ആണത്തമുണ്ടെങ്കില്‍ നേര്‍ക്ക് നേരെ നിന്ന് വെക്കടാ വെടി....

Update: 2019-01-20 16:22 GMT

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ 97ാം രക്തസാക്ഷിദിനത്തില്‍ എ എം നദ്‌വിയുടെ ഫേസ്ബുക്ക് പോസ്റ്റ്.....

ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി നിര്‍ത്തി പുറകില്‍ നിന്നും വെടിവെച്ച് കൊല്ലാതെ ആണത്തമുണ്ടെങ്കില്‍ നേര്‍ക്ക് നേരെ നിന്ന് വെക്കടാ വെടി..എനിക്ക് ഈ നാടിന്റെ മണ്ണ് കണ്ട് മരിക്കണം.....' ബ്രിട്ടീഷ് പട്ടാള കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയെ വിറപ്പിച്ച ഈ ശബ്ദം ആരുടേതാണെന്നറിയാമോ..?

അതാണു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നമ്മോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 97വര്‍ഷം.

1922 ജനുവരി 20 ..രാവിലെ 10 മണി....മലപ്പുറം കോട്ടക്കുന്നിന്റെ ചരിവില്‍...മൂന്ന് വെടിയൊച്ചകള്‍ ഉയര്‍ന്നു,

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന ആ ധീരദേശാഭിമാനി വെള്ളക്കാരന്റെ വെടിയുണ്ടയേറ്റ് വീരമരണം പ്രാപിച്ചു.

അദ്ദേഹത്തിന്റെ പിതാവ് ധീരദേശാഭിമാനിയായിരുന്നു. 1894ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരേ നടന്ന മണ്ണാര്‍ക്കാട്ട് യുദ്ധത്തില്‍ പങ്കെടുത്തതിന് പിതാവിനെ ബ്രിട്ടീഷുകാര്‍ ആന്തമാനിലേക്ക് നാടുകടത്തി. മണ്ണാര്‍ക്കാട് ലഹള അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്നു. ജന്മനാ കൈവന്ന ബ്രിട്ടീഷ് വിരോധം, പിതാവ് നാടുകടത്തപ്പെട്ടതോടെ മൂര്‍ച്ഛിച്ചു. പരസ്യമായ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയതും അതോടെയാണ്. സമരങ്ങള്‍ക്ക് നേതൃത്വം നല്കണമെന്നാവശ്യപ്പെട്ട് അക്കാലത്തെ പ്രമുഖ പണ്ഡിതന്മാര്‍ക്കെല്ലാം അദ്ദേഹം കത്തയച്ചു. ഈ കത്തുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാനൊരുങ്ങി. അവര്‍ക്ക് പിടികൊടുക്കാതെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ് ഹാജി നാടുവിട്ടു. ആ യാത്ര ചെന്നവസാനിച്ചത് വിശുദ്ധ മക്കയിലായിരുന്നു. മൂന്നു വര്‍ഷത്തെ മക്കാജീവിതം അദ്ദേഹത്തെ നിപുണനായ ഒരു പണ്ഡിതനാക്കി മാറ്റി.

മലബാര്‍ സമരത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടില്‍ മടങ്ങിയെത്തിയെങ്കിലും ജന്മനാട്ടില്‍ താമസിക്കാന്‍ ഗവണ്‍മെന്റ് അനുവദിച്ചില്ല. അതുകാരണം മൊറയൂരിനടുത്ത് പോത്തുവെട്ടിപ്പാറയിലായിരുന്നു ആദ്യം താമസിച്ചത്. മലബാര്‍ കലക്ടര്‍ ഇന്നിസിനെ കരുവാരക്കുണ്ട് വെച്ച് പതിയിരുന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഹാജി കുറ്റക്കാരനാണെന്ന് ബ്രിട്ടീഷ് രേഖകളിലുണ്ട്.അതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു.

അക്കാലത്ത് അദ്ദേഹത്തിന് അനേകം പോത്തുവണ്ടികളുണ്ടായിരുന്നു. അവയില്‍ മരം കയറ്റി കോഴിക്കോട്ടേക്ക് പോകും. ഏറനാട്, വള്ളുവനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ വ്യാപാര പ്രമുഖരുമായും സാധാരണ തൊഴിലാളികളുമായും നല്ല ബന്ധമുണ്ടാക്കാന്‍ ഇത് സഹായമേകി. മലബാര്‍ സമരകാലത്ത് പോത്തുവണ്ടി, കാളവണ്ടി ഉടമകളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിനും ജന്മിമാര്‍ക്കുമെതിരെ അണിനിരത്താന്‍ നേതൃത്വം നല്‍കി.

ഖിലാഫത്ത് പ്രസ്ഥാനം ശക്തിയാര്‍ജിച്ചപ്പോള്‍ കുഞ്ഞഹമ്മദ് ഹാജി സജീവ പ്രവര്‍ത്തകനായി. ആലി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, എം പി നാരായണമേനോന്‍ തുടങ്ങിയവരായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ഹാജിയുടെ ഉറ്റ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. ആലി മുസ്‌ലിയാരെയാണ് നേതാവായി ഹാജി അംഗീകരിച്ചത്.

1921 ആഗസ്തില്‍ തിരൂരങ്ങാടിയില്‍ പട്ടാളം നടത്തിയ ക്രൂരമായ നരനായാട്ടിനെ തുടര്‍ന്നു ഹാജി കൂടുതല്‍ കര്‍മശക്തിയാര്‍ജിച്ച് രംഗത്തുവന്നു. ആനക്കയത്തു നിന്ന് ആറായിരത്തിലധികം ആയുധധാരികളായ ഖിലാഫത്ത് പോരാളികളോടൊപ്പം അദ്ദേഹം ആഗസ്ത് 22ന് പുറപ്പെട്ടു. കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ട സംഘം പാണ്ടിക്കാട് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തോക്കും ആയുധങ്ങളും കൈക്കലാക്കി. മഞ്ചേരിയില്‍ കൊള്ള നടക്കുന്നുവെന്നറിഞ്ഞ് സംഘം അങ്ങോട്ടുപോയി. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മാത്രമല്ല, അവരെ സഹായിക്കുന്ന ഒറ്റുകാരായ ഹിന്ദുമുസ്‌ലിം ജന്മിമാര്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. 1921 ആഗസ്ത് 29ന് കുഞ്ഞഹമ്മദ് ഹാജിയും സംഘവും റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തി. 1894ലും 1897ലും നടന്ന മാപ്പിളമാരുടെ സായുധസമര കാലത്ത് ഇന്‍സ്‌പെക്ടറായിരുന്ന ചേക്കുട്ടി വാരിയംകുന്നത്തിന്റെ കുടുംബത്തെ അതിക്രൂരമായി മര്‍ദിച്ചിരുന്നു.1921 ആഗസ്ത് 25ന് നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഹാജിയും അനുയായികളും ശ്രമിച്ചെങ്കിലും അവരെത്തിയപ്പോഴേക്ക് യുദ്ധം കഴിഞ്ഞിരുന്നു. പൂക്കോട്ടൂര്‍ നിവാസികള്‍ക്ക് സാന്ത്വനം നല്‍കി കുറച്ചുകാലം അദ്ദേഹം അവിടെ താമസിച്ചു. . 1921 ഒക്‌ടോബര്‍ 28ന് സായുധ യോദ്ധാക്കളോടൊപ്പം കൊണ്ടോട്ടിയിലെത്തി. വഴിയില്‍ വെച്ച് ഒട്ടേറെ മതപണ്ഡിതന്മാരും മുസ്‌ലിം യുവാക്കളും സംഘത്തില്‍ ചേര്‍ന്നു. ഹാജിയും കൂട്ടരും ഖുബ്ബയിലേക്ക് വരുന്നതു കണ്ട നസ്വ്‌റുദ്ദീന്‍ തങ്ങള്‍, കാര്യസ്ഥന്‍ കോയ ഹസന്‍ കോയ അധികാരി, അത്തറക്കാട്ട് കുട്ട്യസ്സന്‍ എന്നിവര്‍ ഇരട്ടക്കുഴല്‍ തോക്കെടുത്ത് തുരുതുരാ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഹാജിയുടെ സംഘത്തിലെ കമ്മു കൊല്ലപ്പെട്ടു.അവരെ കീഴ്‌പെടുത്തിയ ഹാജിയും അനുയായികളും കൊണ്ടോട്ടിയില്‍ നിന്ന് അരീക്കോട്ടേക്ക് യാത്രയായി. അവിടെ നിന്ന് കുറെ പേരെ കൂട്ടി നിലമ്പൂരിലേക്കും പോയി. പിന്നീട് നിലമ്പൂരായിരുന്നു വാരിയംകുന്നത്തിന്റെ ഖിലാഫത്ത് ആസ്ഥാനം.തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ പലര്‍ക്കായി അദ്ദേഹം ചുമതല നല്‍കി. സഹോദരന്‍ മൊയ്തീന്‍കുട്ടിക്ക് നിലമ്പൂര്‍ പുഴയുടെ വടക്കുഭാഗങ്ങളും, ചുങ്കത്തറയും ചുറ്റുമുള്ള സ്ഥലങ്ങളും വാരിയംകുന്നത്ത് കുഞ്ഞുട്ടിഹാജിക്കും എടക്കരയും പരിസര പ്രദേശങ്ങളും ചക്കുംപുറത്ത് ആലിക്കുട്ടിക്കും, കൂറ്റമ്പാറ പ്രദേശങ്ങള്‍ ഉണ്ണിത്തറിക്കും കരുവാരക്കുണ്ട്, കാളികാവ് ദേശങ്ങള്‍ വാരിയംകുന്നത്ത് കോയാമുഹാജിക്കും നല്‍കി. നീതിനിര്‍വഹണത്തില്‍ അവരെല്ലാം ഹാജിയുടെ കല്‍പനകള്‍ പൂര്‍ണമായും അനുസരിച്ചു.

സപ്തംബര്‍ 20ന് വെള്ളിനേഴിക്കടുത്ത് വെച്ച് മാപ്പിള നേതാക്കളുടെ സമ്മേളനം വാരിയംകുന്നത്ത് വിളിച്ചുചേര്‍ത്തു. ഖിലാഫത്ത് പ്രക്ഷോഭത്തെ വിജയകരമായി മുന്നോട്ടുനയിക്കാവുന്ന സുപ്രധാന തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊണ്ടു.

ഹിന്ദുപ്രജകളുടെ പരാതികള്‍ കുഞ്ഞഹമ്മദ് ഹാജി ഒത്തുതീര്‍പ്പാക്കി. സമുദായങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും നിലനിര്‍ത്താന്‍ അദ്ദേഹം നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു.വാരിയംകുന്നത്ത് സ്ഥാപിച്ച കോടതി മൂന്നുപേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തിയതായിരുന്നു അവര്‍ക്കെതിരെയുണ്ടായിരുന്ന കുറ്റം. റോഡ്, കടവുകള്‍ എന്നിവയില്‍ ചുങ്കം പിരിവ് ആരംഭിച്ചത് ഹാജിയായിരുന്നു. സമര ഭടന്മാരുടെ രജിസ്റ്റര്‍ ഉണ്ടാക്കി, . ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് കണ്ടെടുത്ത സിഗ്‌നല്‍ സിസ്റ്റം ഉപയോഗിച്ച് പട്ടാളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മ നിരീക്ഷണത്തിലാക്കി. ബ്രിട്ടീഷ് രീതിയില്‍ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. കലക്ടര്‍, ഗവര്‍ണര്‍, വൈസ്രോയി, രാജാവ് എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളും അനുസരിച്ചു. വാര്‍ത്താ വിനിമയ രീതിയും പകര്‍ത്തി.

വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ക്രൂരമര്‍ദനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഹാജിയും സംഘവും ഗറില്ലായുദ്ധം പരീക്ഷിച്ചു. ബ്രിട്ടീഷുകാരെ ഞെട്ടിച്ച യുദ്ധമുറയായിരുന്നു ഇത്. 400 പേരടങ്ങുന്ന ഹാജിയുടെ സംഘം പാണ്ടിക്കാട്ടെ ഒരു ഗൂര്‍ഖാ ക്യാമ്പ് ഒരു രാത്രികൊണ്ട് ആക്രമിച്ച് 75 ഗൂര്‍ഖകളെ കൊന്നൊടുക്കി. കുപിതരായ ബ്രിട്ടീഷുകാര്‍ മാപ്പിളവീടുകള്‍ കയ്യേറി ബയണറ്റുകൊണ്ട് പുരുഷന്മാരെ കുത്തിക്കൊന്നു. സ്ത്രീകളെ അപമാനിച്ചശേഷം വെട്ടിക്കൊന്നു. ആലി മുസ്‌ല്യാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും നെല്ലിക്കുത്തിലെ വീടുകള്‍ കൈബോംബുകൊണ്ട് ചുട്ടെരിച്ചു.

പാണ്ടിക്കാട്ടെ പട്ടാളക്യാമ്പ് ആക്രമിക്കാന്‍ ചെമ്പ്രശ്ശേരി തങ്ങളുമായി ചേര്‍ന്ന് പദ്ധതിയൊരുക്കിയതും കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. കാളികാവിനടുത്ത കല്ലാമൂലയില്‍ വെച്ചു നടന്ന ഏറ്റുമുട്ടലില്‍ ഹാജിയുടെ സൈന്യത്തിലെ 35 പേര്‍ കൊല്ലപ്പെട്ടു. അതിനെത്തുടര്‍ന്ന് ഗൂഡല്ലൂര്‍ പോലീസ് ട്രയിനിംഗ് ക്യാമ്പ് ആക്രമിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തി.

1922 ജനുവരി 20ന് രാവിലെ മലപ്പുറം കോട്ടക്കുന്നിന്റെ ചരിവില്‍ ആ ഇതിഹാസം അസ്തമിച്ചു.

1921 ആഗസ്ത് 20ന് കലക്ടര്‍ തോമസ്, ഹിച്ച് കോക്ക് എന്നിവര്‍ തിരൂരങ്ങാടിയില്‍ വച്ച് വാരിയന്‍കുന്നന്റെ സേനയോടു തോറ്റോടിയപ്പോള്‍ ലണ്ടന്‍ ടൈംസ് എന്ന ഇംഗ്ലീഷ് പത്രം മലബാറില്‍ ഇംഗ്ലീഷ് ഭരണം അവസാനിച്ചെന്നാണ് എഴുതിയത്.

വാരിയന്‍കുന്നന്റെ വിപ്ലവവീര്യത്തിന്റെ അലയൊലികള്‍ ലണ്ടനില്‍ ബ്രിട്ടീഷ് ആസ്ഥാനങ്ങളില്‍പ്പോലും കോളിളക്കം സൃഷ്ടിച്ചു. മരണത്തെപ്പോലും നിര്‍ഭയമായി നേരിട്ട ആ വിപ്ലവകാരിയുടെ രക്തസാക്ഷിത്വം കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത് നേരിനൊപ്പം നില്‍ക്കാന്‍ ആ ഓര്‍മകള്‍ നമുക്കു കരുത്തുപകരട്ടെ.

( മലപ്പുറം ബന്ധമാരോപിക്കപ്പെട്ട ആലപ്പാട്ട് ജനകീയ സമരത്തിന് സമര്‍പ്പിക്കുന്നു.)



#വാരിയൻകുന്നത്ത് #കുഞ്ഞഹമ്മദാജി #രക്തസാക്ഷിദിനം ``ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി നിർത്തി പുറകിൽ നിന്നും വെടിവെച്ച്...

Posted by A M Nadwi on Saturday, 19 January 2019


Tags:    

Similar News