വേട്ടക്കാരന് വോട്ട് ചെയ്യുന്ന ഇരകള്‍
ബീഫ് പോലും അവര്ക്ക്് വിഷയമല്ലാതായിരിക്കുന്നു. കഷ്ടിച്ച് ജീവിച്ചു പോകാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി, ഉന്തുവണ്ടിയില്‍ കച്ചവടം ചെയുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി, പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് കേള്ക്കാതിരിക്കാന്‍ വേണ്ടി മാത്രം, അവര്‍ 'വേട്ടക്കാരന്' തന്നെ വോട്ടു ചെയ്തു.
സുധാ മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എഴുതേണ്ട എന്ന് കരുതിയതാണ്. കണ്മുന്പില് കണ്ട യാഥാര്ഥ്യം പോലും കെട്ടുകഥകള് ആയി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ പലപ്പോഴും മൌനം പാലിക്കാനാണ് തോന്നുക. എങ്കിലും, ചില അനുഭവങ്ങള്‍ ഇപ്പോള്‍ പങ്കു വെച്ചില്ലെങ്കില്‍, അത് എത്രമേല്‍ വേദനിപ്പിക്കുന്നതാണെങ്കിലും, നമ്മളെ പിന്തുടര്ന്ന് ഉള്ളു പൊള്ളിക്കും. കിടന്നാല്‍ ഉറക്കം വരില്ല.
ചെറിയ പെരുന്നാളിന്, ഞാന്‍ ജുഹാപുരയില്‍ പോയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ഘെട്ടോ ആണ് അഹമ്മദാബാദിലെ ജുഹാപുര. സുഹൃത്തായ ഉസ്മാന്‍ഭായിയുടെ കുഞ്ഞുവീട്ടില്‍, അയല്പക്കക്കാരും ഉണ്ടായിരുന്നു. അവരുടെ ചര്ച്ച തിരഞ്ഞെടുപ്പിലേക്ക് വഴുതി വീണപ്പോള്‍ സ്വാഭാവികമായും ഞാന്‍ ശ്രദ്ധിച്ചു. ആര്‍ക്കാണ് ഇത്തവണ വോട്ടു ചെയ്തതെന്ന് ചോദിച്ചപ്പോള്‍, അല്പം മടിയോടെയാണെങ്കിലും അവര്‍ പറഞ്ഞ ഉത്തരം എന്നെ ഞെട്ടിച്ചു. " ഞങ്ങള്‍ ബാജ്പയ്ക്കും അമിത്ഷാ സാബിനും ആണ് വോട്ടു ചെയ്തതു". എന്റെ മുഖത്തെ അമ്പരപ്പ് അവരില്‍ അത്ഭുതം ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, അവര്‍ വിശദീകരിക്കാനും തയ്യാറായി. " "BJP ആണ് ഇന്ന് ഏറ്റവും ശക്തിയുള്ള പാര്‍ടി. അവരെ വെറുപ്പിച്ചാല്‍ നമ്മള്‍ ഒറ്റപ്പെട്ടുപോകും. ഞങ്ങള്‍ക്കും വികസനവും, നല്ല സ്ക്കൂളുകളും, പൊതു ടോയ്ലട്ടുകളും വേണം. ഇത് വരെ ഞങ്ങള്ക്ക്് ഒന്നും കിട്ടിയില്ല. മദ്രസകള്‍ അല്ലാതെ നല്ല സ്ക്കൂള്‍ പോലുമില്ല. ഒരുപക്ഷെ അവര്‍ക്ക് വോട്ടു ചെയ്‌താല്‍ ജുഹാപുരയിലും അവര്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം".
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി BJP നിങ്ങള്ക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്ന് തിരിച്ചു ചോദിച്ചപോള്‍, രണ്ടു കലാപങ്ങള്‍ നേരില്‍ കണ്ട, പലയിടത്ത് നിന്നും പലായനം ചെയ്ത വൃദ്ധനായ അസ്ലംഭായ് പറഞ്ഞ മറുപടി ഇതായിരുന്നു.
"മോളെ, മിനി പാക്കിസ്ഥാന്‍ എന്നോ രാജ്യ ദ്രോഹി എന്നോ നിരന്തരം കേള്ക്കാ ന്‍ താല്പര്യം ഇല്ല. ഒക്കെ മറക്കാന്‍ തയ്യാറാണ് ഞങ്ങള്‍. നിങ്ങളെപോലെ ഈ ഹിന്ദുസ്ഥാനില്‍ ജീവിച്ചു മരിക്കാന്‍ ആഗ്രഹിക്കുന്ന ചെറിയ സ്വപ്നങ്ങള്‍ മാത്രമുള്ള സാധാരണക്കാരാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് സുരക്ഷിതത്വം വേണം. ഇനിയും ഒരു വര്ഗീയ ലഹള കാണാന്‍ വയ്യ.. ആരും ഞങ്ങളെ ഇനിയും ആട്ടിയോടിക്കരുതു. അതു കൊണ്ട് ഞങ്ങള്‍ ശക്തരോടൊപ്പം നില്ക്കു ന്നു. കോണ്‍ഗ്രസിന് ഞങ്ങളെ രക്ഷിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് നിര്‍ജീവം ആണ്. ഓരോ ചെറിയ ആവശ്യങ്ങള്ക്കും ഞങ്ങള്‍ക്ക് ഒരു പാട് ഓടേണ്ടി വരുന്നു. BJP യില്‍ ചേര്ന്നാ ല്‍ എല്ലാം എളുപ്പമാകും. BJP ഞങ്ങളെ അന്ഗീകരിക്കാതെ ജീവിക്കാന്‍
ക ഴിയില്ല. അവര്‍ക്ക് വോട്ടു ചെയ്‌താല്‍ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കും".
ഞാന്‍ ഒന്നും മിണ്ടിയില്ല. ജുഹാപുരയുടെ ചരിത്രം ഓര്ത്തു് വെറുതെയിരുന്നു. അഹമ്മദാബാദ് നഗരത്തില്‍ പകുതിയോളം മുസ്ലിങ്ങള്‍- ഏകദേശം നാല് ലക്ഷം- താമസിക്കുന്നത് ജുഹാപുരയുടെ ഇടുങ്ങിയ, വൃത്തിഹീനമായ ഗലികളിലാണ്. കലാപങ്ങളുടെ, പലായനത്തിന്റെ, അരികുവല്ക്കരണത്തിന്റെ എല്ലാ അടയാളങ്ങളും പേറുന്ന ജുഹാപുര, സുന്ദരമായ നവലിബറല്‍ അഹമ്മദാബാദിന്റെ നോക്കുകുത്തി ആണെന്ന് പറയാം. നല്ല റോഡുകളും, വിദ്യാഭ്യാസസ്ഥാപനങ്ങളും, പൊതുസ്ഥാപനങ്ങളും ഒക്കെ ജുഹാപുരയുടെ കവാടങ്ങള്ക്ക് മുന്നില്‍ അവസാനിക്കുന്നു. 1973ലെ പ്രളയത്തില്‍ സബര്മതി കരകവിഞ്ഞു ഒഴുകിയപ്പോള്‍, നദീതീരത്തെ താമസക്കാരായിരുന്ന രണ്ടായിരത്തോളം വരുന്ന ഹിന്ദുക്കളെയും മുസ്ലിങ്ങളെയും മാറ്റി പാര്പ്പി ക്കാന്‍ വേണ്ടി ആയിരുന്നു ജുഹാപുര എന്ന ചേരി പടിഞ്ഞാറന്‍ അഹമ്മദാബാദില്‍ ഉയര്ന്നു വന്നത്. എന്നാല്‍ ബാബ്റി മസ്ജിദ് സംഭവത്തിനു ശേഷമുണ്ടായ വര്ഗീയലഹളയില്‍ ഹിന്ദുക്കള്‍ ഇവിടം വിട്ടുപോവുകയും, ജുഹാപുര പൂര്ണ്ണമായും ഒരു മുസ്ലിം ഘെട്ടോ ആയി മാറുകയും ചെയ്തു.
പിന്നീട്, രണ്ടായിരത്തി രണ്ടിലെ കലാപത്തിനു ശേഷം, നരോദപാടിയയിലെയും അസറവയിലെയും മറ്റും ഇരകള്‍ കൂട്ടത്തോടെ പലായനം ചെയ്തു ജുഹാപുരയെ അതിജീവനസങ്കേതം ആക്കുകയായിരുന്നു. അമിത് ഷാ പണ്ട് മിനി പാകിസ്താന്‍ എന്നായിരുന്നു ജുഹാപുരയെ വിളിച്ചിരുന്നത്. ജുഹാപുരയിലെ സാമൂഹ്യഘടന ഏകശിലാരൂപമല്ല. മറിച്ചു, ജാതിയും, പണവും, പൌരോഹിത്യവും, വഹാബിസവും, സൂഫിസവും, ആധുനികതയും, നവലിബറല്‍ ആശയങ്ങളും, ഒപ്പം ഗുജറാത്ത് സമൂഹത്തിന്റെ DNA ആയ വര്തകസംസ്കാരവും (mercantile Ethos) ഒക്കെ കുഴമറിഞ്ഞു കിടക്കുന്ന ഒന്നാണത്.
ഈ ജുഹാപുര ആണ് ഇന്ന് കൂട്ടത്തോടെ BJP ക്ക് വോട്ടു കൊടുത്തു ജയിപ്പിച്ചു എന്ന് പറഞ്ഞത്. അമിത് ഷായുടെ വന്‍ ഭൂരിപക്ഷത്തില്‍, ഗുജറാത് കലാപത്തിലെ ഇരകളുടെ വോട്ടു കൂടിയുണ്ട് എന്നത് വിരോധഭാസമായി തോന്നി. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുസ്ലിം സ്ഥാനാര്ഥിക്ക് ആയിരത്തില്‍ താഴെ വോട്ടു മാത്രമേ കിട്ടിയുള്ളൂ എന്നത് ആലോചിക്കണം. BJP ഒരു മുസ്ലിമിന് പോലും സീറ്റ് കൊടുത്തിട്ടില്ല. എന്നിട്ടും bjp ക്ക് വോട്ടു ചെയ്യാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. കോണ്ഗ്രസിന് വോട്ടു ചെയ്ത ധാരാളം പേര്‍ ഇപ്പോഴും ഉണ്ട്. എങ്കിലും അവര്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് അല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു.
ദേശിയതലത്തില്‍ ന്യുനപക്ഷങ്ങളോട് അനുഭാവം കാണിക്കുന്നത് കോണ്‍ഗ്രസ് ആണെങ്കിലും, സാധാരണ മുസ്ലിങ്ങള്‍ക്ക് ആവശ്യം, പ്രാദേശിക തലത്തിലെ രാഷ്ട്രീയ രക്ഷാകര്തൃത്വം ആണ്. ഇവിടെയാണ് BJPയുടെ strategy വിജയിച്ചത്. ദേശിയ തലത്തില്‍ ഹൈന്ദവ ഏകീകരണത്തിന് ശ്രമിക്കുകയും, മിലിട്ടന്റ് ഹിന്ദു നേതാക്കളെ സ്ഥാനാര്‍ഥി ആക്കുകയും ചെയ്തുവെങ്കിലും, പ്രാദേശിക തലത്തില്‍ അവര്‍ കൃത്യമായ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വികസനത്തില്‍ പങ്കാളികള്‍ ആക്കാമെന്നു മുസ്ലിങ്ങള്‍ക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. സഹകരണ ബാങ്കിലെ ലോണും, നല്ല കോളേജിലെ അഡ്മിഷനും, തൊട്ടടുത്ത മാളിലെ ജോലിയും ഒക്കെ ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക?
ജുഹാപുരയില്‍ മാത്രമല്ല, പലയിടത്തും, മുസ്ലിം സ്ത്രീകള്‍ അടക്കം വ്യാപകമായി BJP ക്ക് വേണ്ടി ഘെട്ടോകളില്‍ പ്രവര്തിക്കുന്നുണ്ട്. സര്ക്കാര്‍ കാര്യങ്ങള്‍ നടത്തി കിട്ടാനുള്ള ഏജന്റ്മാരായി BJPപ്രവര്ത്തകര്‍ ഇവര്ക്കി ടയില്‍ നില്ക്കു മ്പോള്‍ അധികാരത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത കോണ്ഗ്രെ സ്സുകാര്ക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. നോക്കി നില്ക്കാനല്ലാതെ..
ഇത്രയൊക്കെ കേട്ടിട്ടും, ആകെ സന്ദേഹത്തില്‍ ഉഴറിയ ഞാന്‍ ഇന്നലെ രാവിലെ സുഹൃത്തും, ഗുജറാത്തിലെ മുതിര്ന്നാ ദളിത്- ന്യുനപക്ഷ-സാമൂഹ്യ പ്രവര്‍ത്തകനും ആയ പ്രസാദിനോടാണ് Prasad Chacko ഇതേ പറ്റി പറഞ്ഞത്. പ്രസാദും മുസ്ലിങ്ങള്‍ക്കിടയില്‍ വര്ദ്ധിച്ചു വരുന്ന BJP ആഭിമുഖ്യം രണ്ടായിരത്തി പതിനാലു മുതലേ ഉള്ള ട്രെന്ഡ്‍ ആണെന്ന് എടുത്തു പറഞ്ഞു. തങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ കോന്ഗ്രസ് ഇടപെടാത്തതും മുസ്ലിങ്ങളെ അകറ്റാന്‍ ഇടയാക്കി എന്ന് പ്രസാദ് പറഞ്ഞു.
ആലോചിച്ചു നോക്കുക, ഗുജറാത്ത് കലാപവും, നരോദപാട്യയും, ഗുല്‍ബര്‍ഗ്ഗ സൊസൈറ്റിയും, ഇസ്രത് ജഹാനും, ജാഫ്രിയും, മറ്റു അസംഖ്യം പേരുകളും ഓരോ തിരഞെടുപ്പിലും ഉപയോഗിച്ചവരാണ് നമ്മള്‍ മലയാളികള്‍. ഒരുപക്ഷെ മോഡിക്ക് എതിരായ വിധിയെഴുത്തില്‍ മതേതര ലിബറല്‍ മലയാളിയെ ഏറ്റവും അധികം സ്വാധീനിച്ച ബിംബങ്ങളില്‍ പലതും, ജുഹാപുരയുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതാണ്. പലരുടെയും അടുത്ത ബന്ധുക്കള്‍ ഈ ഗലികളില്‍ ഉണ്ട്. എന്നിട്ടും, എന്നിട്ടും, അവര്‍ കൂട്ടത്തോടെ BJP ക്ക് വോട്ടു ചെയുന്നുവെങ്കില്‍, പ്രിയ സുഹൃത്തുക്കളെ, നമ്മള്‍ക്ക് പാടെ പിഴച്ചു പോയിരിക്കുന്നു.
ബീഫ് പോലും അവര്ക്ക്് വിഷയമല്ലാതായിരിക്കുന്നു. കഷ്ടിച്ച് ജീവിച്ചു പോകാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി, ഉന്തുവണ്ടിയില്‍ കച്ചവടം ചെയുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി, പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് കേള്ക്കാതിരിക്കാന്‍ വേണ്ടി മാത്രം, അവര്‍ 'വേട്ടക്കാരന്' തന്നെ വോട്ടു ചെയ്തു.
ഞാനും നിങ്ങളും, കോന്ഗ്രസ്സും, ഇടതുപക്ഷവും, മഹാഘട്ടബന്ധനും-ഒക്കെ BJPയുടെ വിപുലമായ പദ്ധതികളെകുറിച്ച് യാതൊരു ധാരണയും ഇല്ലാതെ വെറുതെ വെള്ളത്തില്‍ വര വരയ്ക്കുകയായിരുന്നു, ഇതുവരെ.
ഇത് തന്നെ ആയിരിക്കും മിക്കവാറും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഭവിച്ചിരിക്കുക. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന നേതാക്കളോ പൊതു പ്രവര്‍ത്തകരോ പ്രതിപക്ഷത്തിന് ഇല്ലാതെ പോയി. ഇരയെ കൊണ്ട് പോലും വേട്ടക്കാരന് വോട്ടു ചെയ്യിപ്പിക്കാന്‍ BJP ക്ക് കഴിഞ്ഞത് Local-patronage politics അതിസമര്ത്ഥമായി-പണവും, അധികാരവും ഉപയോഗിച്ച്- പ്രയോഗിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ്.
വോട്ടു ബാങ്ക് എന്നത് ഒരു വലിയ മിത്ത് ആയി മാറിയിരിക്കുന്നു. മുസ്ലിം വോട്ടു ബാങ്ക് പോലും ഫാസിസത്തിനെതിരെ 'taken for granted' ആണ് എന്ന പൊതുബോധം തന്നെ തെറ്റാണ്. ഇത് തിരിച്ചറിയാതെ, പ്രാദേശിക തലത്തില്‍ അഡ്രെസ്സ് ചെയ്യാതെ ഒരിഞ്ചു പോലും നീങ്ങാന്‍ ആര്‍ക്കും കഴിയില്ല.
പക്ഷെ, രാഹുലിന് പകരം സച്ചിന്‍, വേണുഗോപാലിന് പകരം ശിവകുമാര്‍, അല്ലെങ്കില്‍ സിന്ധ്യ, പവാറിന്റെയും മമതയുടെയും
തിരിച്ചു വരവ് തുടങ്ങിയ ഹാഷ്ടാഗിലും സമവാക്യങ്ങളിലും തന്നെ വീണ്ടും വീണ്ടും ചുറ്റിതിരിഞ്ഞാല്‍ ഒരിക്കലും തിരിച്ചു വരവുണ്ടാകില്ല.