ഇസ് ലാമോഫോബിയ: റെയില്‍വേ സ്‌റ്റേഷനിലെ ദുരനുഭവം പങ്കുവച്ച് ജിഐഒ നേതാവ്

Update: 2022-05-08 03:03 GMT

കോഴിക്കോട്: ഇസ് ലാമോഫോബിയ ഒരു ചെറിയ കാര്യമല്ല. സമൂഹത്തിന്‍ ഓരോ ചലനത്തിലും അത് കാണാം. ഒരു പരിപാടി കഴിഞ്ഞുതിരിച്ചുവരുമ്പോള്‍ ജിഐഒ നേതാവിനെതിരേ അകാരണമായി ഒരു മദ്യപന്‍ നടത്തിയ തെറിയഭിഷേകം പ്രധാനമായും മതസ്വത്വത്തെ കേന്ദ്രീകരിച്ചായിരുന്നു. അത്രത്തോളം അത് പൊതുബോധമായിക്കഴിഞ്ഞു. രുക്‌സാന ഷംഷീര്‍ തന്റെ ദുരനുഭവം പങ്കുവയ്ക്കുന്നു.

രുക്‌സാന ഷംഷീര്‍

ഇന്ന് ആലുവയില്‍ ജിഐഒ കേരളയുടെ പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് വരുന്ന വഴി. ട്രെയിന്‍ കിട്ടില്ലേ എന്ന ബേജാറില്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതാണ്. പെട്ടെന്നാണ് ഒരാക്രോശം കേട്ടത്. അവിടെയുള്ള സീറ്റില്‍ കിടക്കുകയായിരുന്ന ഒരാള്‍ എന്നെ നോക്കി ചീത്തവിളിക്കുന്നു. വെള്ളത്തിലാണ് കക്ഷി. മേത്തച്ചീ... കാക്കച്ചീ... പിന്നെ ഒരു പച്ചത്തെറിയും. ബിജെപിയുടെ നാട്ടില്‍ വന്ന് വിലസുന്നോ... മേത്തച്ചീ... കാക്കച്ചീ...!

ഞാന്‍ ആദ്യമൊന്ന് പകച്ചുപോയി. ധരിച്ച വസ്ത്രത്തിലൂടെ തിരിച്ചറിഞ്ഞ എന്റെ സ്വത്വമാണ് ഇയാളെ പ്രകോപിപ്പിച്ചത് എന്ന് പെട്ടെന്നുതന്നെ ബോധ്യപ്പെട്ടപ്പോള്‍ പിന്നെ മൈന്റാക്കാതെ മുന്നോട്ട് നടന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അയാള്‍ കാക്കയുടെ ശബ്ദമുണ്ടാക്കി എന്നെ ചീത്ത വിളിക്കുകയാണ്.

ട്രെയിന്‍ കിട്ടില്ലേ എന്ന ടെന്‍ഷനിലായിരുന്നു ഞാന്‍. രണ്ട് വര്‍ഷം മുന്‍പ് ട്രെയിനില്‍ വെച്ച് ഇതേ അനുഭവമുണ്ടായല്ലോ എന്നോര്‍ത്താണ് റെയില്‍വേ പോലിസിനെ കാണുമോയെന്ന് നോക്കാനായി തിരിച്ചുവന്നത്. അയാള്‍ കിടന്നിടത്ത് എത്തിയപ്പോള്‍ 'എന്നെ കണ്ടതും ചീത്തവിളി വീണ്ടും തുടങ്ങി. അപ്പോള്‍ എടുത്ത വീഡിയോ ആണിത്. ഇപ്രാവശ്യം ശബ്ദം കുറച്ചായിരുന്നു ചീത്തവിളി. അവിടെ അടുത്ത സീറ്റിലുണ്ടായിരുന്ന രണ്ട് സഹയാത്രികര്‍ പറഞ്ഞു 'അയാളെന്തൊക്കെയാണ് ഈ പറയുന്നത്, പോയി റെയില്‍വേ പോലിസിനോട് പറയൂ...'

'റെയില്‍വേ പോലിസൊന്നുമില്ലേ ഇവിടെ' എന്ന് ഒരു ചേച്ചി അമര്‍ഷത്തോടെ ചോദിക്കുന്നത് കേട്ടു. റെയില്‍വേ പോലിസിനെ തപ്പി ഒന്ന് നടന്നപ്പോഴേക്കും ട്രെയിന്‍ എത്തി. എന്നെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്ന ചോദ്യം ഇതായിരുന്നു. മുക്കാല്‍ ജീവിതവും ലഹരിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഈ മനുഷ്യന്‍ എപ്പോഴാണ് ആരില്‍ നിന്നാണ് ഈ വിഷമൊക്കെ പഠിച്ചെടുത്തത്... വര്‍ഗീയത പ്രചരിപ്പിക്കുന്നതിന്റെ നൂലിഴ നേര്‍ത്തുനേര്‍ത്ത് വരികയാണോ?

Full View

Tags:    

Similar News