സമത്വ ചിന്തയുടെ ഈ 21ാം നൂറ്റാണ്ടിലും ഒരു പ്രത്യേക വിഭാഗത്തിന് ജൂഡീഷ്വറിയില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്നത് എന്തുകൊണ്ട്? പി ജി പ്രേംലാല്‍ എഴുതുന്നു
നിയമനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടതിനു ശേഷം സാങ്കേതിക നടപടിക്രമങ്ങളുടെ കാലതാമസം സംഭവിക്കുന്ന അവസ്ഥയേക്കാള്‍ ഒട്ടും നിസ്സാരമല്ല ശുപാര്‍ശകളിലേയ്ക്ക് കടന്നുവരാന്‍പോലും കഴിയാതെ പോകുന്ന ചില പേരുകള്‍ സൃഷ്ടിക്കുന്ന സാമൂഹിക നൈതിക ചിന്തകളെന്ന് സിനിമാ സംവിധായകനും തിരക്കഥാ രചയിതാവുമായ പി ജി പ്രേംലാല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു
നിയമനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടതിനു ശേഷം സാങ്കേതിക നടപടിക്രമങ്ങളുടെ കാലതാമസം സംഭവിക്കുന്ന അവസ്ഥയേക്കാള്‍ ഒട്ടും നിസ്സാരമല്ല ശുപാര്‍ശകളിലേയ്ക്ക് കടന്നുവരാന്‍പോലും കഴിയാതെ പോകുന്ന ചില പേരുകള്‍ സൃഷ്ടിക്കുന്ന സാമൂഹിക നൈതിക ചിന്തകളെന്ന് സിനിമാ സംവിധായകനും തിരക്കഥാ രചയിതാവുമായ പി ജി പ്രേംലാല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു പുതിയ ഹൈക്കോടതി ന്യായാധിപന്‍, സുപ്രിം കോടതി തന്റെ പേര് ശുപാര്‍ശ ചെയ്തതിനു ശേഷം കുറച്ചു വര്‍ഷങ്ങള്‍ തനിക്ക് കാത്തിരിക്കേണ്ടി വന്നുവെന്നും ഭരണഘടനാ സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് സമയമെടുക്കുമെങ്കിലും ഇത്രയധികം കാത്തിരിക്കേണ്ടി വന്നുവെന്നത് വേദനാജനകമാണ് എന്നും പറഞ്ഞത് വായിച്ചു.
പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രധാനപ്പെട്ട മറ്റൊരു വേദനാജനകമായ കാര്യമുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ഇന്നും, സമത്വ ചിന്തയുടെ ഈ 21ാം നൂറ്റാണ്ടിലും ഒരു പ്രത്യേക വിഭാഗത്തിന് കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്നത് എന്നതാണ് ആ ചിന്ത!
2018 നവംബറില്‍ ഡെക്കാന്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച ഒരു കണക്കുണ്ട്.ഇന്ത്യന്‍ ജനസംഖ്യയുടെ വെറും 3 % മാത്രം വരുന്ന ബ്രാഹ്മണരില്‍ നിന്നാണ് ഇന്ത്യന്‍ സുപ്രിം കോടതിയുടെ 56 % ജഡ്ജിമാരും! ഇന്ത്യന്‍ ഹൈക്കോടതികളില്‍ 40 % ജഡ്ജിമാരും ബ്രാഹ്മണരാണ് ! ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നതാണ് ഇന്ത്യന്‍ പൊതുസമൂഹത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതും കൂടുതല്‍ വേദനാജനകവുമായ കാര്യം.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരാള്‍ സുപ്രിംകോടതിയിലേയ്ക്ക് നിയമിക്കാന്‍വേണ്ടി ബോംബെ ഹൈക്കോടതിയിലെ ബ്രാഹ്മണരായ ജഡ്ജിമാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട വാര്‍ത്ത ഇന്നും ഓണ്‍ലൈനില്‍ പരതിയാല്‍ കിട്ടും. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് (കേരളാ ഹൈക്കോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നതിനു മുമ്പുതന്നെ) ജസ്റ്റിസ് ചിദംബരേഷ് ഒരു സമ്മേളനത്തില്‍ 'ബ്രാഹ്മണര്‍ സവിശേഷ ഗുണങ്ങളോടുകൂടി ജനിക്കുന്നവരാണ്. കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് ബ്രാഹ്മണരാണ്' എന്ന് ഒരു ചളിപ്പുമില്ലാതെ പ്രസംഗിച്ചത്. ഈ മനുസ്മൃതീബോധം നമ്മുടെ ജുഡീഷ്യറിയില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് പൊതുസമൂഹത്തിനെ ആശങ്കപ്പെടുത്തുന്ന വിഷയം തന്നെയാകുന്നുണ്ട്.ജഡ്ജിമാരുടെ നിയമനത്തില്‍ സംവരണം കൊണ്ടുവന്നാലെങ്ങനെ ശരിയാവും, മെറിറ്റ് ഇല്ലാതാകില്ലേ എന്നൊക്കെയുള്ള ന്യായീകരണങ്ങള്‍ കാമ്പില്ലാത്തതാണെന്ന് ചിന്താശേഷിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഏറെയൊന്നും ബുദ്ധിമുട്ടില്ല.
ന്യായാധിപരും മനുഷ്യരാണല്ലോ. അവരുടെ ജീവിതവീക്ഷണവും വിശ്വാസങ്ങളും സ്വാതന്ത്ര്യ സങ്കല്പങ്ങളുമൊക്കെ വ്യത്യസ്തമാകാം. അതുകൊണ്ടാണല്ലോ, ഒരേ ഭരണഘടനയെ മുന്‍നിര്‍ത്തി ഒരേ കേസു കേള്‍ക്കുന്ന അഞ്ചംഗ ബെഞ്ചിലെ മൂന്നുപേര്‍ അനുകൂലമായും രണ്ടുപേര്‍ പ്രതികൂലമായുമൊക്കെ ഭൂരിപക്ഷ വിധിയും ന്യൂനപക്ഷവിധിയും പുറപ്പെടുവിക്കുന്നത്. ഏറ്റവുമൊടുവില്‍ ശബരിമല പുനപരിശോധനാഹര്‍ജി വിശാലബെഞ്ചിനു വിടാന്‍ 3 ജഡ്ജിമാര്‍ വിധി പുറപ്പെടുവിച്ചപ്പോള്‍ 2 പേര്‍ എതിര്‍ക്കുകയുണ്ടായി.അവര്‍ ഈഴവരോ ദളിതരോ ആദിവാസികളോ ആയിരുന്നില്ല. അവരുടെ ജീവിതവീക്ഷണത്തേയും ലിംഗസമത്വത്തെയും സ്വാതന്ത്ര്യബോധത്തെയുമൊക്കെ മുന്‍നിര്‍ത്തിയുള്ള ഭരണഘടനാവ്യാഖ്യാനങ്ങള്‍ മറ്റു ജഡ്ജിമാരില്‍ നിന്ന് വ്യത്യസ്തമായിരുന്നു എന്നതാണല്ലോ അവിടെ സംഭവിച്ചത്.
അത്തരം വ്യത്യസ്തമായ ജീവിതവീക്ഷണങ്ങളില്‍ അധിഷ്ഠിതമായ വായനകളും വ്യാഖ്യാനങ്ങളുമാണ് ഭരണഘടനയെ സചേതനമാക്കി നിലനിര്‍ത്തുക. അതുകൊണ്ടു തന്നെ വ്യത്യസ്ത ജീവിതപരിസരങ്ങളില്‍ നിന്നും സാമൂഹ്യാവസ്ഥകളില്‍ നിന്നുമുള്ള മനുഷ്യര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ജുഡീഷ്യറിയില്‍ ലഭിക്കേണ്ടതുമുണ്ട്.
നിയമനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടതിനു ശേഷം സാങ്കേതികനടപടിക്രമങ്ങളുടെ കാലതാമസം സംഭവിക്കുന്ന അവസ്ഥയേക്കാള്‍ ഒട്ടും നിസ്സാരമല്ല ശുപാര്‍ശകളിലേയ്ക്ക് കടന്നുവരാന്‍പോലും കഴിയാതെ പോകുന്ന ചില പേരുകള്‍ സൃഷ്ടിക്കുന്ന സാമൂഹികനൈതിക ചിന്തകള്‍.
Full View