മനുഷ്യത്വമായിരുന്നു അവര്‍ക്ക് മതം; പോത്തുകല്ല് പള്ളിയെക്കുറിച്ച് ആരോഗ്യമന്ത്രി
മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ സൗകര്യമൊരുക്കിയ പോത്തുകല്ല് പള്ളി ഭാരവാഹികളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. പള്ളി ഭാരവാഹികളെ അഭിനന്ദിക്കാനും സ്‌നേഹം പങ്കുവെക്കാനും നേരിട്ടെത്തുകയായിരുന്നു മന്ത്രി. മനുഷ്യത്വമായിരുന്നു അവര്‍ക്ക് മതമെന്നായിരുന്നു പള്ളിഭാരവാഹികളുടെ പ്രവര്‍ത്തിയെ കുറിച്ചു മന്ത്രി ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മനുഷ്യത്വമായിരുന്നു അവര്‍ക്ക് മതം. അവിടെ വ്യക്തമാക്കപ്പെട്ടത് അതായിരുന്നു. മഹാമാരി കവര്‍ന്നെടുത്ത ആ മൃതദേഹങ്ങള്‍ അവിടെയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. അവിടെ വലുതായി ഉയര്‍ന്നുനിന്നത് ഏത് വിശ്വാസത്തെ നെഞ്ചേറ്റിയാലും ആത്യന്തികമായി നമ്മളെല്ലാം മനുഷ്യരാണ് എന്ന വസ്തുതതന്നെയാണ് .
പറഞ്ഞുവന്നത്, മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യമൊരുക്കിയ പോത്തുകല്ല് പള്ളിയെക്കുറിച്ചുതന്നെ. പള്ളിയില്‍ നിസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഹാളും അതിനോട് ചേര്‍ന്ന് കൈയ്യും കാലും കഴുകാനുള്ള ഇടവുമാണ് ജാതി, മത ഭേദമില്ലാതെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിട്ടുകൊടുത്ത് മാതൃകയായിരിക്കുന്നത്.
മതനിരപേക്ഷസാക്ഷര കേരളത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നുനല്‍കിയതാണ് ഇത്. മൃതദേഹത്തിന് മുന്നില്‍ മനുഷ്യന്‍ കാട്ടേണ്ട മര്യാദയുടെ വെളിച്ചം കൂടിയായി ഈ മഹല്ല് കമ്മിറ്റിയുടെ പ്രവര്‍ത്തനം മാറി.