എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനം: ദലിത് ഉദ്യോഗാര്‍ത്ഥികളുടെ സപ്ലിമെന്ററി ലിസ്റ്റ് പുറത്തിറക്കണം

Update: 2021-01-05 09:15 GMT

കെ കെ ബാബുരാജ് 

കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ എഴുന്നൂറിലധികം അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം കൊടുത്തു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയില്‍ മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദലിതര്‍ക്കായി അനുവദിച്ച അഞ്ചു കോളേജുകളിലെ ഏറെക്കുറെ അമ്പതിലധികം പോസ്റ്റുകളിലെ നിയമനവും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും അഭിനന്ദിക്കേണ്ടതായ കാര്യമാണിത്.

എന്നാല്‍, ഈ നിയമനങ്ങള്‍ എല്ലാം തന്നെ ഫലത്തില്‍ സവര്‍ണ്ണര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. തുടക്ക സമയത്തു നല്ല തുക കൊടുക്കാന്‍ കഴിയുന്നവരെ മാത്രമേ നിയമിക്കാന്‍ പറ്റുകയുള്ളു എന്ന ന്യായീകരണം അംഗീകരിക്കാവുന്നതാണെങ്കിലും, ഈ കോളേജുകളില്‍ കുറച്ചു ദലിത് ഉദ്യോഗാര്‍ത്ഥികളും നിയമിക്കപ്പെട്ടിട്ടുണ്ട്. നാലുവര്‍ഷമായി തുച്ഛമായ ശമ്പളം പറ്റി ജോലിചെയ്യുന്ന ഇവര്‍ എല്ലാവരും തന്നെ പുറത്തായിരിക്കുകയാണ്. പലരുടെയും പ്രായപരിധി കഴിയാനും പോകുന്നു.

ഇവര്‍ പുറത്താവാന്‍ കാരണം ദലിതരില്‍ നെറ്റ് പാസ്സായിട്ടുള്ളവര്‍ കൂടുതലും മലയാളം, ഹിന്ദി പോലുള്ള ഭാഷവിഭാഗങ്ങളിലും ചില സോഷ്യല്‍ സ്റ്റഡീസ് വിഷയങ്ങളിലും ആണെന്നതാണ്. സര്‍ക്കാര്‍ പുറത്തിറക്കിയ ലിസ്റ്റില്‍ മേല്‍പറഞ്ഞ വിഷയങ്ങള്‍ക്ക് വളരെ കുറഞ്ഞ പരിഗണന മാത്രമേ നല്കിയിട്ടുള്ളു .

ദലിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സവിശേഷ പരിഗണന കൊടുക്കുന്ന വിധത്തില്‍ ഒരു സപ്ലിമെന്ററി ലിസ്റ്റും കൂടെ പുറത്തിറക്കാന്‍ പുന്നല ശ്രീകുമാറും പി.ആര്‍.ഡി.എസ് നേതൃത്വവും മറ്റുള്ളവരും അടിയന്തിരമായി ഇടപെടണമെന്നാണ് അഭിപ്രായം. അല്ലെങ്കില്‍ ദലിതരുടെ സ്ഥാപനങ്ങളില്‍ നിന്നും തന്നെ ദലിതര്‍ കുടിയിറക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. മാത്രമല്ല, സര്‍ക്കാരിന്റെ സഹായം സവര്‍ണര്‍ക്ക് മാത്രമായി ചുരുങ്ങുകയും ചെയ്യും.

Tags:    

Similar News