പെരിയയിലെ വീടുകളില്‍ ഉയരുന്ന നിലവിളികള്‍ സിപിഎം നേതാക്കന്മാര്‍ കേള്‍ക്കുന്നുണ്ടോ: കെകെ രമ
പെരിയയിലെ വീടുകളില്‍ ഉയരുന്ന നിലവിളികള്‍ സിപിഎം നേതാക്കന്മാര്‍ കേള്‍ക്കുന്നുണ്ടോ: കെകെ രമചോരയുടെ ചൂട് മാറാത്ത രണ്ടു വീടുകള്‍., ഹൃദയം കീറിമുറിക്കുന്ന വേദന., 2012 മെയ് 4നു ഞാന്‍ അനുഭവിച്ചതിലും വലിയ വേദന ആണ് ആ വീടുകളില്‍ എനിക്ക് അനുഭവപ്പെട്ടത്. തൊട്ടടുത്ത രണ്ടു വീടുകളില്‍ ഉയരുന്ന നിലവിളികള്‍ സിപിഎം നേതാക്കന്മാര്‍ കേള്‍ക്കുന്നുണ്ടോ?!. 'ഞങ്ങളുടെ പൊന്നു മോനെ തിരിച്ചു താ' എന്ന് അലമുറയിടുന്ന ആ അമ്മമാര്‍ക്ക് തിരിച്ചു കൊടുക്കാന്‍ കഴിയുമോ അവരുടെ പൊന്നു മക്കളെ. ഇതെന്താ ഈ പാര്‍ട്ടി അനുഭവങ്ങളില്‍ നിന്നും ഒന്നും പഠിക്കാത്തത്?! തങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ നീണ്ട പട്ടിക നിരത്തുന്ന നേതാക്കന്മാരേ, ആ രക്തസാക്ഷികുടുംബങ്ങളുടെ വേദനയില്‍ തെല്ലെങ്കിലും ഹൃദയവ്യഥ നിങ്ങള്‍ക്കുണ്ടെങ്കില്‍, മറ്റൊരു കുടുംബത്തിനും ആ വേദന സമ്മാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ കൊലയും പ്രതികാരക്കൊലയുമെല്ലാം തങ്ങളുടെ വിലകെട്ട കക്ഷിരാഷ്ട്രീയ സ്വാധീനം അരാഷ്ട്രീയമായി വിപുലപ്പെടുത്തുന്നതിന് മാത്രമാണ് നേതൃത്വം നാളിന്നോളം ഉപയോഗിച്ചിട്ടുള്ളത്. കൊലപാതകരാഷ്ട്രീയത്തെ ഒരു സ്ഥാപനമായി പ്രവര്‍ത്തിപ്പിക്കുന്നതില്‍ സിപിഎമ്മിന് കേരളത്തില്‍ ഒന്നാം സ്ഥാനമുണ്ടെന്ന കാര്യം നിസ്തര്‍ക്കമാണ്. മനുഷ്യത്വം തൊട്ടു തീണ്ടിയില്ലാത്ത ഒരു വലിയ നിര നേതാക്കന്‍മാരാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. എതിരഭിപ്രായങ്ങളെ പൊറുപ്പിക്കാത്ത കൊടിയ അസഹിഷ്ണുത മാത്രമാണ് ഈ നേതൃത്വത്തിന്റെ കൈമുതല്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് ഈ നേതൃത്വത്തെ തള്ളിപ്പറയാതെയും ഒറ്റപ്പെടുത്താതെയും മുന്നോട്ടുപോകാനാവില്ല. ഇവിടെ ആര്‍ത്തലയ്ക്കുന്ന അമ്മമാരുടെ ചങ്കുപൊട്ടിയ നിലവിളികളില്‍ നിന്ന് ചിതറിത്തെറിക്കുന്ന രോഷത്തിന്റെ കനല്‍ച്ചീളുകള്‍ ഇവിടെയൊരു കാട്ടുതീയായി പടരുക തന്നെ ചെയ്യും. അസഹിഷ്ണുതയും ആയുധവീറും കൊണ്ട് രാഷ്ട്രീയ വിളവെടുപ്പിനിറങ്ങിയ ഫാസിസ്റ്റ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ആ രോഷത്തീയില്‍ വെന്തുരുകേണ്ടി വരിക തന്നെ ചെയ്യും, തീര്‍ച്ച.