നെ അക്രമത്തിനുള്ള മതിയായ കാരണമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ജുനൈദിന്റെ സഹോദരന്‍ ഹാഷിം ആ രാത്രിയെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നുണ്ട്.

'ആള്‍ക്കൂട്ടം ദേശദ്രോഹിയെന്നും ബീഫ് തിന്നുന്നവരെന്നും ആക്രോശിച്ചാണ് ജുനൈദിനേയും ഞങ്ങളെയും ആക്രമിച്ചത്. ഓടി രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പാഴാവുന്നതും അവര്‍ക്കു മുമ്പില്‍ ജുനൈദ് ജീവനു വേണ്ടി കേഴുന്നതും കണ്ണില്‍ നിന്ന് മായുന്നില്ല. എനിക്കവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ..! ഓരോ കുത്തേല്‍ക്കുമ്പോഴും ഉയരുന്ന അവന്റെ ദയനീയമായ നിലവിളി ചെവിയിലിപ്പോഴും അലയടിക്കുന്നു..

ട്രെയിനിന്റെ ചുവരിലും നിലത്തും ചിതറിത്തെറിച്ച് പരന്നൊഴുകി തളം കെട്ടിക്കിടക്കുന്നുണ്ട് ജുനൈദിന്റെ ചോര. അവന്റെ വെളുത്തനിറമുള്ള കുര്‍ത്ത ചോര നിറമായി മാറിയിരുന്നു. അവസാനം എന്റെ മടിയില്‍ അവന്‍ ചലനമറ്റ് കിടക്കുന്ന ആ നിമിഷങ്ങള്‍ മരിക്കുവോളം എന്നെ വേട്ടയാടും.

ഈ രണ്ടു മണിക്കൂറോളം നടന്ന ആക്രമണം അവിടെ ഉള്ളവരെല്ലാം നോക്കി നിന്നു. ഒരാളും ഞങ്ങളെ രക്ഷിച്ചില്ല. ചിലര്‍ ഞങ്ങളെ അക്രമികള്‍ക്ക് പിടിച്ചു കൊടുക്കുകയായിരുന്നു. ദേശീയത എന്നാല്‍ എന്താണെന്നൊന്നും എനിക്കറിയില്ല. ഒന്നറിയാം ഈ ഇന്ത്യ എന്റെ നാടാണ്'

സര്‍ഫ് എക്‌സല്‍ മുതലാളിയുടേത് കച്ചവടക്കണ്ണാണെന്നൊക്കെ അഭിപ്രായങ്ങള്‍ കാണുന്നുണ്ട്. ഇത്തരം ചിന്താഭാരങ്ങള്‍ കൂടാതെ പരസ്യം ആഘോഷിക്കുന്നവരുമുണ്ട്. തൊപ്പി ധരിച്ച ജുനൈദ് ആ ഒരു അടയാളം കൊണ്ട് മാത്രം ഭീകരമായി കൊല്ലപ്പെടുന്നത് നിസ്സംഗമായി നോക്കി നില്‍ക്കുന്ന ഒരു നാട്ടില്‍, ഫഹദെന്ന പേരുള്ളത് കൊണ്ട് മാത്രം ഒരു കുഞ്ഞുമോന്‍ പബ്ലിക്കില്‍ കഴുത്തറുത്ത് കൊല്ലപ്പെടുന്ന ഒരു നാട്ടില്‍, പരസ്യചിത്രത്തിലെങ്കിലും തൊപ്പി ധരിച്ച ആ മോനും അവനു പരിചയാവുന്ന ആ മോളും ഉള്‍പ്പെടുന്ന ആ ഫ്രെയിം ഹൃദ്യമായ ഒരു കാഴ്ചയാവാതിരിക്കുന്നതെങ്ങനെയാണ്.

മുസല്‍മാനെ കുറിച്ച് സംഘപരിവാരം കുഞ്ഞുമനസ്സില്‍കുത്തി വച്ചുകൊണ്ടിരിക്കുന്ന വിഷത്തിന്റെ അളവ് വ്യക്തമാക്കുന്ന ഒരു വീഡിയോ സാംപിള്‍ ആദ്യ കമന്റിലുണ്ട്. കണ്ടു നോക്കൂ. സര്‍ഫ് എക്‌സല്‍/ആ പരസ്യചിത്രം നിര്‍മിച്ചയാള്‍ നടത്തുന്ന പൊളിറ്റിക്കല്‍ ഇടപെടല്‍ എത്ര സുന്ദരമാണെന്ന് മനസ്സിലാക്കാന്‍ വലിയ സൂക്ഷ്മ ദൃഷ്ടിയൊന്നും വേണ്ടിവരില്ല. അറപ്പ് കൂടാതെ മുസ് ലിംകളെ കൊല്ലാന്‍ കെല്‍പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്ന സമയം സര്‍ഫ് എക്‌സല്‍ മുതലാളി ഇമ്മാതിരിയൊരു ഏടാകൂടവുമായി വന്നാല്‍ സംഘിക്ക് സഹിക്കില്ലല്ലോ..ബോയ്‌കോട്ട് ആഹ്വാനങ്ങളില്‍ അത്ഭുതപ്പെടാനില്ല. അവര്‍ അവരുടെ പണിയെടുക്കട്ടെ.

ബാഹര്‍ ആജാ.. സബ് ഖതം ഹോഗയാ.. ?

Full View

Tags:    

Similar News