'മത ചിഹ്നങ്ങള്‍ മതേതരത്വത്തിനു ഭീഷണിയോ?'; എസ്പിസിയില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് ചര്‍ച്ചയാക്കി ഫേസ്ബുക്ക് കുറിപ്പ്
ലോകത്ത് തന്നെ വിവിധ ജനാധപത്യ രാജ്യങ്ങള്‍ പോലീസ് സേനയിലും സൈന്യത്തിലുമൊക്കെ വിശ്വാസ സ്വാതന്ത്രം യൂണിഫോമില്‍ അനുവദിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചു കഴിഞ്ഞ ഒരു കാലമാണിത്. ഇന്ത്യയില്‍ തന്നെ അത്തരം സേനാവിഭാഗങ്ങളുണ്ട്. ദേശീയ ഗാനം ചൊല്ലുന്ന സമയത്ത് വരെ ഇളവനുവദിക്കാന്‍ സാധ്യമാകുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്.
കോഴിക്കോട്: ഹിജാബ് ധരിച്ച് ഒരാള്‍ക്ക് എസ് പി സി കേഡറ്റാകാനാവില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ് സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ചയാവുന്നു. സര്‍ക്കാര്‍ ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ജെന്റര്‍ ന്യൂട്രല്‍ യൂനിഫോമിന്റെ ഭാവിയും ഇസ് ലാമോ ഫോബിയയും ചര്‍ച്ചകളില്‍ ഇടം പിടിച്ചു. 'ഇടതുപക്ഷ ഭരണകൂടത്തിനു മത ചിഹ്നങ്ങള്‍ മതേതരത്വത്തിനു ഭീഷണിയാണ് എന്ന നിലപാടുണ്ടോ' എന്ന് അമീന്‍ ഹസന്‍ തന്റെ കുറിപ്പില്‍ ചോദിച്ചു. 'ഉത്തരവില്‍ gender-netural uniforms എന്ന് മാത്രം ബോള്‍ഡാക്കി with no religious obligation എന്ന് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ ഉയര്‍ത്തുന്ന gender- netural വാദങ്ങളുടെ വ്യാപ്തി മനസ്സിലാക്കാന്‍ ഈ ഉത്തരവ് സഹായകമാണ്'. അമീന്‍ ഹസന്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഹിജാബ് ധരിച്ച് ഒരാള്‍ക്ക് എസ് പി സി കേഡറ്റാകാനാവില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇടതുപക്ഷ സര്‍ക്കാറിന്റെ മതനിരപേക്ഷ നിലപാട് ഉയര്‍ത്തി പിടിക്കുന്ന തരത്തിലുള്ള തീരുമാനമുണ്ടാക്കാന്‍ ഇടപെടണമെന്നു ആ വിദ്യാര്‍ഥിനി മുഖ്യമന്ത്രിയോടും അപേക്ഷിച്ചിരുന്നു.
സെക്യുലറിസത്തെ ബാധിക്കും എന്നാണ് സര്‍ക്കാറിന്റെ കാരണം. ഇന്ത്യന്‍ സെക്യുലറിസത്തെ കുറിച്ചുള്ള സംവാദങ്ങളില്‍ ഇടതുപക്ഷ ഭരണകൂടത്തിനു മത ചിഹ്നങ്ങള്‍ മതേതരത്വത്തിനു ഭീഷണിയാണ് എന്ന നിലപാടുണ്ടോ എന്ന ചോദ്യം ഇക്കാലത്ത് പ്രസക്തമാണോ എന്നറിയില്ല.
ഉത്തരവില്‍ gender-netural uniforms എന്ന് മാത്രം ബോള്‍ഡാക്കി with no religious obligation എന്ന് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ ഉയര്‍ത്തുന്ന gender- netural വാദങ്ങളുടെ വ്യാപ്തി മനസ്സിലാക്കാന്‍ ഈ ഉത്തരവ് സഹായകമാണ്.
സ്‌കൂളിലെ ഒരു കോ കരിക്കുലര്‍ ആക്ടിവിറ്റിയില്‍ ഒരു വിദ്യാര്‍ഥിക്ക് പങ്കെടുക്കണമെങ്കില്‍ അടിസ്ഥാനപരമായ മതാചാരപ്രകാരമുള്ള (Essential religiosu practice) ഉപേക്ഷിക്കണം എന്നു വരുന്നത് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വെക്കുന്ന മതേതരത്വ സങ്കല്‍പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതല്ലെന്നു മാത്രമല്ല ഭരണഘടന ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള മൗലികാവകാശത്തിന്റെ ലംഘനം കൂടിയാണ്.
ഇതൊരു പോലീസ് സേനയുമായി ബന്ധപ്പെട്ട നിലപാടാണ് എന്നതാണ് സര്‍ക്കാറിന്റെ ശക്തമായ വാദം. ശരിയാണെന്നു തോന്നാം. സേനയില്‍ എന്തൊക്കെ നടക്കുന്നു, എന്തൊക്കെ അനുവദിക്കുന്നു എന്നതൊക്കെ മാറ്റിവെച്ചാലും ലോകത്ത് തന്നെ വിവിധ ജനാധപത്യ രാജ്യങ്ങള്‍ പോലീസ് സേനയിലും സൈന്യത്തിലുമൊക്കെ വിശ്വാസ സ്വാതന്ത്രം യൂണിഫോമില്‍ അനുവദിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചു കഴിഞ്ഞ ഒരു കാലമാണിത്. ഇന്ത്യയില്‍ തന്നെ അത്തരം സേനാവിഭാഗങ്ങളുണ്ട്. ദേശീയ ഗാനം ചൊല്ലുന്ന സമയത്ത് വരെ ഇളവനുവദിക്കാന്‍ സാധ്യമാകുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്.അതിനെ ഭരണകൂടം എങ്ങനെ വ്യഖ്യാനിക്കുന്നു എന്നത് ആ ഭരണകൂടത്തിന്റെ രാഷ്ട്രീയമാണ്. അതിനാല്‍ ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയമാണ്. സര്‍ക്കാറിനെ ന്യായീകരിക്കാന്‍ ഇറങ്ങുന്നവര്‍ അവരവരുടെ മതേതര സങ്കല്‍പ്പം എത്ര ജനാധിപത്യ വിരുദ്ധവും സങ്കുചിതവുമാണ് എന്നാലോചിക്കുന്നത് നല്ലതാണ്.
ഈ ഉത്തരവിറക്കുന്നതിനു പകരം പരാതിക്കാരിയോട് പരാതി പിന്‍വലിക്കണമെന്നു ആവശ്യപെടാനാണ് പലവുരു ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നിലപാട് വ്യക്തമായ സ്ഥിതിക്ക് ഭരണഘടനാ രൂപീകരണ അസംബ്ലിയിലെ ചര്‍ച്ചകളുടെ കാലം തൊട്ട് നടക്കുന്ന മതേതരത്വത്തെ കുറിച്ചുള്ള സംവാദങ്ങള്‍ തുടരുന്ന തരത്തില്‍ ഈ നിയമഅവകാശരാഷ്ട്രീയ പോരാട്ടം തുടരേണ്ടതുണ്ട്. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പരാതിക്കാരിയും കുടുംബവും തീരുമാനിച്ചിട്ടുള്ളത്. തങ്ങളുടെ മതേതരത്വമെന്താണെന്നു ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചു തന്നെ പറയട്ടെ.
നിയമഭാഷയില്‍ ഇതിലെ ഇസ്‌ലാമോ ഫോബിയ വിശദീകരിക്കാനാവില്ല. പക്ഷെ ഈ അവകാശ പോരാട്ടത്തിനിടയില്‍ പല സന്ദര്‍ഭത്തിലും ആ കുടുംബം അതിഭീകരമായ സ്വഭാവത്തില്‍ അതനുഭവിച്ചിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറയാനാകും.ഈ നിലപാടുകള്‍ തന്നെയും മറ്റൊന്നല്ല.