സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനു പിന്നിലെ ബിജെപിക്ക് താല്പര്യമുള്ള ആ ജ്വല്ലറി ഗ്രൂപ്പ് ഏതാണ്?
ബ്രസൽസ് ആസ്ഥാനമായ വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ ഇന്ത്യയിലെ മികച്ച കസ്റ്റംസ് ഓഫീസർ ആയി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥൻ ആണ് അനീഷ് പി രാജൻ. കൊച്ചിയില്‍ എത്തിയ ശേഷം 1400 ഓളം സ്വര്‍ണ്ണക്കടത്ത് കേസുകളാണ് പിടികൂടിയത്.
ഹരീഷ് വാസുദേവന്‍ ശ്രീദേവി
സ്വര്‍ണകള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ്. കേസന്വേഷത്തെ വഴി തിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സ്വാധീനം ഉണ്ടായി എന്ന ആരോപണം വരുന്നു. 'എന്നെ ആരും വിളിച്ചിട്ടില്ല' എന്ന് ജോയന്റ് കമ്മീഷണര്‍ അനീഷ് രാജന്‍ പറയുന്നു. അനീഷ് രാജനെതിരെ ബിജെപി പ്രസിഡണ്ട് സുരേന്ദ്രന്‍ പരസ്യ പ്രസ്താവനയുമായി വരുന്നു.
കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കവേ പ്രിവന്റീവ് കമ്മീഷണര്‍ സുമിത്ത്കുമാര്‍ അറിയാതെ, അറിഞ്ഞെന്ന് വ്യാജമായി പറഞ്ഞ് കസ്റ്റംസ് കമ്മീഷണര്‍ പ്രധാന ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സുമിത്ത്കുമാര്‍ തന്റെ അതൃപ്തി കേന്ദ്രത്തെ അറിയിക്കുന്നു. ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കുന്നു.
ജോയിന്റ് കമ്മീഷണര്‍ അനീഷ് രാജന്‍ കസ്റ്റംസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരില്‍ ഒരാളാണ്. സിപിഎം അനുഭാവിയുമാണ്. ഏത് ഉദ്യോഗസ്ഥര്‍ക്കാണ് രാഷ്ട്രീയ അനുഭാവം ഇല്ലാത്തത്? അത് പാടില്ലെന്ന് എവിടെയാണ് പറയുന്നത്? തന്റെ ഏതെങ്കിലും കേസില്‍ അനീഷ് സത്യസന്ധമല്ലാതെ അന്വേഷിച്ചതായി ഒരു പരാതി എങ്കിലും നാളിതുവരെ ഉണ്ടായിട്ടുണ്ടോ? പിന്നെങ്ങനെ ഇതൊരു കാരണമാകും?
മുന്‍പ് കേരളത്തില്‍ നടന്ന മിക്ക സ്വര്‍ണ കള്ളക്കടത്തും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടിയാണെന്ന് തെളിയിച്ചതും അതൊക്കെ പിടിച്ചതും ശിക്ഷിച്ചതും നിരന്തരമായി സ്വര്‍ണവേട്ട തുടങ്ങിയതും സുമിത്ത്കുമാര്‍-അനീഷ് ടീം വന്നശേഷമാണ്.
എന്‍ഐഎ കൂടി മറ്റു വിശദാംശങ്ങള്‍ അന്വേഷിക്കുന്നതിനാല്‍ കസ്റ്റംസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ആരെയെങ്കിലും സഹായിക്കാന്‍ പറ്റുമെന്നത് വെറും തെറ്റിദ്ധാരണയാണ്. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥനെ പാതിവഴിയില്‍ മാറ്റിയാല്‍ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
ബിജെപിക്ക് താല്‍പ്പര്യമുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന് വേണ്ടി കസ്റ്റംസ് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടെന്ന തോന്നല്‍ സമൂഹത്തില്‍ ശക്തമാണ്. മറിച്ചാണെന്ന് കസ്റ്റംസ് തെളിയിക്കട്ടെ.