ഇനിയും പഠിക്കേണ്ട ദുരന്തപാഠങ്ങള്‍; മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്
ഒരു ദുരന്തമുണ്ടാവുമ്പോള്‍ കേരളസമൂഹം പരസ്പരം സഹായിക്കാന്‍ ഒരുമിച്ചുവരുന്നത് ലോകമാതൃകയാണ്. ഒരു മലയാളിയെന്ന നിലയില്‍ എനിക്ക് അഭിമാനം നല്‍കുന്നതാണ്. കഴിഞ്ഞ പ്രളയകാലത്ത് നാം അത് കണ്ടു. അതുകഴിഞ്ഞു സമൂഹത്തെ പിളര്‍ക്കുന്ന പലതുമുണ്ടായി. എന്നാലും ഈ വര്‍ഷവും ദുരന്തമെത്തിയപ്പോള്‍ നമ്മള്‍ ഒന്നായി അതിനെ നേരിട്ടു.
കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടുവര്‍ഷങ്ങളിലുണ്ടായ കനത്ത പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തമുഖത്തും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും മലയാളികള്‍ തുടരുന്ന പ്രവണതകളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രശസ്ത പരിസ്ഥിതി വിദഗ്ധനും ഐക്യരാഷ്ട്രസഭാ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമായ മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു.
മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അവധി കഴിഞ്ഞു ഇന്ന് രാവിലെ ജനീവയിലെത്തി. സത്യത്തില്‍ അവധി ഒന്നുമുണ്ടായില്ല, എല്ലാ ദിവസവും തിരക്കായിരുന്നു, അവസാന ദിവസങ്ങള്‍ ഈ വര്‍ഷത്തെ ദുരന്തത്തിന്റെ നടുക്കുംപെട്ടു. ഒരു ദുരന്തമുണ്ടാവുമ്പോള്‍ കേരളസമൂഹം പരസ്പരം സഹായിക്കാന്‍ ഒരുമിച്ചുവരുന്നത് ലോകമാതൃകയാണ്. ഒരു മലയാളിയെന്ന നിലയില്‍ എനിക്ക് അഭിമാനം നല്‍കുന്നതാണ്. കഴിഞ്ഞ പ്രളയകാലത്ത് നാം അത് കണ്ടു. അതുകഴിഞ്ഞു സമൂഹത്തെ പിളര്‍ക്കുന്ന പലതുമുണ്ടായി. എന്നാലും ഈ വര്‍ഷവും ദുരന്തമെത്തിയപ്പോള്‍ നമ്മള്‍ ഒന്നായി അതിനെ നേരിട്ടു. വെള്ളപ്പൊക്കം ഇത്തവണ കഴിഞ്ഞ തവണത്തെ അത്രയും സ്ഥലങ്ങളെ ബാധിച്ചില്ല, മിക്കവാറും സ്ഥലത്ത് വെള്ളമിറങ്ങി, ക്യാംപുകളില്‍നിന്നും ആളുകള്‍ വീട്ടിലെത്തി, ക്യാംപുകള്‍ പലതും പിരിച്ചുവിട്ടു. മണ്ണിടിച്ചില്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീട് മാത്രമല്ല, വീടുവച്ച സ്ഥലം പോലും ആളുകള്‍ക്ക് നഷ്ടമായിരിക്കയാണല്ലോ. അക്കാര്യം ശരിയാക്കാന്‍ കുറച്ചു താമസംവരും.
ഇത്തവണത്തെ ദുരന്തവും ദുരിതാശ്വാസവും അടുത്തുനിന്ന് കണ്ടതിന്റെ പശ്ചാത്തലത്തില്‍ കുറച്ചുപാഠങ്ങള്‍ പറയാം.
പഴന്തുണിയുടെ ദുരിതാശ്വാസം ഇപ്പോഴും തുടരുന്നു: പണ്ടൊക്കെ മായാളികള്‍ നേരിട്ട് ദുരന്തം കണ്ടിട്ടില്ല. തമിഴ്‌നാട്ടിലും ആന്ധ്രയിലും ഒക്കെ ചുഴലിക്കാറ്റുണ്ടായി ആളുകള്‍ ദുരിതാശ്വാസസഹായത്തിന് വരുമ്പോള്‍ വീട്ടിലെ പഴയതുണികള്‍ എടുത്തുകൊടുക്കുന്ന രീതി, വീട്ടിലെ പഴയതുണികളൊക്കെ 'അടുത്തവര്‍ഷം ദുരന്തവുമായി ആളുകള്‍ വരും, അവര്‍ക്ക് കൊടുക്കാം' എന്ന് പറഞ്ഞു എടുത്തുവയ്ക്കുന്ന രീതി, ഇതൊക്കെ കേരളത്തിലുണ്ടായിരുന്നു. ഇപ്പോള്‍ അവിടെയും ഇവിടെയും കാലം മാറി. ദുരിതബാധിതര്‍ക്ക് പഴയതുണി കൊടുക്കുന്നത് അപമാനകരമാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. എന്നാലും ഇത് തിരിച്ചറിയാത്തവര്‍ ഇനിയും കേരളത്തിലുണ്ട്. 500 പേരുണ്ടായിരുന്ന ഒരു ദുരിതാശ്വാസ ക്യാംപില്‍ 5,000 പേര്‍ക്കുള്ള പഴയ ഒരുലോഡ് തുണിയെത്തിച്ച കഥ എന്റെ സുഹൃത്ത് ദുരന്തമുഖത്തുനിന്നും പറഞ്ഞു. ഇത് തെറ്റാണ്, ആവര്‍ത്തിക്കരുത്. തുണി കൊടുക്കണമെന്നുണ്ടെങ്കില്‍ പുതിയത് വാങ്ങി മാത്രം കൊടുക്കുക, പണം കൊടുക്കുകയാണ് കൂടുതല്‍ ശരി.
ദുരന്തത്തിന് തെക്കും വടക്കും ഇല്ല, പക്ഷെ, വലിപ്പ ചെറുപ്പമുണ്ട്: ഒരാളുടെ വീടിന് മുകളില്‍ മരംവീണ് കഴിഞ്ഞാല്‍ അയാള്‍ക്ക് അതൊരു വലിയ ദുരന്തമാണ്. ആ ഗ്രാമത്തിലോ ജില്ലയിലോ സംസ്ഥാനത്തോ ഉള്ള മറ്റുള്ള വീടുകയില്‍ ഒക്കെ മരം വീണിട്ടുണ്ട് എന്നത് അയാള്‍ക്ക് യാതൊരു ആശ്വാസവും നല്‍കുന്നില്ല. അതേസമയം, മരം മുറിക്കാന്‍ ഓടിയെത്തേണ്ട ഫയര്‍ഫോഴ്‌സുകാരനെ സംബന്ധിച്ചിടത്തോളം ഒരാളുടെ വീട്ടില്‍ മരംവീഴുന്നതും ഒരുലക്ഷം ആളുകളുടെ വീട്ടില്‍ മരംവീഴുന്നതും തമ്മില്‍ വലിയ മാറ്റമുണ്ട്. ഈ കാരണം കൊണ്ടാണ് ദുരന്തങ്ങളെ പല വിഭാഗങ്ങളായി തരംതിരിക്കുന്നത്. അന്താരാഷ്ട്രമായി ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നത് അനുസരിച്ച് L1, L2, L3 എന്നിങ്ങനെ ദുരന്തത്തെ തരംതിരിച്ചിരിക്കുന്നു. ഏതൊരു ദുരന്തവും എത്രവ്യാപ്തി ഉള്ളതാണെന്ന് മനസ്സിലാക്കി വേണം ദുരന്ത നിവാരണത്തിനും ദുരിതാശ്വാസത്തിനുമുള്ള ശ്രമങ്ങള്‍ പ്ലാന്‍ചെയ്യാന്‍. ചെറിയ ദുരന്തത്തെ വലിയ ദുരന്തമായി കണ്ട് നേരിടുന്നതും വലിയ ദുരന്തത്തെ ചെറിയ ദുരന്തം നേരിടുന്നത് പോലെ കൈകാര്യം ചെയ്യുന്നതും ശരിയല്ല. ദുരന്തമധ്യത്തില്‍ നില്‍ക്കുന്നവര്‍ക്ക് പലപ്പോഴും ഈ വ്യത്യാസം മനസ്സിലായെന്ന് വരില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നമുക്ക് മുന്‍കൂട്ടി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ വേണം. ഇക്കാര്യം ആര് തീരുമാനിക്കുമെന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം.
ദുരന്തത്തെ പറഞ്ഞ് വലുതാക്കരുത്: നമ്മുടെ അടുത്തൊരു ദുരന്തമുണ്ടായാല്‍ അത് ഏറ്റവും പെരുപ്പിച്ചുകാട്ടാന്‍ ആളുകള്‍ക്ക് ഒരു താല്‍പര്യമുണ്ട്. ഒരു കെട്ടിടം ഇടിഞ്ഞുവീണ സ്ഥലത്തെത്തിയാല്‍ പൊതുവില്‍ അതിനകത്ത് പെട്ടവരുടെ മൂന്നിരട്ടിയെങ്കിലും ആള്‍ ഉണ്ടെന്നാണ് ആദ്യത്തെ റിപോര്‍ട്ടുകള്‍ വരിക. ഇത്തവണ പ്രളയത്തിലും അത് ഞാന്‍ കണ്ടു. പെരുമ്പാവൂരിലൊക്കെ സാധാരണ ഞാന്‍ കാണുന്ന വെള്ളമേ ഉണ്ടായുള്ളൂ. പക്ഷെ 'പാലക്കാട്ട് താഴം പാലം മുങ്ങി' എന്നാണ് സന്ദേശങ്ങള്‍ വരുന്നത്, അതുതന്നെയാണ് പത്രക്കാരും റിപോര്‍ട്ട് ചെയ്യുന്നത്. ദുരന്തങ്ങളെ ഒരിക്കലും ചെറുതാക്കി കാണിക്കരുത്, പക്ഷേ, അതുപോലെ തന്നെ അതിനെ പെരുപ്പിച്ചു കാണിച്ചു ആളുകളെ പേടിപ്പിക്കരുത്.
മലയാളികള്‍ നന്നായി പേടിച്ചിട്ടുണ്ട്: കഴിഞ്ഞ പ്രളയകാലത്ത് 'എന്റെ അപ്പൂപ്പന്റെ കാലത്ത് പോലും ഇവിടെ വെള്ളം പൊങ്ങിയിട്ടില്ല' എന്ന് പറഞ്ഞു ബെഡ്‌റൂമില്‍ വെള്ളമെത്തിയപ്പോള്‍ ഓടിപ്പോവേണ്ടിവന്നതില്‍നിന്നും മലയാളി ഏറെ പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പുഴയില്‍ വേണ്ട ടിവിയില്‍ വെള്ളംകണ്ടാല്‍തന്നെ മലയാളി വീടുവിട്ട് ഓടും. ഇക്കാര്യം അറിഞ്ഞുവേണം മാധ്യമങ്ങള്‍ പ്രളയവാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍.
മഴപെയ്യാനും പെയ്യാതിരിക്കാനും: ഓഖി മുതല്‍ ഈ വര്‍ഷത്തെ കനത്തമഴ വരെ കാലാവസ്ഥാ പ്രവചനം ജനങ്ങള്‍ക്കോ സര്‍ക്കാരിനോ വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. അതേസമയം പ്രളയവും വെള്ളപ്പൊക്കവും ഉണ്ടായിക്കഴിഞ്ഞു 'ഇനിയും കനത്ത മഴ പെയ്യും' എന്നുള്ള തരത്തിലുള്ള പ്രവചനങ്ങളും വെള്ളത്തിലാവുകയാണ്. ഇക്കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയേ തീരൂ. ലോകമെമ്പാടും കാലാവസ്ഥാ പ്രവചനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം കൂടുതല്‍ വിശ്വസനീയമാക്കണം.
പണം കയറ്റി അയക്കാനുള്ള മടി തുടരുന്നു: ഒരു ദുരന്തമുണ്ടായി ആദ്യദിവസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഭക്ഷണസാധനങ്ങളും വെള്ളവും ഒന്നുമല്ല പരമാവധി പണമാണ് ദുരന്തബാധിതപ്രദേശത്തേക്ക് അയക്കേണ്ടതെന്ന് പറഞ്ഞു ഞാന്‍ തോറ്റു. പ്രളയം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ അസമിലേക്ക് കൊച്ചിയില്‍നിന്നും കുടിവെള്ളം കയറ്റി അയക്കുന്നതിനെപ്പറ്റി ഞാന്‍ അഭിപ്രായം പറഞ്ഞപ്പോള്‍ 'അവിടെ വെള്ളം കുടിക്കാതെ മരിക്കുന്നവരുടെ ചോര ചേട്ടന്റെ കൈയിലുണ്ടാവും' എന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. ആത്മാര്‍ഥത കൂടുതല്‍ കൊണ്ടാണ് ആളുകള്‍ ഇത് ചെയ്യുന്നത്, പക്ഷെ ഇക്കാര്യത്തില്‍ കൂടുതല്‍ അറിവ് ഉണ്ടായേ തീരു. നമ്മള്‍ ദൂരെനിന്നും ഭക്ഷണവും വസ്ത്രവും ഒക്കെ ഒരാഴ്ച കഴിഞ്ഞും കയറ്റി അയക്കുമ്പോള്‍ ആ പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ആദ്യദിവസങ്ങളില്‍ എന്തും കൊടുക്കാം, പക്ഷെ ആ പ്രദേശത്തേക്കുള്ള ഗതാഗതം സാമാന്യനിലയില്‍ ആയാല്‍ അവിടുത്തെ സപ്ലൈ ചെയിന്‍ സ്വാഭാവികമായും പുനസ്ഥാപിക്കപ്പെടും. അതിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ചെറുകിട വ്യാപാരികള്‍, ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇവര്‍ ഒക്കെ കൂടുതല്‍ ദുരിതത്തിലാവും.
ദുരന്തത്തെ ദുരന്തമാക്കരുത്: കഴിഞ്ഞ വര്‍ഷം ദുരന്തം പ്രമാണിച്ച് ഏറെ ഓണാഘോഷങ്ങള്‍ നിര്‍ത്തലാക്കി. ഓണമെന്നാല്‍ കേരളത്തിലെ വ്യാപാരികള്‍ക്ക് മാത്രമല്ല, കലാകാരന്‍മാര്‍ക്കും കരകൗശലക്കാര്‍ക്കും ഒക്കെ ഏറ്റവും കൂടുതല്‍ തൊഴില്‍കിട്ടുന്ന സമയമാണ്. അപ്പോള്‍ ഓണാഘോഷം മാറ്റിവയ്ക്കുമ്പോള്‍ ദുരന്തം നേരിട്ട് ബാധിക്കാത്തവരിലേക്ക് കൂടി നമ്മള്‍ അത് പടര്‍ത്തുകയാണ്. ഇത് ചെയ്യരുത്. ആഘോഷങ്ങളില്‍ അല്‍പം മിതത്വം ആവാം, ദുരന്തത്തില്‍ അകപ്പെട്ടവരെ ഓര്‍ക്കുകയാവാം, ആഘോഷങ്ങള്‍ക്ക് മാറ്റിവച്ച തുകയില്‍ അല്‍പം ദുരിതബാധിതര്‍ക്ക് നല്‍കുകയാവാം, പക്ഷെ മൊത്തമായി ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നത് ശരിയല്ല.
ദുരിതാശ്വാസം ഓട്ടമല്‍സരം അല്ല: ദുരന്തം സംഭവിച്ചുകഴിഞ്ഞാല്‍ അവരെ സഹായിക്കാന്‍ നമ്മുടെ ആളുകള്‍ പ്രത്യേകിച്ച് യുവാക്കള്‍ മല്‍സരിക്കുകയാണ്. ഇത് നല്ലതാണ്. അതേസമയം ഇതൊരു മല്‍സര ഐറ്റം അല്ല. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് വേണ്ട സഹായമെത്തിക്കുകയാണ് പ്രധാനം, ജില്ലകളും ക്ലബ്ബുകളും തമ്മില്‍ ഇക്കാര്യത്തില്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടത്, മല്‍സരം അല്ല.
ദുരന്തപ്രദേശം ടൂറിസം ഡെസ്റ്റിനേഷനാക്കരുത്: ദുരന്തബാധിതപ്രദേശങ്ങളിലേക്ക് ടൂറിസ്റ്റുകളെ പോലെ ഓടിപ്പോവരുത്. അവിടെ എന്താവശ്യത്തിന് ചെന്നതാണെങ്കിലും ഔചിത്യമില്ലാതെ പെരുമാറരുത്. ഇത് ദുരിതാശ്വാസത്തെ ബാധിക്കും, മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ വര്‍ധിപ്പിക്കും, ദുരിതബാധിതരെ അപമാനിക്കുന്നതിന് തുല്യമാണ് അവരെ സഹായിക്കാനല്ലാതെ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്.
പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം കൊടുക്കണം: ഈ രണ്ടു ദുരന്തത്തിലും കണ്ട ഒരുകാര്യം നമ്മുടെ ജനപ്രതിനിധികള്‍, പ്രത്യേകിച്ച് പഞ്ചായത്തംഗങ്ങളാണ് ദുരന്തമുഖത്ത് ഓടിയെത്തുന്നതും രക്ഷാപ്രവര്‍ത്തനം മുതല്‍ ക്യാംപ് മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നതും. കേരളത്തിലെ പഞ്ചായത്തുകള്‍ക്ക് ഇപ്പോള്‍ ഏറെ വിഭവങ്ങളുണ്ട്. വാഹനങ്ങള്‍, എന്‍ജിനീയര്‍മാര്‍, മറ്റു ജോലിക്കാര്‍, കെട്ടിടങ്ങള്‍, കമ്മൂണിറ്റി ഹാള്‍ എന്നിങ്ങനെ. പക്ഷെ, ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ സംയോജിപ്പിക്കുന്ന ജോലി ഇപ്പോഴും റവന്യൂ സംവിധാനങ്ങള്‍ക്കാണ്. താഴെ തട്ടില്‍ ഇത് വില്ലേജ് ഓഫിസാണ്. ഇപ്പോള്‍ ശരാശരി വില്ലേജ് ഓഫിസിന് പഞ്ചായത്ത് സംവിധാനത്തിന്റെ പത്തിലൊന്ന് ആള്‍ശക്തിയും നൂറിലൊന്നു വിഭവശക്തിയുമില്ല. പഞ്ചായത്തംഗങ്ങള്‍ നാട്ടിലെ മുക്കും മൂലയും അറിയുന്നവര്‍ ആവുമ്പോള്‍ വില്ലേജിലെ സ്റ്റാഫ് ആ നാട്ടില്‍നിന്നുള്ളവര്‍ ആയിരിക്കണം എന്നില്ല. ദുരന്തസമയത്ത് ക്യാംപ് മാനേജ്‌മെന്റ് തൊട്ട് ദുരിതാശ്വാസം നല്‍കുന്നതുവരെയുള്ള കാര്യങ്ങളില്‍ നമ്മുടെ പഞ്ചായത്ത് സംവിധാനത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം.
യുവാക്കളുടെ ഊര്‍ജം നിലനിര്‍ത്തണം: 2018 ലും 2019 ലും ദുരന്തപ്രദേശത്തേക്ക് ഓടിയെത്തിയതും ദുരിതാശ്വാസത്തിന് മുന്നില്‍ നിന്നതും നമ്മുടെ യുവാക്കളാണ്. പക്ഷെ, ദുരന്തം കഴിഞ്ഞപ്പോള്‍ പിന്നെ അവര്‍ക്ക് ഒരു റോളുമുണ്ടായില്ല. സന്നദ്ധപ്രവര്‍ത്തനം നമ്മുടെ കരിക്കുലത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാക്കണം. ഇവരുടെ ഊര്‍ജം ദുരന്തലഘൂകരണത്തിന് ഉള്‍പ്പടെ ഉപയോഗിക്കണം. ഇതിനായി ഒരു കര്‍മപദ്ധതി വേണം. ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങള്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ 2018ലെ പ്രളയവും 2019ലെ മണ്ണിടിച്ചിലും ഒക്കെ ഒഴിവാവുമായിരുന്നോ എന്നുള്ള ചോദ്യത്തിന്റെ ഉത്തരവുമൊക്കെ ഞാന്‍ വരുംദിവസങ്ങളില്‍ എഴുതാം.